‘12 ദിവസത്തിനുള്ളിൽ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണം’; റഷ്യക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

എഡിൻബർഗ്: യുക്രെനിലെ യുദ്ധത്തിൽ 10-12 ദിവസത്തിനകം സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. സംഘർഷം അവസാനിപ്പിക്കാതെ, യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ നിലപാടിൽ അമർഷം രേഖപ്പെടുത്തിക്കൊണ്ടാണ് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഈ മാസമാദ്യം 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

“ഞാൻ പുതിയൊരു തീയതി പറയുകയാണ്. ഇന്നുമുതൽ 10-12 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം. ഒരുപാട് കാത്തിരിക്കുന്നതിൽ കാര്യമില്ല. പ്രത്യേകിച്ച് ഒരു പുരോഗതിയും കാണുന്നില്ല” -ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്‍റെ പുതിയ നീക്കത്തെ പ്രശംസിച്ച യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി, അദ്ദേഹത്തിന്‍റേത് ശരിയായ നിലപാടാണെന്നും ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതാണെന്നും പ്രതികരിച്ചു. യുദ്ധം അവസാനിപ്പിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാനുള്ള ട്രംപിന്‍റെ നീക്കത്തിന് നന്ദി അറിയിക്കുന്നതായും സെലൻസ്കി കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അന്ത്യശാസനം നൽകുന്ന ‘പതിവ് പരിപാടി’യുമായി ട്രംപ് വരേണ്ടെന്ന് റഷ്യയുടെ മുൻ പ്രസിഡന്‍റും പുടിന്‍റെ അടുപ്പക്കാരനുമായ ദിമിത്രി മെദ്വദേവ് എക്സിൽ കുറിച്ചു. ഓരോ അന്ത്യശാസനയും യുദ്ധത്തിലേക്കുള്ള പടിയാണ്. അത് റഷ്യയും യുക്രെയ്നും തമ്മില്ല, ട്രംപിന്‍റെ സ്വന്തം രാജ്യവുമായാണെന്നും മെദ്വദേവ് പറഞ്ഞു.

Tags:    
News Summary - Trump gives Russia 10 or 12 days to end war on Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.