നിലവിലെ ചക്രവാതച്ചുഴി അകലുന്നതോടെ തെളിഞ്ഞ ആകാശം റബർ വെട്ടിന് വഴിതെളിക്കുമെന്ന നിഗമനത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ചെറുകിട കർഷകർ. ഇതേ പ്രതീക്ഷയിൽ വൻകിട തോട്ടങ്ങളും എസ്റ്റേറ്റുകളിൽ മഴ മറ ഒരുക്കി കാത്തിരിക്കുകയാണ്. ആഭ്യന്തര വിപണികളിലെ രൂക്ഷമായ റബർ ക്ഷാമത്തിൽ നാലാം ഗ്രേഡ് കിലോ 210 രൂപയിലേക്ക് പ്രവേശിച്ചു. 212 രൂപക്കും വാരാന്ത്യം ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ, വിൽപനക്കാരുടെ അഭാവം വിപണിയെ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് ഉൽപാദന മേഖല.
അന്താരാഷ്ട്ര വിപണിയിലും പിന്നിട്ട വാരം റബർ വില ഉയർന്നു. കനത്ത മഴയും തായ്ലൻഡിലെ റബർ മേഖലയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടും മൂലം ഉൽപാദകർ രംഗത്തുനിന്ന് ഏതാണ്ട് പൂർണമായി വിട്ടുനിൽക്കുകയാണ്. ഇതിനിടയിൽ നേരത്തേ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള ഷിപ്പ്മെൻറ്റിനായി കയറ്റുമതിക്കാർ വിപണിയിൽ ഇറങ്ങിയത് ബാങ്കോക്കിൽ വിലക്കയറ്റം സൃഷ്ടിച്ചു.
ഒരവസരത്തിൽ കിലോ 190 രൂപവരെ താഴ്ന്ന വിപണനം നടന്ന തായ് മാർക്കറ്റ് വാരാവസാനം 196 ലേക്ക് ഉയർന്നു. വിപണിയിലെ ചരക്ക് ക്ഷാമം റബറിനെ 200 -210 രൂപയിലേക്ക് ഉയർത്തുമെന്ന നിഗമനത്തിൽ നിക്ഷേപകർ രാജ്യാന്തര അവധി വ്യാപാരത്തിൽ പിടിമുറുക്കുന്നുണ്ട്. ജപ്പാനിൽ റബർ കിലോ 330 യെൻവരെ ഉയർന്ന് ഇടപാടുകൾ നടന്നു. ക്രൂഡ് ഓയിൽ വിലയിൽ ഉണർവ് കണ്ടതും റബറിന് ഡിമാൻറ് ഉയർത്തി.
*****
ഓണം മുന്നിൽ കണ്ട് വെളിച്ചെണ്ണ വിൽപന പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് സപ്ലൈകോ. ഇക്കാലമത്രയും കേരളത്തിലെ മില്ലുകാർ ഉൽപാദിപ്പിച്ച വെളിച്ചെണ്ണയാണ് സപ്ലൈകോ വിൽപന നടത്തിയത്. എന്നാൽ, അടുത്തമാസം മുതൽ അവർ ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന എണ്ണയും മില്ലുകാരിൽനിന്ന് ശേഖരിക്കും. വെളിച്ചെണ്ണയുടെ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നമുക്കില്ല. കൊപ്ര വേഗത്തിൽ സംസ്കരിക്കാൻ സൾഫർ ലായനി പ്രയോഗം അയൽസംസ്ഥാനങ്ങളിലെ വ്യാപകമാണ്. ഇത്തരം എണ്ണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 38,500 രൂപയിലും കൊപ്ര 25,400 രൂപയിലുമാണ്. സ്പ്ലൈകോ രംഗത്തിറങ്ങിയാൽ താൽക്കാലികമായി വിപണി നിയന്ത്രിക്കുന്ന ഊഹക്കച്ചവടക്കാരെ തുരത്താൻ അത് ഉപകരിക്കും.
