ഇസ്തംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബർസ നഗരത്തിൽ കാട്ടുതീ പടർന്നതോടെ മരിച്ചവരുടെ എണ്ണം ഞായറാഴ്ച വൈകീട്ടോടെ നാലായി ഉയർന്നു.കാട്ടുതീ അണക്കാനെത്തിയ വാട്ടർ ടാങ്കർ മറിഞ്ഞ് അതിനടിയിൽപെട്ട ദമ്പതികൾ ആശുപത്രിയിൽ മരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് മറ്റൊരു തൊഴിലാളിയും ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഒരു അഗ്നിശമന സേനാംഗവും മരിച്ചു.
ജൂൺ അവസാനത്തോടെ തുർക്കിയയിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ബുധനാഴ്ച പടിഞ്ഞാറൻ തുർക്കിയയിലെ എക്സീറിലുണ്ടായ തീപിടിത്തത്തിൽ 10 അഗ്നിരക്ഷാപ്രവർത്തകരും വനപാലകരും കൊല്ലപ്പെട്ടു.തുർക്കിയയിലെ നാലാമത്തെ വലിയ നഗരമായ ബർസയിലേക്ക് പടർന്ന കാട്ടുതീ മൂലം 3,500-ലധികം ആളുകൾ പലായനം ചെയ്തു. തിങ്കളാഴ്ച രാവിലെയും തീപടർന്നു പിടിക്കുകയാണ്. മൂടൽമഞ്ഞുപോലെ നഗരത്തിൽ പുകനിറഞ്ഞുനിൽക്കുന്നു.
ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ പടർന്നുപിടിക്കാൻ കാരണമാകുകയാണ്. തുർക്കിയയും കിഴക്കൻ മെഡിറ്ററേനിയന്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന്റെ അളവ് ഉയരുകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ തുർക്കിയയിൽ നൂറുകണക്കിന് സ്‍ഥലങ്ങളിൽ തീപിടിത്തങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ചുരുക്കം വീടുകളിലേക്കുള്ള നാശനഷ്ടങ്ങൾ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയെങ്കിലും, ഭൂരിഭാഗം വനപ്രദേശങ്ങളും കത്തിനശിച്ചു.
അതിനിടെ വനപാതയിലൂടെ സഞ്ചരിച്ച വാഹനം കുഴിയലകപ്പെട്ട് തീപിടിച്ചതും അപകടകാരണമായി. സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാപ്രവർത്തകരും തീ അണച്ചതായി ഐഎച്ച്എ റിപ്പോർട്ട് ചെയ്തു.തുർക്കിയയിൽ ഞായറാഴ്ച മാത്രം 44 ഇടങ്ങളിൽ തീപടരുന്നതായി വനം മന്ത്രി ഇബ്രാഹിം യുമാക്‌ലി പറഞ്ഞു. ബർസ പ്രവിശ്യയിലെയും വടക്കുപടിഞ്ഞാറൻ തുർക്കിയയിലെ തീപിടുത്തങ്ങളും ഗുരുതരമായതായി അദ്ദേഹം തിരിച്ചറിഞ്ഞു.
പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നീ പ്രദേശങ്ങളെ ദുരന്തപ്രദേശങ്ങളായി പ്രഖ്യാപിച്ചു. തുർക്കിയയിലെ 81 പ്രവിശ്യകളിൽ 33 എണ്ണത്തിലായി 97 പേർക്കെതിരെ തീപിടുത്തവുമായി ബന്ധപ്പെട്ട് കേസെടുത്തതായി നീതിന്യായ മന്ത്രി യിൽമാസ് തുങ്ക് പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ടവരെ നാട്ടുകാർക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടമാളുകൾ ബർസയിലെ ഹർമൻസിക് ഗ്രാമത്തിൽ പൊലീസ് സ്റ്റേഷൻ വളഞ്ഞു. സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.