ദുബൈ: എമിറേറ്റ്സ് എൻ.ബി.ഡിയുടെ ഡയറക്ട് റെമിറ്റ് സംവിധാനം വഴി അന്താരാഷ്ട്ര പണമിടപാട് നടത്തുമ്പോൾ 26.25 ദിർഹം ഫീസ് ഈടാക്കാനുള്ള തീരുമാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിക്കില്ലെന്ന് അധികൃതർ. വിവിധ പ്രാദേശിക മാധ്യമങ്ങൾ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടതോടെയാണ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യക്ക് പുറമെ, പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരെയും നടപടി ബാധിക്കില്ല. നിലവിൽ തുടരുന്നതുപോലെ സൗജന്യമായിതന്നെ തുടർന്നും ഈ രാജ്യക്കാർക്ക് പണമയക്കാൻ സാധിക്കും.
അതേസമയം മറ്റു ചില രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് ഈ വർഷം സെപ്റ്റംബർ ഒന്നുമുതൽ 26.25 ദിർഹം ഫീസ് ഈടാക്കും. യു.എ.ഇ സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ അനുസരിച്ചുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് ചുമത്തുന്നത്. പുതിയ ഫീസ് ബാധകമാകുന്ന ഉപഭോക്താക്കൾക്ക് ബാങ്ക് മെയിൽ അറിയിപ്പ് നൽകുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണവുമായി തിങ്കളാഴ്ച അധികൃതർ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബാങ്കിന്റെ ‘സീറോ ഫീ കോറിഡോറി’ൽ ഉൾപ്പെട്ട രാജ്യങ്ങളെന്ന നിലക്കാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. വാറ്റ് അടക്കം ഉൾപ്പെടുന്ന നിശ്ചിത ഫീസ് ഓൺലൈൻ, മൊബൈൽ, ഇ.എൻ.ബി.ഡി എക്സ് ഡിജിറ്റൽ ചാനലുകൾ വഴിയുള്ള ഇടപാടിന് മാത്രമാണ് ഫീ ബാധകമായിട്ടുള്ളത്. അന്താരാഷ്ട്ര പണമയക്കലിന് രാജ്യത്തെ വിവിധ ബാങ്കുകൾ 20 ദിർഹം മുതൽ 60 ദിർഹംവരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ, എമിറേറ്റ്സ് എൻ.ബി.ഡി ഡയറക്ട് റെമിറ്റ് സേവനം നിശ്ചിത രാജ്യക്കാരെ നേരത്തേതന്നെ ഇത്തരം ഫീസുകളിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ ഇളവ് ഉപയോഗപ്പെടുത്തി പ്രവാസികൾ ധാരാളമായി ഓൺലൈൻ, മൊബൈൽ, ഇ.എൻ.ബി.ഡി എക്സ് ഡിജിറ്റൽ ചാനലുകൾ വഴി പണമയക്കുന്നുണ്ട്.
എളുപ്പത്തിലും സുരക്ഷിതമായും പണമയക്കാനുള്ള സംവിധാനം എന്ന നിലയിൽ മലയാളികളടക്കമുള്ളവർക്കിടയിൽ സംവിധാനം ഏറെ ജനകീയമാണ്. ഒരു മിനിറ്റിനുള്ളിൽ പണമയക്കാൻ സാധിക്കുന്ന സംവിധാനമാണ് ഡയറക്ട് റെമിറ്റ്. 26.25 ദിർഹം ഫീസ് ഈടാക്കുമെന്ന റിപ്പോർട്ടുകൾ ഉപയോക്താക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ബാങ്ക് വിശദീകരണം നൽകിയതോടെ ആശ്വാസത്തിലാണ് പ്രവാസികൾ അടക്കമുള്ളവർ. ആസ്തി അനുസരിച്ച് എമിറേറ്റ്സ് എൻ.ബി.ഡി ദുബൈയിലെ ഏറ്റവും വലിയ ബാങ്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.