ഓണം മനുഷ്യമനസ്സിനെ ഭ്രമിപ്പിക്കുന്ന ഒരു സ്വപ്നമാണ്. കേരളത്തിന്റെ സാമ്പ്രദായികാവസ്ഥയിലേക്ക് ഒരു മടക്കയാത്ര. എല്ലാ മനുഷ്യരും ഒന്നായി ചിന്തിക്കുകയും അന്യരെന്ന സങ്കൽപത്തെ അകറ്റിനിർത്തുകയും ചെയ്തിരുന്ന ആ പഴയകാല മനുഷ്യർ ഒരു സുന്ദര പ്രതീകമാണ്. ആധുനിക മനുഷ്യർ ജീവിതസഞ്ചാരങ്ങളെ അടച്ചിട്ട മുറിയില്‍ മൊബൈല്‍ ഫോണിലും ലാപ് ടോപ്പിലുമൊതുക്കി. അടുത്തുള്ളവരോടുപോലും അവർ യന്ത്രങ്ങളിലൂടെ സംസാരിച്ചു. പരസ്പരമറിയുന്ന കണ്ണുകളുടെ കാഴ്ച അവർക്കപരിചിതമായി. ആരാലുമറിയാതെ വെളിപ്പെടാത്ത ശബ്ദമായി മാത്രം അവർ ജീവിച്ചുകൊണ്ടേയിരുന്നു.
വലിപ്പ ചെറുപ്പമില്ലാത്ത ഒരുകാലം മനുഷ്യന്റെ സ്വപ്നമാണ്. എന്നാല്‍, ഭൂമിയില്‍ സകലതും അതിന്റെ സ്വന്തമായ നിലനിൽപിനായി ഏറ്റക്കുറച്ചിലോടെതന്നെ നിലകൊള്ളുന്നു. ചില സ്വപ്നങ്ങള്‍ യാഥാർഥ്യമാവുകയും ചിലതൊക്കെ ഓര്‍മയില്‍ കുറച്ചുകാലം നിന്നു മാഞ്ഞുപോവുകയും ചെയ്യുന്നു. നാടൊരു വലിയ നഗരമാവുമ്പോള്‍ ആരും ആരെയും ഓര്‍ക്കുകയും ഓമനിക്കുകയും ചെയ്യില്ല എന്നത് സത്യം. ചില കാലങ്ങള്‍ ഗൃഹാതുരത്വമെന്ന ചതുരത്തില്‍ നിലനിൽക്കുന്നുണ്ടാവും.
നമുക്കെന്ന് പറഞ്ഞ് ചിലതുണ്ട്. അതെന്തൊക്കെയെന്ന് നാം തന്നെയാണ് തീരുമാനിക്കുന്നത്. ആഘോഷങ്ങള്‍ ഇന്ന് മതം, ജാതി എന്നതിന്റെ ദൃഷ്ടാന്തം കൂടിയാവുന്നു. ചില ആഘോഷങ്ങള്‍ ചില മതസ്ഥര്‍ മാത്രം കൊണ്ടാടിയാല്‍ മതി എന്നൊക്കെ സമൂഹമാധ്യമത്തില്‍ തിട്ടൂരമിറക്കുന്നു. മനുഷ്യര്‍ എല്ലാവരും ഒന്നുപോലെ ആകുന്നു, ആര്‍ക്കും തമ്മില്‍ ദ്വേഷ്യമോ വൈരമോയില്ല എന്നൊരു സങ്കൽപത്തിന്റെ ഓര്മപ്പെടുത്തൽപോലും ഏതെങ്കിലും മതസ്ഥരുടേതായി മാറിയൊതുങ്ങുന്ന മനസ്സുകള്‍ കാണുന്നു. ലോകം മുഴുവനും ഒരുപോലെ എല്ലാവരും എല്ലാ ദുരിതങ്ങളില്‍ നിന്നുമകന്ന് സമ്പത് സമൃദ്ധിയുടെ ഒരുമയില്‍ നിൽക്കണമെന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും കാലമായി ഓണത്തെ കാണുന്നു.
