തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കലാശപ്പോരിൽ കൊല്ലം സെയ്ലേഴ്സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി കപ്പുയർത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയ്ലേഴ്സ് 16.3 ഓവറിൽ 106 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 23 റൺസെടുത്ത പുറത്താകാതെ നിന്ന വിജയ് വിശ്വനാഥാണ് കൊല്ലത്തിന്റെ ടോപ് സ്കോറർ. നായകൻ സച്ചിൻ ബേബി 10ഉം അഭിഷേക് നായർ 13 ഉം ഭരത് സൂര്യ ആറും റൺസെടുത്ത് പുറത്തായി.
കൊച്ചിക്ക് വേണ്ടി ജെറിൻ പി.എസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാലി സാംസൺ, കെ.എം.ആസിഫ്, മുഹമ്മദ് ആഷിക് എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ, വിനൂപ് മനോഹന്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ (30 പന്തിൽ 70) കരുത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തത്. ടോസ് നേടിയ കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി കൊച്ചിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ സ്കോർ ബോർഡിൽ എട്ട് റൺസുള്ളപ്പോൾ ഓപണർ വിപുൽശക്തിയെ (ഒന്ന്) കീപ്പർ വിഷ്ണു വിനോദിന്റെ കൈകളിലെത്തിച്ച് പവൻരാജാണ് വേട്ട തുടങ്ങിയത്. പക്ഷേ മനോഹരമായ കളി ഗ്രീൻഫീൽഡ് കാണാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ക്രീസിലെത്തിയ നായകൻ സലി സാംസണിനെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി വിനൂപ് മനോഹരൻ ഒറ്റക്ക് അടിച്ചുകയറുകയായിരുന്നു. പവൻരാജ് എറിഞ്ഞ നാലാം ഓവറിൽ 21 റൺസാണ് വിനൂപ് അടിച്ചുകൂട്ടിയത്. തുടർന്ന് ബാളെടുത്ത ഷറഫുദ്ദീനും കിട്ടി ആദ്യ ഓവറിൽ 18 റൺസ്.
അഞ്ചോവറിൽ സ്കോർ 60 റൺസെത്തിയപ്പോൾ 51ഉം വിനൂപിന്റെ സംഭാവനയായിരുന്നു. കൊച്ചിയുടെ സ്കോർ 200ന് മുകളിലേക്ക് പോകുമെന്ന ഘട്ടത്തിൽ സചിൻ പന്ത് സ്പിന്നർമാരെ ഏൽപ്പിച്ചു. ക്യാപ്റ്റന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. 7.2 ഓവറിൽ സ്കോർ ബോർഡിൽ 83 റൺസുള്ളപ്പോൾ എം.എസ്. അഖിലിനെ ലോങ് ഓണിന് മുകളിലേക്ക് ഉയർത്തിയടിക്കാനുള്ള വിനൂപിന്റെ ശ്രമം പാളി. മനോഹരമായ ക്യാച്ചിലൂടെ അഭിഷേക് നായർ കൊച്ചിയുടെ സൂപ്പർതാരത്തെ പുറത്താക്കി. നാല് സിക്സിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെയായിരുന്നു വിനൂപിന്റെ ഇന്നിങ്സ്.
വിനൂപ് മടങ്ങിയതോടെ പച്ചപ്പാടത്ത് ദിശയറിയാതെ മുന്നോട്ടുനീങ്ങിയ കടുവകളെ കൊല്ലം പിടിച്ചുകെട്ടുകയായിരുന്നു. സലി സാംസൺ (എട്ട്), മുഹമ്മദ് ഷാനു (10), കെ. അജീഷ് (പൂജ്യം) എന്നിവർ വന്നപോലെ മടങ്ങിയതോടെ രണ്ടിന് 83 എന്ന നിലയിൽ നിന്ന് അഞ്ചിന് 99 നിലയിലേക്ക് കൊച്ചി കൂപ്പുകുത്തി. ജോബിൻ ജോയി (12), മുഹമ്മദ് ആഷിഖ് (ഏഴ്) എന്നിവരും വന്നപ്പോലെ മടങ്ങിയതോടെ ഒരുഘട്ടത്തിൽ സ്കോർ 150 കടക്കില്ലെന്ന് തോന്നിച്ചു. എന്നാൽ അവസാന ഓവറുകളിൽ ഓൾറൗണ്ടർ ആൽഫി ഫ്രാൻസിസ് രക്ഷകനായി അവതരിച്ചതോടെ (25 പന്തിൽ പുറത്താകാതെ 47) ഭേദപ്പെട്ട സ്കോറിലേക്ക് കൊച്ചി കുതിച്ചെത്തുകയായിരുന്നു. രണ്ട് റൺസുമായി ജെറിൻ പുറത്താകാതെ നിന്നു. കൊല്ലത്തിനായി ഷറഫുദ്ദീൻ, പവൻ രാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.