തൊഴിൽ അന്വേഷകരായ തിരികെ വന്ന പ്രവാസികൾക്കും ഒപ്പം തൊഴിൽ ദാതാക്കളായ സ്ഥാപന ഉടമകൾക്കും ഒരു പോലെ പ്രയോജനപ്രദമാണ് നോർക്കയുടെ ‘നെയിം’ പദ്ധതി (നോർക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്). 2024 ഒക്ടോബറിലെ സർക്കാർ ഉത്തരവ് പ്രകാരം നോർക്ക റൂട്സ് നെയിം പദ്ധതി നടപ്പിലാക്കിവരുന്നു. തിരികെ വന്ന പ്രവാസികൾക്ക് വർഷം കുറഞ്ഞത് ഒരുലക്ഷം തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
കേന്ദ്ര / സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾ പാലിച്ച്, നിയമപരമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിനും ഈ പദ്ധതി പ്രകാരം പ്രവാസികളെ നിയമിക്കാവുന്നതാണ്. ഉദാഹരണത്തിന് സഹകരണ/വ്യവസായ/സമാന വകുപ്പുകളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിൽ/വ്യവസായ/സേവന/സംരംഭക സഹകരണ സംഘങ്ങൾ, ഇ.എസ്.ഐ, ഇ.പി.എഫ് പദ്ധതികളിൽ അംഗങ്ങളായ സ്ഥാപന ഉടമകൾ, എൽ.എൽ.പികൾ , സ്വകാര്യ / പൊതു ലിമിറ്റഡ് കമ്പനികൾ, ഉദ്ധ്യം രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ തുടങ്ങി നിയമപരമായി ഏത് മേഖലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്ക് ഈ പദ്ധതി പ്രകാരം തൊഴിൽ ദാതാവായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിബന്ധന പാലിച്ചുകൊണ്ട് തിരികെ വന്ന പ്രവാസികൾക്ക് ഒരുവർഷം പൂർണമായും തൊഴിൽ നൽകുന്ന സ്ഥാപന ഉടമക്ക് ഓരോ തൊഴിലാളിയുടെയും ഒരുദിവസത്തെ വേതനത്തിന്റെ പകുതി (പരമാവധി 400 രൂപ) ഇതിൽ ഏതാണോ കുറവ് അത് നോർക്ക റൂട്സിൽനിന്ന് വേജ് കോമ്പൻസേഷൻ ഇനത്തിൽ ലഭിക്കുന്നതാണ്. പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതമാണ് ലഭിക്കുക. അതായത് പരമാവധി 40,000 രൂപവരെ.
ഒരു മുൻ പ്രവാസിക്ക് ആദ്യത്തെ ഒരുവര്‍ഷമേ പദ്ധതി ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. ഒരു തൊഴിലുടമക്ക് പരമാവധി 50 പേരെവരെ പദ്ധതി പ്രകാരം നിയമിക്കാവുന്നതാണ്.
നോർക്ക റൂട്സ് വെബ്സൈറ്റ് (www.norkaroots.org) സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി തൊഴിൽദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാം.
ഉദ്യോഗാർഥികള്‍ക്ക് നോർക്ക റൂട്സ് വെബ്സൈറ്റ് (www.norkaroots.org) സന്ദർശിച്ച് വിജ്ഞാപനത്തിൽ സൂചിപ്പിച്ച യോഗ്യതയുള്ള പക്ഷം ഓൺലൈനായി അപേക്ഷ നല്‍കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.