വീടുകളില്‍ ഒരോണക്കാലമുണ്ടായിരുന്നു പണ്ട്. ഓണം വിളവെടുപ്പിന്റെ ആഘോഷമാണ്. ഒരു വിളയനുഭവിക്കുവാന് ഒരുങ്ങുന്നതിന്റെയും ആ സമൃദ്ധിയുടെയും ഭാഗമായാണ് ഓണത്തെ കാണുന്നത്. ചിങ്ങത്തിലെ വിളവെടുപ്പിനുശേഷം കൃഷിക്കാര്‍ പ്രതീക്ഷയോടെ അടുത്ത കൃഷിയിലേക്ക് കടക്കുന്നതിന്റെ സന്തോഷം കൂടിയാണ് ഓണം. കേരളത്തിന്റെ സാംസ്കാരികാഘോഷം.
പുതിയ കാലത്ത് വീടുകള്‍ എന്നതിനേക്കാള്‍ ഒരു കമ്യൂണല്‍ ലൈഫ് ആണിപ്പോള്‍ ചുറ്റിലും. ഫ്ലാറ്റുകളും വില്ലകളും ചേര്‍ന്ന സമുച്ചയങ്ങള്‍. കൂട്ടായ ജീവിതം ഏറെ ആഹ്ലാദകരം എന്ന് ചിന്തിക്കും. എന്നാല്‍, കാണുന്ന കാഴ്ചയില്‍ അതെല്ലാം ഏതെങ്കിലും ഒരു ദിവസത്തിന്റെ ഓര്മയാവുന്നുണ്ട്.
നമുക്കിപ്പോള്‍ ഗ്രാമങ്ങള്‍ പൊതുവേ കുറവാണ്. ചെന്നാത്താവുന്നയിടങ്ങളൊക്കെ പട്ടണങ്ങളായി മാറിയിരിക്കുന്നു. ഒരു വലിയ നഗരത്തില്‍ കിട്ടാവുന്നതൊക്കെ അവിടെയും കിട്ടുന്നു. ഒന്നിനുവേണ്ടിയും ദൂരെയാത്ര ആവശ്യമില്ലെന്നും ഏതൊരു വസ്തുവും വീടുകളില്‍ ലഭിക്കുമെന്ന് വിളംബരം ചെയ്യുന്നു. ഗൃഹവാസികള്‍ കിട്ടാവുന്നതൊക്കെ വാങ്ങിച്ച് ജീവിതം ആഘോഷമാക്കുന്നു. ഒരു ഫോണ്‍ കോളില്‍ എല്ലാം ലഭിക്കുന്ന ഒരു ലോകം നമ്മള് നിർമിച്ചെടുത്തിരിക്കുന്നു. അതൊരു മോശമായ കാര്യമൊന്നുമല്ല; ഒരുപാട് പേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഒരു മേഖലയുമാണത്. സൗകര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യവും എന്നു മനസ്സിലാക്കുന്നു. മാറ്റങ്ങള്‍ ഉണ്ടാവുന്നത് ഗുണകരമായ ഒരു പ്രക്രിയ തന്നെയാണ് എങ്കിലും അതെങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നൊക്കെ ആലോചിക്കാവുന്നതുമാണ്.
എന്റെ കുട്ടിക്കാലം പാലക്കാടന്‍ പ്രദേശങ്ങളിലായിരുന്നു. കര്‍ഷകരുടെ ജീവിതം കണ്ടാണ് ഞാന്‍ വളര്‍ന്നത്. നെൽപാടങ്ങളിലെ നെല്‍കൃഷിക്കൊപ്പം അല്ലെങ്കില്‍ അതിനിടവിളയായി മറ്റ് പച്ചക്കറികള്‍ പുഴയുടെ തീരത്ത് വെള്ളം വലിഞ്ഞയിടങ്ങളില് പയറും വെണ്ടയും നട്ട് അതിനെയൊക്കെ പരിപാലിച്ച് അതില്‍നിന്ന് ലഭിക്കുന്ന വിളകള്‍ കൂട്ടായി ഒരു ചന്തയില്‍ കൊണ്ടുപോയി വിറ്റ് കിട്ടുന്ന കാശില്‍ നീക്കിയിരിപ്പില്ലാതെ ജീവിച്ച മനുഷ്യരുടെ വിയര്‍പ്പിന്റെ മണം അന്നനുഭവിച്ചിരുന്നു. അവരോടൊപ്പമുള്ള സഞ്ചാരം അറിവിന്റെയാഘോഷമായിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന വാചകം സത്യമായി കണ്ടിരുന്നു.
