"ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുമുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് ഇലക്ട്രറൽ റോളിൽ ഉണ്ടായിരുന്നു." ആരോപണവുമായി ബി.ജെ.പി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് ഇലക്ട്രറൽ റോളിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് ഗുരുതര ആരോപണവുമായി ബി.ജെ.പി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടന്ന വോട്ടർ ലിസ്റ്റിലെ ക്രമക്കേടുകൾ കോൺഗ്രസ് തുറന്നു കാട്ടിയതിനെ തുടർന്ന് വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

ബി.ജെ.പി എം.പി അനുരാഗ് താക്കൂറാണ് പത്ര സമ്മേളനത്തിൽ വെച്ച് കോൺഗ്രസ് എം.പി കൂടിയായ സോണിയാ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇറ്റലിയിൽ ജനിച്ച സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മൂന്നു മാസം മുമ്പ് 1980ൽ ആണ് വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്നാണ് ആരോപണം.

ബി.ജെ.പി ഐ.ടി സെൽ ചീഫ് അമിത് മാളവ്യ എക്സ് പോസ്റ്റിൽ പങ്കുവെച്ച 1980ലെ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിന്‍റെ പകർപ്പിനെ ഉദ്ധരിച്ചാണ് താക്കൂറിന്‍റെ ആരോപണം. ഇതിൽ സഫ്ദാർ റോഡിലെ 145 നമ്പർ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിൽ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേകാ ഗാന്ധി എന്നിവരുടെ പേരുകൾക്കൊപ്പം സോണിയാ ഗാന്ധിയുടെ പേരും ഉള്ളതായി കാണാം. ആ സമയത്തും സോണിയ ഇറ്റാലിയൻ പൗരയായിരുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നു.

1947ൽ ഇറ്റലിയിൽ ജനിച്ച സോണിയാ ഗാന്ധി 1968ലാണ് രാജീവ് ഗാന്ധിയെ വിവാഹം ചെയ്യുന്നത്. 1950ലെ റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരം ഇന്ത്യൻ പൗരത്വം ഇല്ലാത്തൊരാൾക്ക് ഇലക്ട്രറൽ റോളിൽ പേര് ചേർക്കാൻ കഴിയില്ല.1980 ജനുവരി 1ന് ന്യൂഡൽഹി പാർലമെന്‍ററി മണ്ഡലത്തിലെ ഇലക്ട്രറൽ റോൾ പുതുക്കി. അതിൽ സോണിയാ ഗാന്ധിയുടെ പേര് 145ാം നമ്പർ പോളിങ് സ്റ്റേഷനിലെ 388ാം നമ്പറിൽ ചേർക്കപ്പട്ടുവെന്ന് മാളവ്യ ആരോപിച്ചു. 1982ൽ പേര് നീക്കം ചെയ്ത് 1983ൽ വീണ്ടും കൂട്ടിച്ചേർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. 1983 ഏപ്രിൽ 30നാണ് സോണിയക്ക് പൗരത്വം ലഭക്കുന്നത്. എന്നാൽ വോട്ടർ ലിസ്റ്റിൽ പേരു ചേർക്കുന്നത് ജനുവരി 1നും.

"അടിസ്ഥാന പൗരത്വ യോഗ്യത പോലും നേടാതെ രണ്ടു തവണയാണ് സോണിയയുടെ പേര് ഇലക്ട്രറൽ റോളിൽ ചേർത്തതെന്നാണ് മാളവ്യയയുടെ ആരോപണം. രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചിട്ടും ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ എന്തുകൊണ്ട് 15 വർഷം എടുത്തുവെന്ന് ഞങ്ങൾ ചോദിക്കുന്നില്ല. എന്നാൽ ഇതിനെല്ലാം പിന്നിൽ തെരഞ്ഞടുപ്പ് ക്രമക്കേടല്ലേ?" മാളവ്യ ചോദിക്കുന്നു.

Tags:    
News Summary - bjp's allegation against sonia gandhi's name on electoral role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.