മനുഷ്യനും വന്യജീവികളും തമ്മിലെ ബന്ധത്തിനും അതിന്റെ ഭാഗമായ സംഘർഷങ്ങൾക്കും മനുഷ്യന്റെ ഭൂമുഖത്തെ നിലനിൽപിനോളം പഴക്കമുണ്ട്. എന്നാൽ, നാമിന്ന് നേരിടുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണം മനുഷ്യനും വന്യജീവികളും തമ്മിൽ മുമ്പൊരിക്കലും ഇല്ലാത്തതരത്തിൽ ഭൂമിയും അതിലെ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള വിഭവങ്ങൾ പങ്കുവെക്കുന്നു എന്നതാണ്. അഥവാ ജീവൻ നിലനിർത്താനാവശ്യമായ ഭൂമിയിലെ വിഭവങ്ങൾക്ക് മേലുള്ള മത്സരം മനുഷ്യനും മൃഗങ്ങൾക്കുമിടയിൽ വർധിച്ചുവരുന്നു എന്നത് ഒരു കടുത്ത യാഥാർഥ്യമായി മാറിക്കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല, ജീവജാലങ്ങളുടെ വൈവിധ്യം കൂടുതൽ ഉള്ള ഭൂമിയിലെ മിക്ക പ്രദേശങ്ങളിലെ ...
മനുഷ്യനും വന്യജീവികളും തമ്മിലെ ബന്ധത്തിനും അതിന്റെ ഭാഗമായ സംഘർഷങ്ങൾക്കും മനുഷ്യന്റെ ഭൂമുഖത്തെ നിലനിൽപിനോളം പഴക്കമുണ്ട്. എന്നാൽ, നാമിന്ന് നേരിടുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണം മനുഷ്യനും വന്യജീവികളും തമ്മിൽ മുമ്പൊരിക്കലും ഇല്ലാത്തതരത്തിൽ ഭൂമിയും അതിലെ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള വിഭവങ്ങൾ പങ്കുവെക്കുന്നു എന്നതാണ്. അഥവാ ജീവൻ നിലനിർത്താനാവശ്യമായ ഭൂമിയിലെ വിഭവങ്ങൾക്ക് മേലുള്ള മത്സരം മനുഷ്യനും മൃഗങ്ങൾക്കുമിടയിൽ വർധിച്ചുവരുന്നു എന്നത് ഒരു കടുത്ത യാഥാർഥ്യമായി മാറിക്കഴിഞ്ഞു.
കേരളത്തിൽ മാത്രമല്ല, ജീവജാലങ്ങളുടെ വൈവിധ്യം കൂടുതൽ ഉള്ള ഭൂമിയിലെ മിക്ക പ്രദേശങ്ങളിലെ മനുഷ്യരെയും അവരുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിത്. ഓരോ നാടുകളും വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതികൾ വ്യത്യസ്തമാണെന്ന് മാത്രം. ഈ സവിശേഷ സാഹചര്യത്തിൽ ലോകത്തെ മനുഷ്യ-വന്യജീവിസഘർഷങ്ങളും സഹവർത്തിത്വമാതൃകകളും പങ്കുവെക്കാനും കൂടുതൽ മെച്ചപ്പെട്ട ബന്ധങ്ങൾ ആവിഷ്കരിക്കാനുമായി 70 രാജ്യങ്ങളിൽനിന്നുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകർ, നയരൂപവത്കരണ വിദഗ്ധർ, തദ്ദേശീയ ജനവിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ഒരു അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിച്ചിരുന്നു. ദേശ, രാഷ്ട്രങ്ങൾ തമ്മിലെ വ്യത്യാസങ്ങൾക്കെല്ലാമുപരിയായി ലോകത്തെല്ലായിടത്തും മനുഷ്യ വന്യജീവി സംഘർഷം മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നാണെന്നും അത് ദേശീയ വികസന ലക്ഷ്യങ്ങൾക്ക് വിഘാതം നിൽക്കുന്നതാണെന്നുമുള്ള വ്യക്തമായ ചിത്രം നൽകാൻ ഈ ശിൽപശാല സഹായിച്ചു.
കേരളത്തിന്റെ സവിശേഷ സാഹചര്യം
വർധിച്ച ജനസാന്ദ്രത, ഇന്ത്യയിൽ കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ നേരിടുന്ന പ്രദേശങ്ങളിൽ ഒന്ന്, ജനസംഖ്യയുടെ ഭൂരിഭാഗവും കൃഷി, കാർഷിക അനുബന്ധമേഖലയിൽ തൊഴിലെടുക്കുന്ന സാഹചര്യം എന്നിവ കേരളത്തിന്റെ മനുഷ്യ വന്യജീവി സംഘർഷങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. തീവ്ര ജനവാസമേഖലയിലും നഗരങ്ങളിലും ആനയുൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യവും അതിന്റെ ഭാഗമായ കോലാഹലങ്ങളും രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചു.
പലപ്പോഴും വനം വന്യജീവിവകുപ്പ് ഇത്തരം സാഹചര്യത്തിൽ പ്രതിക്കൂട്ടിലുമായി. കൂടാതെ വന്യജീവി സംരക്ഷണനിയമം 1972ൽ ഭേദഗതി ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തെ സമീപിച്ചു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കൂടാതെ നാളിതുവരെ 1972ൽ അംഗീകരിച്ച വന്യജീവി സംരക്ഷണ നിയമം അനുസരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളെ 2022ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവിധ ഭേദഗതികളോടുകൂടി സംസ്ഥാന സർക്കാറിന്റെ അധികാരം ദയനീയമാംവിധം പരിമിതപ്പെടുത്തി.
