വാഷിങ്ടൺ: ബോയിങ്ങിന്റെ കൂടുതൽ വിമാനങ്ങൾ വാങ്ങാൻ 200 മില്യൺ വായ്പതേടി എയർ ഇന്ത്യ. ബോയിങ് 777 സീരിസ് വിമാനങ്ങൾ വാങ്ങാനാണ് എയർ ഇന്ത്യ കൂടുതൽ പണം ആവശ്യപ്പെട്ടത്. ബോയിങ് വിമാനങ്ങൾ വാടകക്കെടുക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി.
എയർ ഇന്ത്യ ഫ്ലീറ്റ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വിമാനങ്ങൾ വാങ്ങാനായി വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനങ്ങൾ വാങ്ങാനായി പണം സ്വരൂപിക്കുന്നതിനുള്ള ചർച്ചകൾ ഒരു വർഷമായി നടക്കുന്നുണ്ട്. നേരത്തെ വിമാനവിതരണത്തിലെ കാലതാമസം മൂലം കൂടുതൽ ഫ്ലൈറ്റുകൾ സ്വന്തമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.
2022ൽ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം 570 പുതിയ വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എയർ ബസും ബോയിങ്ങും ഓർഡർ നൽകിയ വിമാനങ്ങളുടെ വിതരണം പൂർത്തിയാക്കും. നിലവിൽ ബോയിങ്ങിന്റെ ആറ് 777 വിമാനങ്ങളാണ് എയർ ഇന്ത്യക്കായി സർവീസ് നടത്തുന്നത്.
ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഡി.ജി.സി.എ നിർദേശത്തെ തുടർന്നാണ് എയർ ഇന്ത്യ വിമാനങ്ങളിൽ പരിശോധന നടത്തിയത്.
എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, വിമാനത്തിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പറന്നുയർന്നതിനുശേഷം ‘റൺ’ മോഡിൽനിന്ന് ‘കട്ട് ഓഫ്’ മോഡിലേക്ക് മാറ്റിയതായുള്ള പൈലറ്റുമാരുടെ സംഭാഷണം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.