ന്യൂയോർക്ക്: ഇറാനിലെ ആണവകേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചത് സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ. എണ്ണവില റെക്കോഡ് ഉയരത്തിലേക്ക് പോകുമെന്നും ഇത് ലോകരാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് പ്രവചനങ്ങൾ. ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് ശേഷം എണ്ണവിലയിൽ വർധനയുണ്ടായിരുന്നു.
ജൂൺ 10ന് ശേഷം എണ്ണവിലയിൽ 18 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുടർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്നനിരക്കായ 80 ഡോളറിലേക്ക് എണ്ണവില എത്തിയിരുന്നു. ഇറാൻ ഇസ്രായേൽ സംഘർഷം ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ എണ്ണവില 130 ഡോളർ കടക്കുമെന്നാണ് ഓക്സ്ഫോഡ് ഇക്കണോമിക്സ് പ്രവചിക്കുന്നത്.
ഇത് യു.എസിന്റെ പണപ്പെരുപ്പത്തിൽ ആറ് ശതമാനം വർധനയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സമാനമായി മറ്റ് ലോകരാജ്യങ്ങളിലും പണപ്പെരുപ്പം വർധിക്കും. ട്രംപിന്റെ താരിഫ് മൂലം വലയുന്ന ആഗോള സമ്പദ്‍വ്യവസ്ഥയെ ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഗൾഫ് മേഖലയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മുന്തിപങ്കും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടാൽ വലിയ പ്രതിസന്ധിയാവും ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത്. ഇത് ഇന്ത്യയേയും വലിയ പ്രതിസന്ധിയിലാക്കും.
നിലവിൽ ഇറാനിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നില്ല. എങ്കിലും അന്താരാഷ്ട്ര വിപണിയിലെ വില വർധനവും ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതും ഇന്ത്യയേയും വലിയ രീതിയിൽ ബാധിക്കും. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കും. ഇത് രാജ്യത്തിന്റെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ ഉയരുന്നതിന് ഇടയാക്കും. എണ്ണ കമ്പനികൾ ഇന്ധനവില ഉയർത്തിയാൽ അതിന് ആനുപാതികമായി പണപ്പെരുപ്പവും വർധിക്കും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നതിന് ഇടയാക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറേ മാസങ്ങളായി പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിർത്താൻ ഇന്ത്യക്ക് കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.