മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ നേട്ടമുണ്ടാക്കി റിലയൻസ് ഇൻഫ്രാസ്ട്രെക്ചർ. ഒരു വർഷത്തിനുളളിൽ 101 ശതമാനം വർധനയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരിക്കുണ്ടായത്. അടിസ്ഥാനസൗകര്യ വികസനമേഖലയിലുണ്ടായ ഉയർച്ചയാണ് അനിൽ അംബാനി കമ്പനിയുടെ നേട്ടത്തിന് പിന്നിൽ. ഓഹരിക്ക് ഈയാഴ്ച 4.7 ശതമാനം നേട്ടവും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 53.3 ശതമാനവും ആറ് മാസത്തിനിടെ 42 ശതമാനം നേട്ടവുമുണ്ടായി. 2025ൽ ഓഹരിക്ക് 22.5 ശതമാനം നേട്ടമാണ് ഉണ്ടായത്.
തുടർച്ചയായ മൂന്ന് മാസങ്ങളിൽ കൃത്യമായ പേയ്മെന്റുകളിലൂടെ റിലയൻസ് അവരുടെ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തിയിരുന്നു. കമ്പനിക്ക് കടം നൽകിയ പല ധനകാര്യസ്ഥാപനങ്ങളുമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ റിലയൻസ് ഒപ്പിട്ടിരുന്നു. ഇതിന് പുറമേ നടപ്പ് സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പത്തിക വർഷത്തിലുമായി കൂടുതൽ മൂലധനനിക്ഷേപം റിലയൻസിലേക്ക് ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഇതും കമ്പനിക്ക് ഗുണകരമായി.
ഇന്ത്യയിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നാണ് റിലയൻസ്. പവർ, റോഡ്, മെട്രോ റെയിൽ, എയർപോർട്ട്, ഡിഫൻസ് തുടങ്ങിയ മേഖലകളിൽ എസ്.പി.വിയായാണ് റിലയൻസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്നു റിലയൻസ്.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെൻസെക്സ് 317.45 പോയിന്റ് ഉയർന്ന് 82,570.91 പോയിന്റിലെത്തി. നിഫ്റ്റിയിൽ 113 പോയിന്റ് നേട്ടമുണ്ടായി. 25,195.80 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.