പാകിസ്താൻ വനിതാ ടീം

വനിതാ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പ​​ങ്കെടുക്കില്ലെന്ന് പാകിസ്താൻ

ഗുവാഹതി: ഇന്ത്യയും ശ്രീലങ്കയും വേദിയൊരുക്കുന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ പാകിസ്താൻ തീരുമാനം.

സെപ്റ്റംബർ 30ന് ഗുവാഹതിയിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തോടനുബന്ധിച്ചാണ് വർണാഭമായ ​ഉദ്ഘാടന ചടങ്ങും തീരുമാനിച്ചത്. എന്നാൽ, ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘർഷങ്ങളുടെയും നയതന്ത്ര ഭിന്നതയുടെയും പശ്ചാത്തലത്തിൽ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ തീരുമാനം. ​പാകിസ്താൻ ക്യാപ്റ്റൻ ഫാതിമ സന ഉൾപ്പെടെ ടീം അംഗങ്ങളോ, ഒഫീഷ്യലുകളോ ഒന്നും ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ടൂർണമെന്റിന്റെ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലെ മത്സരത്തോടെയാണ് ഏകദിന ലോകകപ്പിന് ഗുവാഹതിയിൽ തുടക്കം കുറിക്കുന്നത്. മത്സരത്തിന് മുമ്പായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രേയ ഘോഷാൽ നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറുന്നുണ്ട്. ഐ.സി.സി ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇന്ത്യയും പാകിസ്താനും ഇരു രാജ്യങ്ങളിലുമായി കളിക്കേണ്ടതില്ലെന്ന തീരുമാനങ്ങളുടെ തുടർച്ചയായാണ് വനിതാ ലോകകപ്പിൽ നിന്നുള്ള പിൻമാറ്റവും.

ടൂർണമെൻറിൽ പാകിസ്താന്റെ മുഴുവൻ മത്സരങ്ങൾക്കും ​കൊളംബോയാണ് വേദിയാകുന്നത്. ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം. കൊളംബോ പ്രേമദാസ സ്റ്റേഡിയം വേദിയാകും. പാകിസ്താൻ സെമിയിൽ പ്രവേശിക്കുകയാണെങ്കിൽ മത്സരം കൊളംബോയിൽ നടത്തുന്ന രീതിയിലാണ് ഫിക്സ്ചർ തയ്യാറാക്കിയത്. പാകിസ്താൻ സെമിയിലും ഫൈനലിലും ഇടം പിടിച്ചില്ലെങ്കിൽ അവസാന മത്സരങ്ങൾക്ക് ഇന്ത്യയിലെ നഗരങ്ങൾ വേദിയാകും.

2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ കായിക ബന്ധവും വഷളായത്. പഹൽഗാം ആക്രമണവും, ഓപറേഷൻ സിന്ദൂറും ഉൾപ്പെടെ പുതിയ സംഘർഷ സാഹചര്യത്തിൽ കളിക്കളത്തിലെ ബന്ധവും താറുമാറായി. തൊട്ടുപിന്നാലെ നടന്ന ലെജൻഡ്സ് ക്രിക്കറ്റിൽ പാകിസ്താനെതിരായ മത്സരങ്ങൾ ഇന്ത്യൻ ടീം ബഹിഷ്‍കരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താൻ വേദിയായ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ അവിടെ മത്സരിക്കാൻ ഇന്ത്യ വിസമ്മതം അറിയിച്ചു. തുടർന്ന് ദുബൈയിലായിരുന്നു ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും നടത്തിയത്.

Tags:    
News Summary - Pakistan to not attend Women's World Cup opening ceremony in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.