സംഘർഷത്തിന്റെ സാമൂഹിക മാനങ്ങൾ
ആഗോളവത്കരണത്തിന്റെ ചുവടുപറ്റി കാർഷിക വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും മനുഷ്യ വന്യജീവി സംഘർഷത്തിന് ആക്കം കൂട്ടുന്നു. അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടി കൃഷിചെയ്ത കേരളത്തിലെ കാർഷിക ജനത വിപണിക്കുവേണ്ടി കൃഷി ചെയ്തു തുടങ്ങി. വനം വലിയതോതിൽ കൃഷിക്കും വ്യവസായത്തിനുമായി ഉപയോഗിക്കപ്പെട്ടു. ബ്രിട്ടീഷ് കാലം മുതൽ വനത്തെ വരുമാനസ്രോതസ്സ് ആയിക്കണ്ട് തേക്ക് ഉൾപ്പെടെയുള്ള ഏക വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചു സ്വാഭാവികവനം വൻതോതിൽ നശിപ്പിച്ചു. സാമൂഹിക വനവത്കരണ പരിപാടിയുടെ ഭാഗമായി പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയാതെ ആനകൾ ഉൾപ്പെടെ വിഹരിച്ചിരുന്ന പുൽമേടുകൾ പൾപ് ഉണ്ടാക്കാൻ ആവശ്യമായി വരുന്ന മരങ്ങൾകൊണ്ട് നിറച്ചു. സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി തുറന്ന ഫാക്ടറികൾക്കുവേണ്ടി കാട്ടിലെ മുള നിർബാധം വെട്ടിമാറ്റി. തൽഫലമായി, 1950-1980 കാലഘട്ടത്തിൽ വയനാട്ടിലെ വനമേഖല 113 ശതമാനം ചുരുങ്ങി. വനവിസ്തൃതിയിലെ കണക്കിലെ കളിയെക്കാൾ, ഉള്ള വനത്തിന്റെ ഗുണമേന്മക്കുറവും കാട്ടിലെ വെള്ളം, തീറ്റ എന്നിവയുടെ കുറവും വന്യജീവികളെ മനുഷ്യവാസമേഖലയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
കാടിനുള്ളിലെ ഭൂമി കൃഷിക്കായി തുറന്നുകൊടുക്കപ്പെട്ടത് 1929-39 കളിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനും രണ്ടാം ലോകമഹായുദ്ധാനന്തര സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ കൈവരിക്കാനും വേണ്ടിയായിരുന്നു. അതിജീവനം തേടിയെത്തിയ കുടിയേറ്റ ജനത വനാതിർത്തികളിൽ ഏറുമാടം കെട്ടി കാവൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിച്ചു. പരിധിവിടുന്ന വന്യമൃഗങ്ങളെ അവർ ആയുധങ്ങൾകൊണ്ട് നേരിട്ടു. വിള സംരക്ഷിക്കുന്നതോടൊപ്പം, വേട്ട അവർക്ക് ഭക്ഷണത്തിനുവേണ്ട മാംസവും നൽകി.
കാലം മാറി, കൃഷി അങ്ങേയറ്റം സംഘർഷഭരിതമായ തൊഴിൽ മേഖലയായി. കാർഷിക സമൃദ്ധിക്ക് പേരുകേട്ട മലയോരമേഖല പിന്നീട് വറുതിയുടെ നിലങ്ങളായി അറിയപ്പെടാൻ തുടങ്ങി. ലോകവിപണിയിൽ മാറ്റങ്ങളും അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളും സാധനസേവനങ്ങളുടെ ലളിതമായ ഒഴുക്കും കാർഷിക വിളകളുടെ വിപണി തകർത്തു. സൂക്ഷിപ്പ് സംവിധാനങ്ങൾ, മൂല്യവർധിത സംവിധാനങ്ങൾ, മൂലധനം എന്നിവയുടെ അഭാവം മൂലം വികസ്വരരാജ്യങ്ങൾ ഈ കിടമത്സരത്തിൽ പിന്നോട്ടടിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി കാർഷികമേഖലയിൽ കർഷക ആത്മഹത്യകൾ പതിവായി. കൃഷി സ്വാഭിമാനത്തിൽനിന്ന് അപകർഷതയുടെ അടയാളമായി മാറി.
പുതുതലമുറ മെച്ചപ്പെട്ട തൊഴിൽതേടി കടൽകടന്നു. വൈകാരികതയുടെ പേരിലും മറ്റു ജീവനോപാധികളുടെ അഭാവത്തിലും കൃഷി തുടർന്ന കർഷകജനതക്കുമേൽ കാലാവസ്ഥാമാറ്റം പുതിയ വെല്ലുവിളി സൃഷ്ടിച്ചു. ഇതു ‘വിളവ് ഉള്ളപ്പോൾ വിലയില്ല, വിലയുള്ളപ്പോൾ വിളയില്ല’ എന്ന സാഹചര്യം സൃഷ്ടിച്ചു. ഇത്തരം സംഘർഷത്താൽ വലയുന്ന കാർഷികജനതക്ക് വന്യജീവികളുടെ കൃഷിയിടത്തേക്കുള്ള കടന്നുകയറ്റം പുതിയ വെല്ലുവിളികൾ ഉണ്ടാക്കി.
(ലേഖകർ വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഗവേഷകരാണ്)
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.