ആശ്വാസകരമായി പണ നയം; വിവിധ വായ്പകളുടെ പലിശ കുറയും, റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണനയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അര ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി. റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാര്‍ഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും. രാജ്യത്തിന്റെ വളര്‍ച്ചക്ക് കരുത്തുപകരുന്നതാണ് പുതിയ പണ വായ്പ നയ പ്രഖ്യാപനം.

കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ മൂന്ന് ധന നയങ്ങളിലായി കുറച്ച റിപ്പോ നിരക്ക് 100 ശതമാനമായി. നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉൽപാദനത്തിലെ വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങിയതുമാണ് പലിശ കുറക്കുന്നതിന് അനുകൂലമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ധന അവലോകന യോഗത്തിലാണ് മുഖ്യ പലിശനിരക്കില്‍ അര ശതമാനത്തിന്റെ കുറവ് വരുത്തിയത്. റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന വിപണികളിലെ തളര്‍ച്ച മറികടക്കാനാണ് പലിശ കുറച്ചത്.

ഇതിലൂടെ വിപണിയില്‍ പണ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നു. ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ 3.16 ശതമാനത്തിലെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT