സിൻസിനാറ്റി: സൂപ്പർതാരം ലയണൽ മെസ്സിയുടെ ഗോളടിമേളത്തിനും ഇന്‍റർമയാമിയുടെ വിജയക്കുതിപ്പിനും അന്ത്യം! മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) എഫ്.സി സിൻസിനാറ്റിയോട് വമ്പൻ തോൽവി വഴങ്ങി മയാമി. സിൻസിനാറ്റിയുടെ തട്ടകമായ ടി.ക്യു.എല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിപ്പടയുടെ തോൽവി.
എം.എൽ.എസിൽ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഒന്നിലധികം ഗോളുകള്‍ നേടി റെക്കോഡിട്ട മെസ്സിയുടെയും മയാമിയുടെയും വിജയക്കുതിപ്പിനുകൂടിയാണ് ഇതോടെ അവസാനമായത്. ഇവാന്‍ഡര്‍ ഡ സില്‍വ ഫെരേര ഇരട്ട ഗോളുമായി തിളങ്ങി. ജെറാര്‍ഡോ വലന്‍സ്വെലയാണ് സിൻസിനാറ്റിക്കായി മറ്റൊരു ഗോൾ നേടിയത്. പന്തു കൈവശം വെക്കുന്നതിൽ മയാമി മുന്നിട്ടുനിന്നെങ്കിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിൽ ആതിഥേയർക്കായിരുന്നു ആധിപത്യം. ലൂയിസ് സുവാരസിനെയും മെസ്സിയെയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ഫോര്‍മേഷനിലാണ് പരിശീലകൻ ഹാവിയര്‍ മഷറാനോ മയാമിയെ കളത്തിലിറക്കിയത്.
മത്സരത്തിന്‍റെ തുടക്കംമുതലേ സിൻസിനാറ്റി ആക്രമണ ഫുട്ബാളാണ് കളിച്ചത്. ഒടുവിൽ 16ാം മിനിറ്റിൽ ഫലവും കിട്ടി, ജെറാര്‍ഡോ വലന്‍സ്വെലയിലൂടെ സിന്‍സിനാറ്റി ലീഡെടുത്തു. സീസണിൽ താരത്തിന്‍റെ അഞ്ചാം ഗോളാണിത്. ലൂകാ ഒറെലാനോയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ 16 മിനിറ്റിൽ സിൻസിനാറ്റി ടാർഗറ്റിലേക്ക് നാലു ഷോട്ടുകൾ പായിച്ചപ്പോൾ, മയാമിയുടെ അക്കൗണ്ടിൽ ഒന്നുപോലും ഇല്ലായിരുന്നു. സമനില പിടിക്കാനുള്ള മയാമിയുടെ നീക്കങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് മെസ്സിയുടെ കാലിൽനിന്ന് പോസ്റ്റിലേക്ക് ആദ്യ ഷോട്ടെത്തുന്നത്. ഗോൾകീപ്പർ റോമൻ സെലന്‍റാനോ പന്ത് അനായാസം കൈയിലൊതുക്കി.
1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ സിൻസിനാറ്റി ലീഡ് ഇരട്ടിയാക്കി. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇവാന്‍ഡര്‍ ഫെരേരയാണ് വലകുലുക്കിയത്. സീസണിൽ താരത്തിന്‍റെ 14ാം ഗോൾ. രണ്ട് ഗോളിന് പിന്നിലായതോടെ മയാമി ഉണര്‍ന്നുകളിച്ചെങ്കിലും സിൻസിനാറ്റിയുടെ പ്രതിരോധം മറികടക്കാനായില്ല. 70ാം മിനിറ്റില്‍ ഇവാന്‍ഡര്‍ ഒരിക്കല്‍ക്കൂടി വലകുലുക്കി മയാമിയെ ഞെട്ടിച്ചു. സഹതാരത്തിന്റെ ഷോട്ട് മയാമി ഗോള്‍കീപ്പര്‍ തട്ടിയിട്ടെങ്കിലും റീബൗണ്ട് പന്ത് ബ്രസീലിയന്‍ താരത്തിന് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്കോർ 3-0.
ജയത്തോടെ പോയന്‍റ് പട്ടികയിൽ സിൻസിനാറ്റി രണ്ടാമതെത്തി. 23 മത്സരങ്ങളിൽനിന്ന് 14 ജയവുമായി 45 പോയന്‍റ്. 20 മത്സരങ്ങളിൽനിന്ന് 38 പോയന്‍റുമായി മയാമി അഞ്ചാമതാണ്. 23 മത്സരങ്ങളിൽ 46 പോയന്‍റുള്ള ഫിലാൽഡെൽഫിയ യൂനിയനാണ് ലീഗിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.