കര്‍ക്കടകം മുതല്‍ കന്നിവരെയുള്ള ദിവസങ്ങളില്‍ കന്നിക്കൊയ്ത്തിനായുള്ള കാത്തിരിപ്പിനിടയില്‍ പാലക്കാടന്‍ ജീവിതത്തില്‍ ഓണം നിശ്ശബ്ദമായി വലിയ ആരവങ്ങളില്ലാതെ ഒരു നിലാവായി മാഞ്ഞുപോകും. വൈരമില്ലാത്ത മത്സരത്തിലെ ജയവും തോല്‍വിയും സമാസമം കണ്ടാസ്വദിച്ച് തോളില്‍ കൈയിട്ട് ചാത്തുണ്ണി ലേലമെടുത്ത കള്ളുഷാപ്പിലോ മാധവനായ്ക്കരുടെ ചായക്കടയിലോ ഒത്തുകൂടി കഴിഞ്ഞുപോയ കാലങ്ങളുടെ സാഹസങ്ങളും വിടുവായത്തരങ്ങളും പറഞ്ഞ് സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെയായിത്തീരും. വാമനന് ചവിട്ടിത്താഴ്ത്തിയപ്പോള്‍ ഒരൊറ്റയാഗ്രഹം പറഞ്ഞു. പാതാളത്തിലേക്ക് പോയ മഹാബലിയെന്ന രാജാവിന്റെ കാലത്തെന്നപോലെ കാണുന്ന മനുഷ്യരും സകല ജീവജാലങ്ങളും ഒരുമയോടെയെന്ന സങ്കൽപത്തിലൂടെയുള്ള ഒരു ജീവിതമായിരുന്നു അന്ന്.
ആ കാലത്തില്‍നിന്ന് ഓണം ഇന്ന് മത്സരങ്ങളുടെ തിരശ്ശീലയായി മാറിക്കൊണ്ടിരിക്കുന്നു. വിജയവും പരാജയവും അക്കമിട്ട് തെളിയുന്ന തിരശ്ശീല. മാവേലിയുടെ ആ പഴയകഥയില്‍ മത്സരമെന്ന വാക്കുപോലും അന്യം. സര്‍വതും ഒരേ കണ്ണില്‍ കണ്ടവര്‍ക്ക് എല്ലാവരും ഒന്നാണെന്ന് പറയുവാനുള്ള മനസ്സുണ്ടായിരുന്ന ഒരു കാലം മിത്താണെന്ന് പറഞ്ഞ് കഥയാക്കി മാറ്റുവാനുള്ളതല്ലെന്ന് ചിന്തിക്കുന്നു. ആ തിരിച്ചറിവിന്റെയിടങ്ങളില് എന്നും ഓണമാണെന്ന് കരുതുവാന്‍ ശ്രമിക്കുന്നു. മഹാബലിയെന്ന വിശാലമായ സത്യം വാമനനെന്ന് ചുരുങ്ങാതെയിരിക്കുവാന് ആഗ്രഹിക്കുന്നു. അഹോരാത്രം പാടങ്ങളില്‍ അത്യധ്വാനം ചെയ്യുന്ന കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയറിയാതെ പോകുന്ന ഒരു കാലമാവുന്നു ഇന്ന്. നമ്മുടെ തീന്മേശകളില് ഭക്ഷണം വിളമ്പുവാന്‍ സൂര്യതാപമേൽക്കുന്ന ചിലരുണ്ടായതാണ് നമ്മുടെ ജീവിതം മുന്നോട്ട് നീങ്ങുന്നതിനു കാരണമാവുന്നത്. കാര്‍ഷികവൃത്തിയുടെ മഹത്വം തിരിച്ചറിയുന്ന ഒരു തലമുറകൂടിയായി മാറുവാനുള്ള ഒരോര്മപ്പെടുത്തല് കൂടിയാവട്ടെ ഇനിയുള്ള കാലം.
കാത്തിരിപ്പിന്റെ കാലം കൂടിയായിരുന്നു ഓണം. പ്രതീക്ഷകള്‍ നിറഞ്ഞ നഷ്ടപ്പെട്ടതൊക്കെ ഓര്‍ത്തെടുക്കുന്ന ഒരു ജീവിതം ഉണ്ടാവും. കാലം മാറുകയാണ് എങ്കിലും ചില സംസ്കൃതികളാവര്ത്തിക്കുമ്പോള് ജീവിതത്തിനൊരു സത്യമുണ്ടാവും. പ്രത്യാശയുടെ പ്രകാശം നിറഞ്ഞതാവും അന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.