തഹാവൂർ റാണ

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ എട്ട് വരെ നീട്ടി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂർ ഹുസൈൻ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ എട്ട് വരെ നീട്ടി. പ്രത്യേക എൻ.ഐ.എ കോടതിയാണ് കേസ് പരിഗണിച്ചത്. റാണയുടെ മുൻ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് (ആഗസ്റ്റ് 13ന്) അവസാനിക്കും. ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) വിഡിയോ കോൺഫറൻസിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്.

പുതിയ അഭിഭാഷകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് റാണയുടെ സഹോദരന് മൂന്ന് ഫോൺ കോളുകൾ വിളിക്കാനും എൻ.ഐ.എ കോടതി അനുമതി നൽകി. ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് കേസ് നിലവിൽ രേഖകളുടെ പരിശോധന ഘട്ടത്തിലാണ്. കുടുംബവുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച അപേക്ഷ ജൂലൈ 15ന് കോടതി പരിഗണിച്ചിരുന്നു. മുംബൈ ആക്രമണത്തിലെ പ്രധാന വ്യക്തിയും നിലവിൽ യു.എസിൽ തടവിൽ കഴിയുന്നതുമായ ഹെഡ്‌ലിയുമായി റാണക്ക് ബന്ധമുണ്ടെന്ന് എൻ‌.ഐ‌.എ ആരോപിക്കുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും യു.എസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ് ലിയുമായി അടുത്ത ബന്ധം ഉള്ളയാളാണ് റാണ. ഏപ്രിൽ4ന് ഇന്ത്യക്ക് കൈമാറുന്നതുമായ ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജി യു.എസ് സുപ്രീംകോടതി തള്ളിയതിനെതുടർന്നാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്.

2008 നവംബർ26നാണ് പത്തു പേരടങ്ങുന്ന പാകിസ്താനി തീവ്രവാദികൾ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ആഡംബര ഹോട്ടലിലും ജ്യൂത കേന്ദ്രത്തിലും ഭീകരാക്രമണം നടത്തിയത്. ആക്രണമത്തിൽ വിദേശികളുൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രണമത്തിൽ പങ്കെടുത്ത അജ്മൽ കസബ് എന്ന ഭീകരനെ മാത്രമാണ് ജീവനോടെ പിടികൂടിയത്. 2012 നവംബറിൽ കസബിനെ വധ ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.

Tags:    
News Summary - Tahawwur Ranas Judicial Custody Extended Till September 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.