പൊക്കംകുറഞ്ഞവരെ വിളിച്ചുവരുത്തി പിറന്നാളാഘോഷം; ബാഴ്സ യുവതാരത്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ബാഴ്സലോണ യുവതാരം ലാമിൻ യമാലിന്‍റെ പിറന്നാളാഘോഷം വിവാദത്തിൽ. ആഘോഷത്തിന്‍റെ ഭാഗമായുള്ള വിനോദപരിപാടികൾ അവതരിപ്പിക്കാനായി പൊക്കംകുറഞ്ഞവരെ വിളിച്ചുവരുത്തിയ ബാഴ്സ വിങ്ങറുടെ നടപടിയിൽ സ്പെയിൻ സർക്കാറിലെ സാമൂഹിക മന്ത്രാലയം അന്വേഷണം നടത്താൻ പ്രോസിക്യൂട്ടർ ഓഫിസിന് നിർദേശം നൽകി.

താരത്തിന്‍റെ 18ാം പിറന്നാൾ ആഘോഷമായിരുന്നു. ബാഴ്സലോണ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ചെറു പട്ടണമായ ഒലിവെല്ലയിൽ വാടക കെട്ടിടത്തിലായിരുന്നു ആഘോഷം. പ്രമുഖ യൂട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുസർമാരും കലാകാരന്മാരും ബാഴ്സലോണ താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പിറന്നാൾ ആഘോഷത്തിൽ പെർഫോം ചെയ്യാനായി പൊക്കം കുറഞ്ഞവരെ ക്ഷണിച്ച നടപടി 21ാം നൂറ്റാണ്ടിൽ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അസ്ഥികളുടെ വളർച്ചയെ ബാധിക്കുന്ന ഒരു ജനിതക വൈകല്യമായ അക്കോണ്ട്രോപ്ലാസിയ രോഗികൾക്കുവേണ്ടിയുള്ള സ്പെയിനിലെ കൂട്ടായ്മമായ എ.ഡി.ഇ.ഇ കുറ്റപ്പെടുത്തി.

സംഘടനയുടെ പരാതിയിലാണ് താരത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. താരത്തിന്‍റെ നടപടി നിലവിലുള്ള നിയമങ്ങളെ മാത്രമല്ല, സമത്വവും ആദരവും പുലർത്താൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ അടിസ്ഥാന ധാർമിക മൂല്യങ്ങളെയും ലംഘിക്കുന്നതാണെന്ന് സംഘടന പ്രതികരിച്ചു. വിഷയത്തിൽ താരമോ, ബാഴ്സ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് സ്പാനിഷ് താരം യമാൽ. 3958 കോടി രൂപയാണ് താരത്തിന്റെ വിപണിമൂല്യം. അന്താരാഷ്ട്ര-ക്ലബ് ഫുട്ബാളിലെ മിന്നുന്ന പ്രകടനമാണ് വിങ്ങറുടെ മൂല്യം കുത്തനെ ഉയര്‍ത്തിയത്. അതേസമയം, പിറന്നാളാഘോഷത്തിൽ പങ്കെടുത്ത ഒരു കലാകാരൻ യമാലിനെ പിന്തുണച്ച് രംഗത്തെത്തി. ഒരാളും തങ്ങളോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സമാധാനത്തോടെയാണ് പരിപാടി അവതരിപ്പിച്ചതെന്നും പേര് വെളിപ്പെടുത്താൻ തയാറല്ലാത്ത ഒരു കലാകാരൻ പ്രതികരിച്ചു. ആഘോഷം തീർത്തും താരത്തിന്‍റെ സ്വകാര്യതയിൽ ഉൾപ്പെട്ടതാണെന്നും നിലവിൽ ക്ലബ് വിഷയത്തിൽ പ്രതികരിക്കാനുള്ള സാഹചര്യത്തിലല്ലെന്നും ബാഴ്സ വക്താവ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് താരത്തിന് 18 വയസ്സ് പൂർത്തിയായത്. ശനിയാഴ്ച രാത്രി നടന്ന ആഘോഷ പരിപാടിയുടെ വിഡിയോ പകർത്താൻ അതിഥികൾക്ക് അനുമതിയില്ലായിരുന്നു. എന്നാൽ, ഒരുസംഘം പൊക്കംകുറഞ്ഞവർ പരിപാടിയിലേക്ക് എത്തുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു.

Tags:    
News Summary - Lamine Yamal to be investigated over dwarfism row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.