തിങ്കളാഴ്ചത്തെ ദൗത്യം കഴിഞ്ഞ് കാടിറങ്ങിയ സംഘം
മംഗളൂരു: ധർമസ്ഥല ക്ഷേത്ര നഗരിയുമായി ബന്ധപ്പെട്ട നിഗൂഢത അനാവരണം ചെയ്യുന്നതിനുള്ള നിർണായക ദൗത്യം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തിങ്കളാഴ്ച ആരംഭിച്ചു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണ ജീവനക്കാരനുമായി സംഘം തെളിവെടുപ്പ് തുടങ്ങി.
നേത്രാവതി സ്നാനഘട്ടത്തിൽനിന്ന് പരാതിക്കാരൻ നടന്നു തുടങ്ങിയ വഴികളിലൂടെ സഞ്ചരിച്ച എം.എൻ. അനുചേത്, ജിതേന്ദ്ര കുമാർ ദയാമ, സി.എ. സൈമൺ എന്നിവരുൾപ്പെടെയുള്ള എസ്.ഐ.ടി ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ കടന്നു. അയാൾ ചൂണ്ടിക്കാണിച്ചയിടങ്ങൾ അടയാളപ്പെടുത്തുകയാണ് എസ്.ഐ.ടി തിങ്കളാഴ്ച ചെയ്തത്.
എസ്.ഐ.ടി സംഘം പരാതിക്കാരനുമായി വനത്തിൽ
മംഗളൂരു കദ്രിയിലെ പൊതുമരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ശനി, ഞായർ ദിവസങ്ങളിൽ മണിക്കൂറുകൾ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയും ദൃശ്യവത്കരിക്കുകയും ചെയ്ത ശേഷമാണ് തിങ്കളാഴ്ച ശവങ്ങൾ സംസ്കരിച്ചതായി പറയുന്ന മേഖലയിലേക്ക് പരാതിക്കാരനെ കൊണ്ടുപോയത്. ഉച്ചയോടെ ശക്തമായ പൊലീസ് സുരക്ഷയിൽ കുളിക്കടവ് പ്രദേശത്ത് എത്തിച്ചപ്പോൾ പ്രത്യേക സ്ഥലം ചൂണ്ടിക്കാണിച്ചു.
അവിടം അടയാളപ്പെടുത്തി. തുടർന്നാണ് കാടുകയറിയത്. മുഖം മൂടിയണിയിച്ച നിലയിൽ പരാതിക്കാരനുമായി എസ്.ഐ.ടി എത്തിയപ്പോൾ വലിയ ആൾക്കൂട്ടം തടിച്ചുകൂടിയെങ്കിലും പൊലീസ് വലയം തീർത്ത് തടഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ധർമസ്ഥലയിൽ പത്തു വർഷത്തോളം ശുചീകരണ തൊഴിലാളിയായിരുന്നയാൾ തന്റെ തൊഴിൽകാലത്തെ കൂട്ട ശവസംസ്കാരം സംബന്ധിച്ച് ബംഗളൂരുവിലെ രണ്ട് അഭിഭാഷകർ മുഖേന ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുണിന് സമർപ്പിച്ച വെളിപ്പെടുത്തലാണ് ഇപ്പോൾ അന്വേഷണ ഘട്ടത്തിലുള്ളത്.
എസ്.പിയുടെ നിർദേശപ്രകാരം ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും സംരക്ഷണം കൂടി പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും സാക്ഷി സംരക്ഷണ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. സംസ്ഥാന വനിത കമീഷൻ ഉൾപ്പെടെ വിവിധ തലങ്ങളിൽനിന്നുള്ള ആവശ്യം പരിഗണിച്ച് സർക്കാർ ഈ മാസം 19ന് ഡി.ജി.പി പ്രണബ് കുമാർ മൊഹന്തി തലവനായി കർണാടക സർക്കാർ എസ്.ഐ.ടി രൂപവത്കരിച്ചിരുന്നു.
മംഗളൂരു: ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിങ്കളാഴ്ച പരാതിക്കാരന് ഒപ്പം വനത്തിൽ ആറ് മണിക്കൂർ പരിശോധന നടത്തി. ഇരുട്ടായതോടെ നിറുത്തുമ്പോഴേക്കും 13 സ്ഥലങ്ങൾ അടയാളപ്പെടുത്തി. ചൊവ്വാഴ്ച പ്രക്രിയ പുനരാരംഭിക്കുമെന്ന് എസ്ഐടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.