അയർലൻഡിൽ വംശീയാതിക്രമം നേരിട്ട ഇന്ത്യൻ കുടുംബം
ഡബ്ലിൻ: ഇന്ത്യൻ വംശജയായ ആറുവയസുകാരി അയർലൻഡിൽ വംശീയാതിക്രമത്തിന് ഇരയായി. കോട്ടയത്ത് നിന്ന് അയർലൻഡിലേക്ക് കുടിയേറിയ കുടുംബത്തിന്റെ ആറുവയസുകാരിയായ നിയ നവീൻ ആണ് ക്രൂരമായ വംശീയാക്രമണത്തിന് ഇരയായത്. കുട്ടി തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലെ വീടിന് പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 12 വയസിനും 14നുമിടയിൽ പ്രായമുള്ള ഒരു കൂട്ടം കുട്ടികൾ ആക്രമിച്ചത്. വൃത്തി കെട്ടവളെ...ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ...എന്നാക്രോശിച്ചായിരുന്നു ആക്രമണം.
സംഘം കുട്ടിയുടെ മുഖത്തടിച്ചതായും സൈക്കിൾ ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ വേദനിപ്പിച്ചതായും കഴുത്തിന് പിടിച്ച് തള്ളിയതായും മുടി പിടിച്ചു വലിച്ചതായും അമ്മ അനുപ അച്യുതൻ ഐറിഷ് മിററിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അയർലൻഡിൽ നഴ്സായി ജോലി ചെയ്യുകയാണ് അനുപ. ഭർത്താവിനൊപ്പം എട്ടുവർഷമായി അവിടെയെത്തിയിട്ട്. അടുത്തിടെ അവർക്ക് ഐറിഷ് പൗരത്വവും ലഭിച്ചു. അവരുടെ മക്കൾ ജനിച്ചത് അയർലൻഡിലാണ്. ജനുവരിയിൽ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അയർലൻഡിലെത്തിയ ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നതെന്നും അനുപ പറയുന്നു.
''വൈകീട്ട് 7.30 ആയിക്കാണും. നിയ വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾക്ക് പുറത്ത് പോയി കളിക്കണമായിരുന്നു. സൈക്കിൾ ചവിട്ടാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചതോടെ അവൾ പുറത്തേക്കോടി പോയി. ഭർത്താവ് ജോലി സ്ഥലത്തായിരുന്നു. ആറുവയസും 10 മാസവും പ്രായമായ മക്കൾക്കൊപ്പം ഞാൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിയ സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് പോയി. വീടിന് മുന്നിലിരുന്ന് ഞാനവരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവർ ഒരുമിച്ചു കളിക്കുകയായിരുന്നു. കുറച്ചവരെ നോക്കിനിന്ന ശേഷം മകനെ മുലയൂട്ടാൻ അകത്തേക്ക് പോയി. അൽപം കഴിഞ്ഞ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി. അവൾ ആകെ അസ്വസ്ഥയായിരുന്നു. ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആരെയോ ഭയക്കുന്നതു പോലെ തോന്നി. മകളെ ഇതിനു മുമ്പൊരിക്കലും ഇതുപോലെ കണ്ടിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അവളുടെ സുഹൃത്തുക്കളോട് ചോദിച്ചു. അവരും പേടിച്ചരണ്ടിരിക്കുകയായിരുന്നു. ഒന്നും സംസാരിച്ചില്ല. അപ്പോഴാണ്. ആ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാണ് അവരേക്കാൾ മുതിർന്ന ഒരുസംഘം കുട്ടികൾ നിയയെ ഉപദ്രവിച്ചുവെന്നും ആക്ഷേപിച്ചുവെന്നുമൊക്കെ പറയുന്നത്''-അനുപ പറഞ്ഞു.
ആ കൂട്ടത്തിലുണ്ടായിരുന്ന അഞ്ചുപേരും അവളുടെ മുഖത്തടിച്ചു. ഒരാൺകുട്ടി സൈക്കിളിന്റെ ചക്രം അവളുടെ സ്വകാര്യ ഭാഗത്തേക്ക് കയറ്റി. ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും മടങ്ങിപ്പോകൂ എന്നും പറഞ്ഞായിരുന്നു ആക്രോശം. വീടിനു പുറത്തേക്ക് വന്നപ്പോൾ മകളെ അക്രമിച്ച സംഘത്തെ അനുപ കണ്ടു. കുട്ടിസംഘം അനുപയെയും കളിയാക്കി.
അതേസമയം, സംഭവത്തിൽ ഐറിഷ് പൊലീസിൽ പരാതി നൽകാൻ അനുപ തയാറായില്ല. ഈ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം കൗൺസലിങ് നൽകിയാൽ മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് അവർക്ക് തിരിച്ചറിവുണ്ടാകണം. അവർ കുട്ടികളാണെന്ന് അംഗീകരിക്കാം. എന്നാൽ മറ്റു കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അവർ പഠിക്കണമെന്നും അനുപ പറഞ്ഞു. പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചപ്പോൾ ഏറെ സന്തോഷിച്ചത് നിയ ആയിരുന്നുവെന്നും ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടുമല്ലോ എന്നതായിരുന്നു അതിനു കാരണമെന്നും അനുപ പറഞ്ഞു. എന്നാൽ തനിക്ക് പുറത്ത് കളിക്കാൻ പേടിയാണ് എന്ന് പറഞ്ഞാണ് അവളിപ്പോൾ കരയുന്നത്. അവൾക്ക് സുരക്ഷിതമായി വീടിന് പുറത്ത് കളിക്കാൻ സാധിക്കില്ലെന്ന് തന്നെയാണ് ഞങ്ങളും വിശ്വസിക്കുന്നത്. അവൾക്ക് സംഭവച്ചതിൽ അതിയായ സങ്കടമുണ്ട്. അവളെയെനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞില്ല. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. ഈ രാജ്യത്ത് അവൾ സുരക്ഷിതയായിരിക്കും എന്നാണ് കരുതിയിരുന്നത്. ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു. അതോടൊപ്പം ഐറിഷ് പൗരത്വം ലഭിച്ചതിനെയും സന്തോഷത്തോടെ കാണുന്നു. അയർലൻഡ് എന്റെ രണ്ടാംരാജ്യമാണ്. നഴ്സായി ജോലി ചെയ്യുന്ന 100 ശതമാനം ആത്മാർഥതയോടെയാണ് രോഗികളെ പരിചരിക്കുന്നത്. എന്നാൽ ഞങ്ങൾ വൃത്തികെട്ടവരാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ്. ഐറിഷ് സർക്കാർ ഇതെങ്ങനെയാണ് കാണുന്നത് എന്ന് അറിയില്ലെന്നും അനുപ പറഞ്ഞു. അയർലൻഡിൽ ആദ്യമായല്ല ഇന്ത്യൻ വംശജർക്കു നേരെ വംശീയാതിക്രമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.