മൂന്നുവർഷത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ തന്ത്രപ്രധാനവും ചരിത്രപരവുമായൊരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരിക്കുന്നു. സമഗ്ര, സാമ്പത്തിക വ്യാപാരകരാർ (സി.ഇ.ടി.എ) എന്ന് നാമകരണം ചെയ്ത ഉടമ്പടി, ഇരു രാജ്യങ്ങളുടെയും സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ പര്യാപ്തമാണെന്നുതന്നെയാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും തീരുവ ഒഴിവാക്കുകയും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പല ബ്രിട്ടീഷ് ഉൽപന്നങ്ങളുടെയും തീരുവയിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യുന്ന ബഹുമുഖ തലങ്ങളുള്ള ഈ കരാറിലൂടെ 3400 കോടി യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം, ബ്രിട്ടീഷ് സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാനും ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ കൂടുതൽ തൊഴിൽ സാധ്യതകൾ കൊണ്ടുവരാനും കരാർ നിമിത്തമാകുമെന്നും കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും തമ്മിലെ കൂടിക്കാഴ്ചക്കു പിന്നാലെയാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് വ്യവസായ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവെച്ചത്. ഉടമ്പടിയിൽ ഒപ്പുവെെച്ചങ്കിലും കരാറിന് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം തേടുന്നതടക്കം ചില നടപടിക്രമങ്ങൾകൂടി ബാക്കിയുണ്ട്.
ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഈ കരാറുമായി ബന്ധപ്പെട്ട പ്രാരംഭചർച്ചകൾ തുടങ്ങുന്നത്. ബ്രെക്സിറ്റാനന്തര ബ്രിട്ടനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾക്കിടെയാണ് കടുത്ത വലതുപക്ഷവാദികൂടിയായ ബോറിസ് ജോൺസൺ സമാന രാഷ്ട്രീയചിന്താഗതി പുലർത്തുന്ന ഇന്ത്യൻസർക്കാറുമായി വ്യാപാരചർച്ചയിൽ ഏർപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച്, ബ്രെക്സിറ്റ് ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറാനുള്ള അതിജീവനശ്രമം കൂടിയായിരുന്നു അത്. എന്നാൽ, കരാറിലെ പല വ്യവസ്ഥയിലും ഉടക്കി ചർച്ച നീണ്ടു. ഇതിനിടെ, ബ്രിട്ടനിലെ രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടായി. ബോറിസിനുശേഷം, ലിസ് ട്രസും അതുകഴിഞ്ഞ് ഋഷി സുനകും അധികാരത്തിൽവന്നു. 2024ലെ, പൊതുതെരഞ്ഞെടുപ്പിൽ ബോറിസിന്റെയും ഋഷി സുനകിന്റെയും കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി ഏറ്റുവാങ്ങി അധികാരത്തിൽനിന്ന് പടിയിറങ്ങി. പകരം, കെയ്ർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിൽവന്നു. വംശീയതയും കുടിയേറ്റ വിരുദ്ധതയുമൊക്കെ കൺസർവേറ്റിവ് ഭരണത്തിൽ ശക്തമായി നിഴലിച്ചപ്പോൾ, അൽപംകൂടി ഉദാര സമീപനമാണ് സ്റ്റാർമറിന്റെ സർക്കാർ സ്വീകരിച്ചത്. അത് ഈ കരാറിലും പ്രതിഫലിക്കുന്നുണ്ട്. ബ്രെക്സിറ്റാനന്തരം, ബ്രിട്ടൻ ഒപ്പുവെക്കുന്ന ഏറ്റവും വലിയ കരാർ എന്ന പ്രത്യേകതയും ഇതിനുണ്ട്. അതോടൊപ്പം, ആഗോളതലത്തിൽതന്നെ ഡോണൾഡ് ട്രംപ് തുറന്നുവിട്ട വ്യാപാരയുദ്ധം മുറുകുമ്പോൾ ഇത്തരമൊരു നീക്കത്തിലൂടെ അതിനെ അതിജയിക്കാനാകുമോ എന്നും ഈ കരാർ അന്വേഷിക്കുന്നുണ്ട്.
