അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊടുത്ത വ്യാപാരയുദ്ധത്തിന്റെ ചൂടും പുകയും അടങ്ങുന്നില്ല. ബ്ലാക്ക്മെയിൽ ചെയ്തും ഭീഷണി മുഴക്കിയും വരുതിയിലാക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾ ചില രാജ്യങ്ങൾ ചെറുത്തുനിൽക്കുമ്പോൾ ചിലർക്ക് കീഴടങ്ങലിന്റെ ഭാഷയാണ്. വിവിധ രാജ്യങ്ങളുമായി ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ആഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ തീരുവ നിശ്ചയിച്ച് യൂറോപ്യൻ യൂനിയനും 23 രാജ്യങ്ങൾക്കും ഈ മാസം ആദ്യം ട്രംപ് കത്തയച്ചു.
ഭീഷണിയുടെയും സമ്മർദത്തിന്റെയും സ്വരമാണ് കത്തിന്. ട്രംപിന്റെ സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണങ്ങളും അത്തരത്തിലാണ്. ആഫ്രിക്കയിലെയും കരീബിയയിലെയും ചെറിയ രാജ്യങ്ങൾക്കും ഉൾപ്പെടെ 10 ശതമാനത്തിനുമേൽ തീരുവ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി ട്രംപ് പറഞ്ഞു. നൂറോളം രാജ്യങ്ങൾക്കാണ് ഈ നിരക്ക് ബാധകമാവുക. പരമാവധി സമ്മർദം ചെലുത്തി അവസാനം കുറച്ചൊക്കെ വിട്ടുവീഴ്ച വരുത്തിയെന്ന് ബോധിപ്പിക്കുന്ന ഒത്തുതീർപ്പിലെത്തുമ്പോൾ അമേരിക്കക്ക് കിട്ടുന്നതെല്ലാം ലാഭമാണ്.
ഇന്തോനേഷ്യയുമായി കരാർ നിലവിൽവന്നു. ഇതനുസരിച്ച് ഇന്തോനേഷ്യൻ ഉൽപന്നങ്ങൾക്ക് യു.എസ് 19 ശതമാനം തീരുവ ചുമത്തും. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്തോനേഷ്യയിൽ തീരുവയൊന്നും ഉണ്ടാവില്ല. 35 ശതമാനം ചുമത്തുമെന്ന് ഭീഷണി മുഴക്കി 19 ആയി ‘കുറച്ചുകൊടുത്ത്’ യു.എസ് ഉൽപന്നങ്ങൾക്ക് മേലുള്ള തീരുവ പൂർണമായി ഇല്ലാതാക്കാൻ ട്രംപിന് കഴിഞ്ഞു. എന്നാൽ, ചില രാജ്യങ്ങൾ സമ്മർദത്തിന് വഴങ്ങുന്നില്ല.
യൂറോപ്യൻ യൂനിയന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യൂറോപ്യൻ കമീഷൻസ് പ്രസിഡന്റ് ഉർസുല വോൻഡെർ ലെയെൻ പറഞ്ഞു. തങ്ങൾക്കും ചില പദ്ധതികളുണ്ടെന്ന് മെക്സികോ മുന്നറിയിപ്പ് നൽകി. അധിക തീരുവയും സമ്മർദങ്ങളും നേരിടാൻ രാജ്യം ഒരുക്കമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മറുപടി നൽകി. ജപ്പാനും ചൈനയും സമ്മർദത്തിന് വഴങ്ങാതെ ഉറച്ചുനിൽക്കുന്നു.
നിരവധി ചർച്ചകൾക്ക് ശേഷവും ഇന്ത്യ -അമേരിക്ക വ്യാപാര കരാർ യാഥാർഥ്യമായിട്ടില്ല. അഞ്ചാംഘട്ട ചർച്ച വാഷിങ്ടണിൽ തുടരുകയാണ്. ഇന്ത്യയിലെ ബിസിനസ് രംഗവും ഓഹരി വിപണിയും തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സമ്മർദം ചെലുത്തി തീരുവയില്ലാതാക്കി ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന വിപണിയിലേക്ക് നുഴഞ്ഞുകയറാനുള്ള അമേരിക്കയുടെ ശ്രമമാണ് കല്ലുകടിയായി കിടക്കുന്നത്. കഴിഞ്ഞവർഷം 820 കോടി ഡോളറിന്റെ ക്ഷീരോൽപന്ന കയറ്റുമതി വരുമാനം നേടിയ അമേരിക്കക്ക് ഇന്ത്യൻ വിപണിയിൽ കണ്ണുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോൽപാദക, ഉപഭോഗ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ പാൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. ജനസംഖ്യയിൽ വലിയൊരു വിഭാഗം ക്ഷീര കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. എട്ട് കോടിയിലേറെ പേർ ക്ഷീരമേഖലയിൽ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. അമേരിക്കയിൽനിന്നുള്ള പാൽക്കട്ടിക്ക് 30 ശതമാനം, വെണ്ണക്ക് 40 ശതമാനം, പാൽപ്പൊടിക്ക് 60 ശതമാനം എന്നിങ്ങനെ കനത്ത തീരുവ ചുമത്തിയാണ് ഇറക്കുമതി ഭീഷണിയിൽനിന്ന് ഇന്ത്യ ക്ഷീര കർഷകരെ സംരക്ഷിക്കുന്നത്.
ഈ തീരുവ ഒഴിവാക്കാനാണ് ഡോണൾഡ് ട്രംപ് സമ്മർദം ചെലുത്തുന്നത്. യു.എസിൽനിന്നുള്ള ഇറക്കുമതി സുലഭമായാൽ ഇന്ത്യയിൽ പാൽ ഉൽപന്നങ്ങൾക്ക് 15 ശതമാനംവരെ വില കുറയും. വലിയ സബ്സിഡി നൽകിയാണ് അമേരിക്ക ക്ഷീരോൽപന്ന കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് കുറഞ്ഞ വിലയിൽ വിൽക്കാം. അത് ഇന്ത്യൻ ക്ഷീരോൽപാദക മേഖലയെ തകർക്കും. ഇന്ത്യൻ ക്ഷീരോൽപന്ന വിപണി ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.