ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ അറവുശാലകളും മാംസവില്‍പന കടകളും അടച്ചിടണമെന്ന രാജ്യത്തെ ചില മുനിസിപ്പൽ കോര്‍പറേഷനുകളുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവില്‍പനക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ നിര്‍ദേശത്തിനെതിരേ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. നഗരസഭ നിര്‍ദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഉവൈസി വിമര്‍ശിച്ചു. ‘ഇന്ത്യയിലെ പല നഗരസഭകളും അറവുശാലകളും മാംസവില്‍പന കേന്ദ്രങ്ങളും ആഗസ്റ്റ് 15ന് അടച്ചിടണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പൽ കോര്‍പറേഷനും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ക്രൂരവും ഭരണഘടനാവിരുദ്ധവുമാണ്. മാംസം കഴിക്കുന്നതും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? തെലങ്കാനയിലെ 99 ശതമാനം ജനങ്ങളും മാംസം കഴിക്കുന്നവരാണ്. ഈ മാംസനിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്‌കാരം, പോഷകാഹാരം, മതം എന്നിവക്കുള്ള അവകാശങ്ങളെ ലംഘിക്കുന്നതാണ്’ -ഉവൈസി എക്സിൽ കുറിച്ചു.
മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗര്‍, കല്യാണ്‍ ഡോംബിവാലി, മലേഗാവ്, നാഗ്പുര്‍ ഉൾപ്പെടെയുള്ള മുനിസിപ്പൽ കോർപറേഷനുകളും സമാന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിർദേശത്തിൽ സംസ്ഥാനത്തെ ഭരണകക്ഷി രണ്ടു തട്ടിലാണ്. എൻ.സി.പി നിയന്ത്രണത്തെ ചോദ്യം ചെയ്യുമ്പോൾ, ബി.ജെ.പി നേതാക്കൾ ന്യായീകരിച്ച് രംഗത്തെത്തി.
‘സ്വാതന്ത്ര്യദിനത്തിൽ എന്തു കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നാവരാത്രിക്കു പോലും ഞങ്ങളുടെ പ്രസാദത്തിൽ മൽസ്യവും ചെമ്മീനുമൊക്കെയുണ്ട്. ഇതാണ് ഞങ്ങളുടെ സംസ്കാരവും ഹിന്ദുത്വവും..’ -ഉത്തരവിനെതിരെ ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും പ്രതിഷേധമറിയിച്ചു. വിശ്വാസത്തിന്റെ പേരിലാണെങ്കിൽ മനസിലാക്കാം. എന്നാൽ സ്വാതന്ത്ര്യദിനത്തിലെ നിരോധനം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.