ബ്രിട്ടന്റെ ബിസിനസ് ആൻഡ് ട്രേഡ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, കരാർ പ്രാബല്യത്തിലായാൽ 2040ഓടെ രാജ്യത്തുനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 60 ശതമാനം വർധിക്കും. 2000 കോടി ഡോളറിന്റെ അധിക വ്യാപാരമാണ് അതുവഴിയുണ്ടാവുക. ഇതേ കാലയളവിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 25 ശതമാനത്തിന്റെ വർധനയുണ്ടാകും. കേരളത്തിൽനിന്നടക്കം ഇന്ത്യയുടെ തനത് ഉൽപന്നങ്ങളുടെ കയറ്റുമതി വലിയ തോതിൽ പ്രതീക്ഷിക്കപ്പെടുന്നു. അതതു മേഖലകളിലെ തൊഴിലാളികൾക്കും ഇതുവഴി മെച്ചമുണ്ടാകും. കാർഷിക മേഖലയിൽ മഖാന(താമരവിത്ത്), ഷാഹി ലിച്ചി, അരകു കാപ്പി, കശ്മീരി കുങ്കുമം തുടങ്ങിയവയും യു.കെ വിപണിയിൽ തിളങ്ങും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മഞ്ഞൾ, കുരുമുളക്, ഏലം, സംസ്കരിച്ച മാങ്ങയുടെ പൾപ്പ്, അച്ചാർ തുടങ്ങി 95 ശതമാനത്തോളം കാർഷിക ഉൽപന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾക്കും നികുതിയുണ്ടാകില്ലെന്നത് രാജ്യത്തെ കർഷകർക്കും വ്യവസായികൾക്കും വലിയ നേട്ടമാകും. ട്രംപിന്റെ തീരുവ യുദ്ധം മൂലം യു.എസ് സമുദ്രോൽപന്ന വിപണിയിൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടായാലും അത് ബ്രിട്ടീഷ് മാർക്കറ്റിലൂടെ തിരിച്ചുപിടിക്കാൻ കരാർ സഹായകമാകുമെന്നും വിലയിരുത്തുന്നുണ്ട്. അതേസമയം, ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യൻ ഉൽപന്നങ്ങളെയും സേവനങ്ങളെയും കാര്യമായി ബാധിക്കുമെന്ന ആശങ്കയെയും കാണാതിരിക്കാനാവില്ല. നിലവിൽ, ബ്രിട്ടീഷ് വാഹനങ്ങളുടെ ഇറക്കുമതി തീരുവ 100 ശതമാനമാണ്. അത് പത്തിലൊന്നായി കുറയുന്നതോടെ ഇന്ത്യൻ വാഹന വിപണിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കരാർ പ്രകാരം, ഇന്ത്യയിൽ ടെലികോം രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിന് കളമൊരുങ്ങുന്നുണ്ട്. ടെലികോം, നിർമാണ മേഖലകളിൽ ബ്രിട്ടീഷ് കമ്പനികൾക്ക് നേരിട്ട് സേവനം നൽകാം. കരാർ പ്രകാരം, അവയെ ഇന്ത്യൻ കമ്പനിയായി കണക്കാക്കും. ഇത് ഇന്ത്യയിലെ സ്വകാര്യ ടെലികോം, നിർമാണ കമ്പനികളെ എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്റ്റാർമറിന്റെ ലേബർ പാർട്ടി സർക്കാർ പൊതുവിൽ കുടിയേറ്റ വിരുദ്ധരല്ലെങ്കിലും, കരാറിൽ ഇതുസംബന്ധിച്ച് കാര്യമായ പ്രഖ്യാപനങ്ങളില്ല. യോഗ പരിശീലകർ, ശാസ്ത്രീയ സംഗീത അധ്യാപകർ തുടങ്ങിയവർക്ക് വാർഷിക ക്വോട്ടയിൽ 1800 വിസ നൽകുമെന്ന് കരാറിലുണ്ടെങ്കിലും ഐ.ടി മേഖലയിലുള്ളവരുടെയും ബിസിനസുകാരുടെയും മറ്റും വിസാകാര്യം സംബന്ധിച്ച് പരാമർശമില്ല. ഇന്ത്യയിൽനിന്ന് പഠനത്തിനായി ബ്രിട്ടനിലേക്ക് പോയ വിദ്യാർഥികൾ പഠനശേഷം വിസ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും കരാർ പ്രതീക്ഷക്ക് വക നൽകുന്നില്ല. കയറ്റുമതിയിലും അനുബന്ധ തൊഴിൽമേഖലയിലും കുതിച്ചുചാട്ടത്തിന് വഴിവെക്കുമെങ്കിലും സമ്പൂർണമായും ആശങ്കാരഹിതമായൊരു കരാറല്ല ഇതെന്ന് ചുരുക്കം. ഇന്ത്യൻ വിപണിയെ തുറന്നുകൊടുക്കുന്നതിലുള്ള അപകടങ്ങൾ ഇവിടെയും പതിയിരിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.