വാഷിങ്ടൺ: യു.എസിന്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ്, ഡബ്യു.ടി.ഐ ക്രൂഡോയിലിന്റെ വിലയാണ് വർധിച്ചത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 2.2 ശതമാനം ഉയർന്ന് ബാരലിന് 79.20 ഡോളറായി ഉയർന്നു. ഡബ്യു.ടി.ഐ 2.1 ശതമാനം 75.68 ഡോളറായി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവിലയിൽ 10 ഡോളറിന്റെ വരെ വർധന ഉടനടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപാദക രാജ്യമാണ് ഇറാൻ. 3.3 മില്യൺ ബാരൽ എണ്ണയാണ് ഇറാൻ ഉൽപാദിപ്പിക്കുന്നത്. ഇതിൽ പകുതിയും ഇറാൻ കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഈ എണ്ണ വിപണിയിലേക്ക് എത്താതിരുന്നാൽ വരും ദിവസങ്ങളിലും അതിനനുസരിച്ച് വില ഉയരും.
ഹോർമുസ് കടലിടുക്ക് അടച്ചിടാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ലോക എണ്ണവിപണിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില 130 ഡോളർ വരെ ഉയരുമെന്ന പ്രവചനങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വൻതോതിൽ എണ്ണവില ഉയരുന്നത് ഇന്ത്യ ഉൾപ്പടെ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ബാധിക്കുമെന്നാണ് പ്രവചനങ്ങൾ.
പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും ഇടയിലുള്ള കടലിടുക്കാണ് ഹോര്‍മുസ്. ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലുള്ള ഈ പാതയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് തുറന്ന സമുദ്രത്തിലേക്കുള്ള ഏക കടല്‍ പാത. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നാണിത്. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാഖ്, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാന പാതയായി ഈ കടലിടുക്ക് വര്‍ത്തിക്കുന്നു.
ഏറ്റവും കുറഞ്ഞ വീതി 33 കിലോ മീറ്ററാണ്. കപ്പല്‍ ഗതാഗത ചാല്‍ വെറും മൂന്നു കിലോമീറ്ററും. അതിനാല്‍ പാത അടച്ചിടല്‍ ഏറെ എളുപ്പമാണ്. ഇറാന്‍ നാവിക സേനയും റെവല്യൂഷന്‍ ഗാര്‍ഡിന്റെ നാവികപ്പടയും ഇവിടെ സജീവമാണ്.
ദശാബ്ദങ്ങളായി ഹോര്‍മുസ് കടലിടുക്ക് പ്രാദേശിക സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവാണ്. യുഎസ് ആക്രമണത്തിന് ശേഷമുള്ള ഇറാന്റെ ഭീഷണി ആഗോള എണ്ണ വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കകളും ഉയര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.