തിരുവനന്തപുരം: കായികമന്ത്രി വി. അബ്ദുറഹ്മാനും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറും തമ്മിലുള്ള പോരിന്റെ അന്തിമ തീർപ്പ് കോടതിയുടെ മുന്നിലേക്ക്. വി. സുനിൽകുമാർ അധ്യക്ഷനായ ‘കേരള ഹോക്കി’ അസോസിയേഷൻ പിരിച്ചുവിട്ട് മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന കായിക വകുപ്പിന്റെ ഉത്തരവ് ചോദ്യംചെയ്ത് അസോസിയേഷൻ ഹൈകോടതിയെ സമീപിക്കും.
ഭരണസമിതിക്കെതിരെ മുൻ ഹോക്കി താരങ്ങൾ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സെക്രട്ടറി പി. വിഷ്ണുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവരടങ്ങിയ പ്രത്യേകസമിതിയെ സർക്കാർ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. അന്വേഷണം സ്റ്റേ ചെയ്യാൻ ഹോക്കി അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. പകരം സർക്കാർ തീരുമാനം അറിയിക്കാനായിരുന്നു നിർദേശം.
സുനിൽകുമാർ അധ്യക്ഷനായ കേരള ഹോക്കി ഭരണസമിതി 2017ൽ നിലവിൽ വന്നത് കായികചട്ടം ലംഘിച്ചാണെന്നായിരുന്നു സമിതി കണ്ടെത്തൽ. 2014 വരെ സുനിൽകുമാർ പ്രസിഡന്റും രമേഷ് കൊളപ്പ സെക്രട്ടറിയുമായിരുന്ന ‘ഹോക്കി കേരള’ക്ക് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ഹോക്കി ഇന്ത്യയുടെയും അംഗീകാരമുണ്ടായിരുന്നു.
സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് 2014 ജൂലൈ നാലിന് ഹോക്കി കേരളയെ ഹോക്കി ഇന്ത്യ പിരിച്ചുവിട്ടു. തുടർന്ന് ഫ്രാൻസിസ് കെ. പോൾ പ്രസിഡന്റും അഫ്സർ അഹമ്മദ് സെക്രട്ടറിയുമായി 35ാമത് ദേശീയ ഗെയിംസിന്റെ ചുവടുപിടിച്ച് കേരള ഹോക്കി എന്ന പേരിൽ സംഘടനക്ക് രൂപം നൽകി.
2014 സെപ്റ്റംബർ ആറിന് ഹോക്കി ഇന്ത്യയുടെയും പിന്നാലെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരം കേരള ഹോക്കിക്ക് ലഭിച്ചു. കായിക നിയമങ്ങൾ അട്ടിമറിച്ചും ബൈലാ ഭേദഗതിയിലൂടെയും 2017 ജൂലൈ ഒമ്പതിന് സുനിൽകുമാർ അധ്യക്ഷനായ പുതിയ ഭരണസമിതി നിലവിൽ വന്നു. 2022ലും സുനിൽകുമാർ അസോസിയേഷന്റെ തലപ്പത്തെത്തി.
കേരള കായിക നിയമം സെക്ഷൻ 31 A (3) പ്രകാരം ഒരുതവണ പിരിച്ചുവിട്ടവർക്ക് വീണ്ടും അതേ അസോസിയേഷന്റെയോ മറ്റ് അസോസിയേഷന്റെയോ ഭാരവാഹികളായി വരാൻ കഴിയില്ലെന്നായിരുന്നു അന്വേഷണസമിതി കണ്ടെത്തൽ. ഭരണസമിതി പിരിച്ചുവിട്ട ഉത്തരവ് സർക്കാർ ഉടൻ തന്നെ ഹൈകോടതിയെ അറിയിക്കും. കോടതി തീരുമാനം അനുസരിച്ചായിരിക്കും തുടർനടപടികളെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പ്രകടനം മോശമായതിനെ തുടർന്ന് മന്ത്രി വി. അബ്ദുറഹ്മാനും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാറും ഏറെ നാളായി ഏറ്റുമുട്ടൽ പാതയിലാണ്. മന്ത്രിയുടെ ഭരണവൈകല്യമാണ് പ്രകടനം മോശമാകാൻ കാരണമെന്ന് സുനിൽകുമാർ ആരോപിച്ചപ്പോൾ സുനിൽകുമാറിനെതിരെ അഴിമതി ആരോപണങ്ങളുമായായിരുന്നു മന്ത്രിയുടെ തിരിച്ചടി.
ഭരണസമിതി പിരിച്ചുവിടാനുള്ള അധികാരം സർക്കാറിനില്ല. അസോസിയേഷന്റെ അംഗീകാരം വേണമെങ്കിൽ റദ്ദാക്കാം. നിലവിലെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെയും സ്പോർട്സ് കൗൺസിൽ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ആ റിപ്പോർട്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചു.
റിപ്പോർട്ട് അംഗീകരിച്ചവർ തന്നെയാണ് വീണ്ടും അന്വേഷിച്ച് മറ്റൊരു കണ്ടെത്തലുമായി വരുന്നത്. അസോസിയേഷനെതിരെ എന്ത് നടപടിയും മുൻകൂർ അറിയിച്ചിട്ടുവേണമെന്ന് കോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. അത് സർക്കാർ തെറ്റിച്ചു. ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകും - വി. സുനിൽകുമാർ(കേരള ഹോക്കി പ്രസിഡന്റ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.