ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ചരിത്രത്തിലാദ്യമായി പ്രതിമാസ അലവൻസ് പ്രഖ്യാപിച്ച് കായിക മന്ത്രാലയം. ദേശീയ ക്യാമ്പിൽ ഇടംപിടിക്കുന്ന പുരുഷ, വനിത താരങ്ങൾക്ക് ഓരോ മാസവും 25,000 രൂപ വീതമാണ് അലവൻസ് അനുവദിക്കുക. 40 പുരുഷന്മാരും അത്രയും വനിതകളുമായി 80 പേർക്കാണ് അലവൻസ് ലഭിക്കുക. മിഷൻ ഒളിമ്പിക് സെൽ യോഗത്തിലാണ് തീരുമാനം.
അതേസമയം, മുൻനിര താരങ്ങൾക്ക് അലവൻസ് ഇരട്ടിയായിരിക്കും. ഏറെയായി ഹോക്കി ഫെഡറേഷൻ ആവശ്യമുന്നയിക്കുന്നതാണെന്നും ഇത് അംഗീകരിച്ചാണ് നടപടിയെന്നും കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഓരോ മാസവും അലവൻസ് അനുവദിക്കേണ്ട താരങ്ങളുടെ പട്ടിക ഹോക്കി ഇന്ത്യ സമർപ്പിക്കും. താരങ്ങളുടെ ഫോം, ഫിറ്റ്നസ് എന്നിവ പരിഗണിച്ച് പട്ടിക വ്യത്യാസപ്പെട്ടേക്കും.
നിലവിൽ, ഹോക്കി താരങ്ങൾക്ക് അവർ ജോലി ചെയ്യുന്ന അതത് വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയാണ് ശമ്പളം അനുവദിക്കുന്നത്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് പോലുള്ള മത്സരങ്ങളിൽ ലഭിക്കുന്ന സമ്മാനത്തുകയായിരുന്നു മറ്റു വരുമാന മാർഗം. ക്രിക്കറ്റിലേതിന് സമാനമായി തട്ടുകളായി തിരിച്ച് താരങ്ങൾക്ക് പ്രതിഫലം നൽകുന്നതും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.