ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവൻ നിലനിൽക്കുന്നുണ്ടാകുമോ? ശാസ്ത്രലോകത്തിന്റെ ഈ ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതുവരെയും ഭൗമേതര ജീവന്റെ സാന്നിധ്യം വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ആ ചോദ്യം ഇനിയും അവഗണിച്ചു തള്ളാനാവില്ലെന്നാണ് ഗവേഷകമതം. അതുകൊണ്ടുതന്നെ, വിവിധ പദ്ധതികളിലൂടെ ശാസ്ത്രലോകം ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മേഖലകൾ തേടിയുള്ള യാത്രയിലാണ്.
സൗരയൂഥത്തിൽ ഭൂമിക്കുപുറമെ, ജീവൻ നിലനിൽക്കാൻ സാധ്യത കൽപിക്കപ്പെടുന്ന ഏതാനും ഗ്രഹങ്ങളുണ്ട്. അതിലൊന്നാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്റോപ; ഈ ഉപഗ്രഹത്തിലേക്ക് മാത്രമായി നാസയുടെ വാഹനങ്ങൾ തിരിച്ചിട്ടുണ്ട്. മറ്റൊരു സാധ്യത മേഖല ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ ആണ്. 1655ൽ ക്രിസ്റ്റ്യൻ ഹൈഗൻസ് കണ്ടുപിടിച്ച ഈ ഉപഗ്രഹത്തിന് ഭൂമിയേക്കാൾ സാന്ദ്രതകൂടിയ അന്തരീക്ഷമുണ്ടെന്നും ഗ്രഹോപരിതലത്തിൽ ‘തടാക’മുണ്ടെന്നും നേരത്തേ കണ്ടെത്തിയതാണ്. അതുകൊണ്ടുതന്നെ, ഇവിടെ ജീവൻ നിലനിൽക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ കൽപിച്ചിരുന്നു.
ഇപ്പോഴിതാ നാസ ഒരു നിർണായക കണ്ടുപിടിത്തം നടത്തിയിരിക്കുന്നു: ഈ തടാകങ്ങളിൽ വെസിക്കിളുകൾ സ്വാഭാവികമായി രൂപപ്പെടാനുള്ള സാഹചര്യമുണ്ട് എന്നതാണത്. കോശത്തിലെ ഒരു വസ്തുവാണ് വെസിക്കിൾ എന്ന് ലളിതമായി പറയാം. കോശത്തിനകത്തും പുറത്തും വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷൻ നിർവഹിക്കുന്നത് വെസിക്കിളുകളാണ്. തടാകത്തിലെ രാസവസ്തുക്കളും മറ്റും ചേർന്ന് വെസിക്കിളുകൾ രൂപപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് നാസ പറയുന്നത്. വെസിക്കിളുകൾ ജീവന്റെ തുടക്ക ഘട്ടത്തിൽ നിർണായകമായ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നിഗമനം ജീവന്റെ സാധ്യതകൾതേടിയുള്ള അന്വേഷണങ്ങളിൽ പുതിയ പ്രതീക്ഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.