അവകാശവാദങ്ങൾക്കപ്പുറത്തെ ഇന്ത്യൻ വ്യാപാരത്തിന്റെ യഥാർഥ മുഖം; ‘ആസിയാനി’ലടക്കം വ്യാപാരക്കമ്മി നേരിട്ട് രാജ്യം

ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുകൾ പ്രാബല്യത്തിൽ വന്നതിനുശേഷം ആസിയാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി പങ്കാളികളുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി വർധിച്ചതായി ഇക്കണോമിക് ടൈംസിന്റെ പുതിയ റി​പ്പോർട്ട്. ഏഴു വ്യാപാര പങ്കാളികളിൽ അഞ്ച് രാജ്യങ്ങളുമായും ​​ഇന്ത്യ വ്യാപാര കമ്മി നേരിടുന്നുന്നതായി ഇ.ടിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് 2025ലെ രാജ്യത്തിന്റെ മൊത്തം വ്യാപാരക്കമ്മിയുടെ 37ശതമാനം വരുമെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യയുടെ ‘ആസിയാന്‍’ രാജ്യങ്ങളുമായുള്ള 2025 സാമ്പത്തിക വർഷത്തിലെ വ്യാപാരക്കമ്മി 45.2 ബില്യണ്‍ ഡോളറിന്റേതാണെന്നും റിപ്പോർട്ടിലുണ്ട്. 

യു.എ.ഇയുമായും ആസ്‌ട്രേലിയയുമായുള്ള സമീപകാല വ്യാപാര കരാറുകൾ സമ്മിശ്ര ഫലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പഴയ കരാറുകൾ ആശങ്കാജനകമായ പ്രവണതകൾ വെളിപ്പെടുത്തുന്നു. 2021 മുതൽ ഇന്ത്യ മൗറീഷ്യസ്, യു.എ.ഇ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇ.എഫ്.ടി.എ), ആസ്‌ട്രേലിയ എന്നിവയുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടു.  എന്നാൽ, 2022 മുതൽ യു.എ.ഇയുമായുള്ള വ്യാപാര കമ്മി വർധിച്ചു. അമേസമയം, ആസ്‌ട്രേലിയയുമായുള്ള വ്യാപാര കമ്മി കുറയുകയും ചെയ്തു.

നാല് രാഷ്ട്രങ്ങളുള്ള ഇ.എഫ്.ടി.എയുമായുള്ള പുതിയ വ്യാപാര കരാർ ഒക്ടോബറിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 2000കളിൽ ഇന്ത്യ ഒപ്പുവച്ച പങ്കാളികളുമായുള്ള കമ്മി വർധിച്ചുകൊണ്ടിക്കുകയാണ്. ദക്ഷിണേഷ്യൻ സ്വതന്ത്ര വ്യാപാര മേഖല (സാഫ്ത) മാത്രമാണ് ഇതിന് അപവാദമായുള്ളത്.

10 രാജ്യങ്ങൾ അടങ്ങുന്ന ആസിയാൻ ബ്ലോക്കുമായുള്ള കമ്മി 2019 സാമ്പത്തിക വർഷത്തിലെ 21.8 ബില്യൺ ഡോളറിൽ നിന്നുമാണ് 2025 സാമ്പത്തിക വർഷത്തിൽ 45.2 ബില്യൺ ഡോളറായി ഉയർന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമായുള്ള കമ്മിയും വർധിച്ചു.

Tags:    
News Summary - It's not so good(s)! India has trade gap with 5 of 7 key FTA partners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.