ന്യൂഡൽഹി: കിട്ടാക്കടം (എൻ.പി.എ) എഴുതിത്തള്ളുന്നതിൽ വീണ്ടും വർധന രേഖപ്പെടുത്തി ബാങ്കുകൾ. രാജ്യത്തെ വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കഴിഞ്ഞ സാമ്പത്തിക വർഷംമാത്രം എഴുതിത്തള്ളിയത് 26,542 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മുൻ സാമ്പത്തിക വർഷം (2023-24) ഇത് 17,645 കോടിയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് എഴുതിത്തള്ളിയത് 9271 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇത് 6091 കോടിയായിരുന്നു. അതേസമയം, ആക്സിസ് ബാങ്കിന്റേത് മുൻവർഷത്തെ 8865 കോടിയിൽനിന്ന് 11,833 കോടിയായി.
10 സാമ്പത്തിക വർഷത്തിനിടെ ബാങ്കുകൾ ഏകദേശം 16.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയതായി മാർച്ചിൽ ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. ആർ.ബി.ഐയുടെ 2024 ഡിസംബർ 31ലെ കണക്കനുസരിച്ച്, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലായി 29 കമ്പനികളുടെ 1000 കോടിയോ അതിലധികമോ വായ്പ കുടിശ്ശിക നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ടു. ഇത് ആകെ 61,027 കോടി രൂപയായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ കിട്ടാക്കടമായി എഴുതിത്തള്ളിയ വായ്പകളിൽ 20 ശതമാനത്തോളം മാത്രമാണ് വീണ്ടെടുക്കാനായതെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. 2024 സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടിയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടിയുമാണ്.
50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂർവം തിരിച്ചടക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് തയാറാക്കിയിട്ടുണ്ടെന്ന് പാർലമെന്റിൽ വ്യക്തമാക്കിയെങ്കിലും ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.
കിട്ടാക്കടം എഴുതിത്തള്ളുന്നതിലെ കുത്തനെയുള്ള വർധന ആശങ്കജനകമാണെന്ന് റിസർവ് ബാങ്ക് ഡിസംബറിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.