*****
ഉത്തരേന്ത്യയിൽ മഴ ശക്തമായതിനാൽ കുരുമുളകിന് ഡിമാൻറ് അൽപം കുറഞ്ഞു. സംഭരിക്കുന്ന മുളക് തണുപ്പിൽ കേടുകൂടാതെ സൂക്ഷിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ചരക്ക് സംഭരണം കുറിച്ചു. കാലാവസ്ഥ മാറ്റം കണ്ടാൽ അവർ പുതിയ വാങ്ങലുകൾക്ക് രംഗത്തിറങ്ങും. അന്തർസംസ്ഥാന വ്യാപാരികൾ അവസരം നേട്ടമാക്കാൻ കുരുമുളക് വില ചെറിയതോതിൽ ഇടിച്ചെങ്കിലും വിപണിയിലെ തളർച്ച കണ്ട് കർഷകർ വിൽപന നിയന്ത്രിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 66,500 രൂപ. അന്താരാഷ്ട്ര വിപണിയിൽ കുരുമുളക് വില ടണ്ണിന് 8100 ഡോളർ.
*****
ഏലത്തോട്ടങ്ങളിൽ ആദ്യ റൗണ്ട് വിളവെടുപ്പ് പല ഭാഗങ്ങളിലും പൂർത്തിയാവുന്നു. ഗ്വാട്ടിമലയിൽ ഏലം ഉൽപാദനത്തിൽ ചെറിയ വിള്ളൽ സംഭവിച്ചതായുള്ള സൂചനകൾ നമ്മുടെ ഉൽപന്ന വില ഉയർന്നതലത്തിൽ തുടരാൻ അവസരമൊരുക്കുമെന്നാണ് ചിലരുടെ നിഗമനം. അടുത്തമാസം രണ്ടാം പകുതിയിമുതൽ ഗ്വാട്ടിമല തോട്ടങ്ങളിൽ ഏലം വിളവെടുപ്പ് ഊർജിതമാകുമെന്ന് സൂചന.
ലേലത്തിൽ മികച്ചയിനങ്ങൾ 3066 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2594 രൂപയിലുമാണ്. ആഭ്യന്തര വാങ്ങലുകാർ പുതിയ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചു. അറബ് നാടുകളിൽനിന്ന് പുതിയ ഏലത്തിന് അന്വേഷണങ്ങൾ എത്തുന്നുണ്ട്.
*****
ബ്രസീലിയൻ കാപ്പി കർഷകർ പ്രതിസന്ധിയിൽ. ബ്രസീലിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ആഗസ്റ്റ് മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന വെളിപ്പെടുത്തൽ ആഗോള കാപ്പി കർഷകരിൽ സമ്മർദമുണ്ടാക്കി. പ്രതികൂല വാർത്തകൾ അന്താരാഷ്ട്ര മാർക്കറ്റിൽ കാപ്പി വിലയെ പിടിച്ചുലക്കുമെന്ന അവസ്ഥയാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്നത് ബ്രസീലാണ്.
അവിടെ നിരക്ക് കുറഞ്ഞാൽ അതിന്റെ പ്രതിഫലനം മറ്റ് വിപണികളിലും ദൃശ്യമാവും. വയനാട്ടിൽ കാപ്പി പരിപ്പ് കിലോ 340 രൂപയിലും ഉണ്ടക്കാപ്പി 54 കിലോ 10,000 രൂപയിലുമാണ്.
*****
കേരളത്തിൽ സ്വർണവില കയറി ഇറങ്ങി. വാരത്തിന്റെ തുടക്കത്തിൽ പവൻ 73,120 നിന്നും 72,800 ലേക്ക് താഴ്ന്നശേഷം ശനിയാഴ്ച 73,360 രൂപ. ഒരു ഗ്രാം സ്വർണ വില 9170 രൂപ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 3349 ഡോളർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.