കൊച്ചി: ചെറുതോണി തുഴഞ്ഞ് കായൽപരപ്പിലൂടെ കടന്നുപോകുന്ന മനുഷ്യർ... പച്ചപ്പ് നിറഞ്ഞ പാടങ്ങളും നാട്ടുവഴികളും... തനിമ ചോരാത്ത ഗ്രാമക്കാഴ്ചകൾ... അത്രമേൽ മനോഹരമായ പുലർകാലവും അസ്തമയവും... കാഴ്ചകൾകൊണ്ട് സമ്പന്നമായ കടമക്കുടി തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവിടേക്ക് അവരെ ആകർഷിക്കുന്ന കാഴ്ചകൾ നിരവധിയാണ്.
പുലർകാലത്ത് കായലിലൂടെ ബോട്ട് യാത്ര ചെയ്തും പൊക്കാളിപ്പാടങ്ങളിലൂടെ നടന്നും ദേശാടനപ്പക്ഷികളെ കണ്ടും മീൻപിടിച്ചുമൊക്കെ യാത്ര ആസ്വാദ്യകരമാക്കാമെന്നത് ഈ പ്രദേശത്തിന് സഞ്ചാരികൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുകയാണ്. നഗരത്തിൽനിന്ന് വിളിപ്പാടകലെയുള്ള മനോഹരമായ ഈ കൊച്ചുദ്വീപ് തിരക്കുകളൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷം അനുഭവിച്ചറിയാനെത്തുന്നവരുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്.
നിർമാണം പൂർത്തിയാകുന്ന കടമക്കുടി വാട്ടർ മെട്രോ സ്റ്റേഷൻ
അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറുമ്പോൾ, നാടിന്റെ അഭിമാനമായ വാട്ടർമെട്രോകൂടി കടമക്കുടിയിലേക്ക് എത്തുകയാണെന്നറിഞ്ഞ് ഇവിടുത്തെ ജനങ്ങൾ സന്തോഷത്തിലാണ്. ‘‘കടന്നാല്‍ കുടുങ്ങി... കടമക്കുടി എന്നൊക്കെ ഞങ്ങളുടെ നാടിനെ വിളിച്ചിരുന്ന ഒരു സമയമൊക്കെ ഉണ്ടായിട്ടുണ്ട്... എന്നാല്‍, അതൊക്കെ പഴങ്കഥയായി. ഇപ്പോള്‍ ദേ വാട്ടര്‍ മെട്രോ കൂടി വരാന്‍ പോകുന്നു’’-പറയുമ്പോൾ നാട്ടുകാരനായ ആൻറണിയുടെ മുഖത്ത് അഭിമാനം നിറയുകയാണ്.
റോഡും പാലവും തുടങ്ങി കൂടുതൽ സൗകര്യങ്ങളായതോടെ കടമക്കുടിയിലേക്ക് എത്താന്‍ ഇപ്പോള്‍ പഴയപോലുള്ള ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. വാട്ടര്‍ മെട്രോ കൂടി എത്തുന്നതോടെ നിലവിലുള്ള യാത്രാക്ലേശങ്ങള്ക്കു കൂടി പരിഹാരമാകും. ഇന്ന് ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖര്‍പോലും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി കടമക്കുടി മാറിക്കഴിഞ്ഞു.
കൊച്ചി നഗരത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് കടമക്കുടി. വലിയ കടമക്കുടി, മുരിക്കല്‍, പാളയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂര്‍, കോതാട്, കോരമ്പാടം, കണ്ടനാട്, കടമക്കുടി തുടങ്ങി 14 ചെറുദ്വീപുകളുടെ സമൂഹമാണ് കടമക്കുടിയിൽ. 14 ദ്വീപുകൾ ഒത്തുചേര്‍ന്നതാണ് വാണിജ്യനഗരത്തിന് നടുക്ക് പ്രകൃതി അണിയിച്ചൊരുക്കിയ ഈ മനോഹര ദ്വീപ് സമൂഹം.
നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതായതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാൻ ബോട്ടുകളും വഞ്ചികളും ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് റോഡും പാലവുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വന്നതോടെ നാടിന്റെ സ്ഥിതി മാറി. വാട്ടര്‍ മെട്രോ സൗകര്യംകൂടി വരുന്നതോടെ കടമക്കുടിക്ക് മുന്നില്‍ വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും. വിനോദ സഞ്ചാരസാധ്യതകള്‍ വര്‍ധിക്കും.
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ടെര്‍മിനലുകളില്‍ കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിർമാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ബോട്ടുകള്‍ ലഭ്യമാക്കി, മറ്റ് അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷാവസാനത്തോടെ രണ്ട് ടെര്‍മിനലുകള്‍ പ്രവര്ത്തനസജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂര്‍, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളംകുന്നപ്പുഴ, മൂലമ്പിള്ളി എന്നീ ടെര്‍മിനലുകള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ടെൻഡര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയുമാണ്.
2023 ഏപ്രില്‍ 25ന് പ്രവര്‍ത്തനമാരംഭിച്ച വാട്ടര്‍ മെട്രോ നിലവില്‍ ഹൈകോര്‍ട്ട്, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളിലാണ് 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഹൈകോര്‍ട്ട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലാണ്.
വളരെ കുറഞ്ഞ ചെലവില്‍ പൊതുഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതിസൗഹൃദമായ രീതിയില്‍ നിറവേറ്റുന്നതോടൊപ്പം, ആസ്വാദ്യതയും ആവേശവും സുഖവും പ്രദാനംചെയ്യുന്ന അതുല്യമായ യാത്രാനുഭവം നല്കാന് ജലയാത്രക്ക് സാധിക്കുമെന്നതുകൊണ്ടുതന്നെ നല്ല സ്വീകാര്യതയാണ് ഈ പൊതുഗതാഗത സംവിധാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കടമക്കുടിയുടെ കായല്‍ഭംഗി ആസ്വദിക്കാനും ഞണ്ടും ചെമ്മീനും കായല്‍മത്സ്യങ്ങളും ഉൾപ്പെടെ രുചികരമായ കായല്‍ വിഭവങ്ങള്‍ രുചിച്ചറിയാനും പക്ഷി നിരീക്ഷണത്തിനുമൊക്കെയായി വിദേശികളും സ്വദേശികളും ആയിട്ടുള്ള നിരവധി ആളുകളാണ് ദിനംപ്രതി ഇവിടേക്ക് എത്തിച്ചേരുന്നത്.
കടമക്കുടിയുടെ കായല്‍ പരപ്പിലൂടെയുള്ള യാത്ര നയനാനന്ദകരമാണ്. അപൂര്‍വയിനം ദേശാടനപക്ഷികള്‍ വരമ്പുകളില്‍ വന്നിറങ്ങുന്ന കാഴ്ചകള്‍, പൊക്കാളിപ്പാടങ്ങള്‍, ചെറുതോണികളില്‍ എത്തി വലയെറിയുന്നവര്‍, പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഗ്രാമീണ കാഴ്ചകള്‍, ഉദയാസ്തമയങ്ങള്‍ തുടങ്ങി, കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകള്‍ കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് വാട്ടര്‍ മെട്രോയിലുള്ള യാത്ര പുതിയ അനുഭവമാകും.
ദ്വീപിന്റെ മനോഹാരിത നിലനിര്‍ത്തി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കടമക്കുടിയില്‍ നടന്നിട്ടുള്ളത്. വാട്ടര്‍ മെട്രോ വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ നാഴികക്കല്ലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.