ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 30 പേർ മരിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച അർധരാത്രി വരെ ബെയ്ജിങ്ങിൽ ഉണ്ടായ പേമാരിയിലും മഴയിലും 30 പേർ മരിച്ചതായി മുനിസിപ്പൽകാര്യ നഗര നിയന്ത്രണ വിഭാഗം മേധാവി സിൻഹുവ പറഞ്ഞു. വാരാന്ത്യത്തിൽ ആരംഭിച്ച പേമാരി തിങ്കളാഴ്ച ചൈനീസ് തലസ്ഥാനത്തും പരിസര പ്രവിശ്യകളിലും ശക്തമായി, ബെയ്ജിങ്ങിന്റെ വടക്കൻ ജില്ലകളിൽ 543 മില്ലിമീറ്റർവരെ മഴ പെയ്തതായി സിൻഹുവ അറിയിച്ചു.
വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ നിന്ന് 136 ഗ്രാമങ്ങളിൽനിന്ന് 80,000 ത്തിലധികം താമസക്കാരെ അധികൃതർ മാറ്റിപ്പാർപ്പിച്ചതായി രാജ്യത്തെ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വൈദ്യുതി ബന്ധം താറുമാറാവുകയും നിരവധി റോഡുകളും ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ബെയ്ജിങ്ങിൽ ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്റർ വരെ മഴ പെയ്യാമെന്നുമ കാലാവസ്ഥ വിഭാഗം പ്രവചിക്കുന്നു.
ബെയ്ജിങ്ങിലെ മിയുൺ ജില്ലയിലെ ഒരു റിസർവോയറിൽ നിന്ന് വെള്ളം തുറന്നുവിടാൻ അധികൃതർ ഉത്തരവിട്ടു. 1959 ൽ നിർമിച്ചതിനുശേഷം ഇതിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും കനത്ത മഴ പ്രവചിക്കുകയും ചെയ്തതിനാൽ നദികളുടെ സമീപത്തേക്ക് പോകാതിരിക്കാൻ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെയ്ജിങ്ങിന്റെ പർവത പ്രദേശങ്ങളായ വടക്കൻ ജില്ലകളിലാണ് മരണം സംഭവിച്ചത്, മിയൂണിൽ 28 പേരും യാങ്കിങ്ങിൽ രണ്ട് പേരും മരിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വൈകി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഉത്തരവിട്ടു. ആളുകളോട് വീട്ടിനുള്ളിൽ തുടരാൻ ഉത്തരവിട്ടു, സ്കൂളുകൾ അടച്ചു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു, അടിയന്തര മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ടൂറിസവും മറ്റ് പ്രവർത്തനങ്ങളും നിർത്തിവെക്കാനാവശ്യപ്പെട്ടു.
മധ്യ ബെയ്ജിങ്ങിൽനിന്ന് നൂറു കിലോമീറ്റർ വടക്കുകിഴക്കായി തായ്ഷിറ്റൂൺ പട്ടണത്തിൽ, തിങ്കളാഴ്ച തെരുവുകളിൽ മരങ്ങൾ വ്യാപകമായി കടപുഴകിയും വെള്ളവും ചെളിയും നിറഞ്ഞ് ഗതാഗത തടസ്സം നേരിടുകയാണ്. വെള്ളപ്പൊക്കം വളരെ വേഗത്തിൽ ഇരച്ചുകയറുകയായിരുന്നെന്നാണ് ഗ്രാമവാസികളും പറയുന്നത്. ബെയ്ജിങ്ങിന് തെക്ക് സ്ഥിതി ചെയ്യുന്ന ഹെബെയ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പേമാരിയും വെള്ളപ്പൊക്കവും മൂലം നാല് പേർ മരിക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.