ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ യു.എസ് അണിചേർന്നത് ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾക്ക് കടുത്ത തിരിച്ചടിയാകും. ഇറാനിലേക്കും ഇസ്രായേലിലേക്കുമുള്ള കയറ്റുമതിയും ഇറക്കുമതിയും ഇതിനകം തടസ്സപ്പെടുത്തിയ സംഘർഷം യു.എസ് ആക്രമണത്തോടെ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും എണ്ണ ഇറക്കുമതിയിലും പ്രതികൂലമാകും.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഹൂതികളുടെ പങ്കാളിത്തം ഇന്ത്യയിൽ നിന്നുള്ള കപ്പലുകളുടെ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കത്തിന് തടസ്സമായി. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കടൽപാതയായി ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം നിരോധിച്ചത്.
ആഗോള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് സംഘർഷത്തിന്റെ അനന്തരഫലം പുതിയ തലത്തിലേക്ക് കടക്കാൻ ഇടയാക്കും. ഇത് സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ നീക്കത്തെ തടസ്സപ്പെടുത്തും.
എണ്ണ ടാങ്കറുകൾ മറ്റുപാത തേടുന്നതോടെ അസംസ്കൃത എണ്ണയുടെ വിലയേറും. ഇത് രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടും. എണ്ണവിലയിലും കപ്പൽ വഴിയുള്ള ചരക്കുകടത്ത് കൂലിയിലുമുണ്ടാക്കുന്ന വർധന സമ്പദ്ഘടനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല.
എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം അവതാളത്തിലാകുന്നതോടെ എണ്ണ വില കുതിച്ചുയരും. പണപ്പെരുപ്പം വർധിക്കും. രൂപ സമ്മർദത്തിലാകും. ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഉയരുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രത്യാഘാതങ്ങളുണ്ടാക്കും. വലിയ തോതിൽ വിലക്കയറ്റത്തിന് ഇത് കാരണമാകും.
യുദ്ധം തങ്ങളെ വലിയ പ്രശ്നത്തിലാക്കിയെന്നും ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തെ ബാധിച്ചെന്നും ടെക്നോക്രാഫ്റ്റ് ഇൻഡസ്ട്രീസ് സ്ഥാപക ചെയർമാൻ ശരത് കുമാർ ഷറഫ് പറഞ്ഞു. ഈ രാജ്യങ്ങളിലേക്ക് അയച്ച പല ചരക്കുകളും തിരിച്ചുവിളിക്കേണ്ടിവന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനിലേക്കുള്ള ബസ്മതി അരി, വാഴപ്പഴം, സോയാബീൻ, തേയില തുടങ്ങിയവയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം 124 കോടി യു.എസ് ഡോളറിലെത്തിയിരുന്നു.
ഇസ്രായേലിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 210 കോടി യു.എസ് ഡോളറിന്റേതാണ്. ഇരു രാജ്യങ്ങളിൽ നിന്നും യഥാക്രമം 44,180 കോടി, 160 കോടി യു.എസ് ഡോളറിന്റെ ഇറക്കുമതിയും ഇന്ത്യയിലേക്കുണ്ടായിരുന്നു. മാറിയ സാഹചര്യത്തിൽ ഇറാഖ്, ജോർഡൻ, ലബനാൻ, സിറിയ, യമൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അനിശ്ചിതത്വത്തിലാണ്.
860 കോടി യു.എസ് ഡോളറിന്റെ കയറ്റുമതിയും 3310 കോടി യു.എസ് ഡോളറിന്റെ ഇറക്കുമതിയും ഈ രാജ്യങ്ങളുമായുണ്ട്. ഇത് ചരക്കുകടത്ത് കൂലിയുടെ വർധനക്കൊപ്പം ചരക്കുകളുടെ ഇൻഷുറൻസിനുമുള്ള ചെലവുമേറ്റും. അരി, വാഴപ്പഴം, തേയില എന്നിവയുടെ കയറ്റുമതിയിൽ ഇടിവുണ്ടാക്കുകയും ഇന്ത്യയുടെ കാർഷിക മേഖലയെയും ബാധിക്കുകയും ചെയ്യും.
ന്യൂഡൽഹി: അമേരിക്കൻ കടന്നാക്രമണത്തോടെ ഇറാൻ- ഇസ്രായേൽ പോര് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതി ഇന്ത്യക്ക് കനത്ത ആശങ്ക സൃഷ്ടിക്കും. ഇറാനിലെ അസ്വസ്ഥതകളും അസ്ഥിരതയും ഇന്ത്യൻ കാർഷിക മേഖലക്ക് ഇതിനകം തിരിച്ചടി സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.
ബസ്മതി അരി ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാൻ. 6,400 കോടി രൂപയുടെ ബസ്മതി അരി ഉൾപ്പെടെ 11,200 കോടിയുടെ കാർഷിക ഉൽപന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്.
മാസങ്ങൾ മുമ്പ് സംഘർഷാവസ്ഥ മുന്നിൽക്കണ്ട് ഇറാനിൽ നിന്നുള്ള പല ഓർഡറുകളും റദ്ദാക്കപ്പെട്ടപ്പോൾ തന്നെ ബസ്മതി അരിക്ക് വിലയിടിഞ്ഞിരുന്നു. അടിയന്തര സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ മാസങ്ങളിൽ ഇറാൻ, ഉൽപന്നങ്ങൾ കൂടുതൽ ശേഖരിക്കാൻ തുടങ്ങിയതോടെയാണ് അതിന് മാറ്റം വന്നത്. സംഘർഷാവസ്ഥക്ക് അയവുവരാത്ത പക്ഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പുനരാരംഭിക്കപ്പെടില്ല.
നമ്മുടെ ഉൽപന്നങ്ങൾ എത്തിച്ചിരുന്ന സുപ്രധാന തുറമുഖമായ ബന്ദർ അബ്ബാസിന് ഇസ്രായേൽ ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതും കയറ്റിയയച്ച ഉൽപന്നങ്ങൾ വിപണിയിൽ എത്തുന്നതിലും പണം ലഭിക്കുന്നതിലും വരുന്ന കാലതാമസവും കയറ്റുമതിക്കാരെയും കർഷകരെയും പ്രതികൂലമായി ബാധിക്കും.
തേയില, സോയ് മീൽ, പയർവർഗങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയും ഇന്ത്യ കയറ്റിയയക്കുന്നുണ്ട്. ഇറാനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പിസ്ത, ബദാം എന്നിവക്ക് ക്ഷാമം നേരിട്ടതോടെ ഇന്ത്യൻ വിപണിയിൽ അവയുടെ വില ഉയർന്നിട്ടുണ്ട്. മധ്യേഷ്യയിലേക്കുള്ള ഇടനാഴി എന്ന നിലയിൽ ഇറാനിലെ ചാബഹാർ തുറമുഖത്ത് ഇന്ത്യ ശതകോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാര പ്രവർത്തനങ്ങളും ചാബഹാർ മുഖേനയാണ്. സംഘർഷം രൂക്ഷമാവുന്നത് ഇന്ത്യയുടെ വ്യാപാര പാതകളെ ദുർഘടമാക്കും. ഈ തടസ്സം മേഖലയിൽ വാണിജ്യ ശൃംഖല വിപുലമാക്കാൻ ശ്രമിച്ചുവരുന്ന ചൈനയാണ് മുതലെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.