വാഷിങ്ടൺ: ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങൾക്ക് 10 ശതമാനത്തിനുമേൽ തീരുവ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. 100ഓളം രാജ്യങ്ങൾക്കാണ് ഈ നിരക്ക് ബാധകമാവുക.
ആഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ തീരുവ നിശ്ചയിച്ച് 20ലധികം രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനും ട്രംപ് ഈ മാസമാദ്യം കത്തുകൾ അയച്ചിരുന്നു. ഈ മാസാവസാനം മരുന്നുകൾക്ക് തീരുവ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ കുറഞ്ഞ തീരുവയായിരിക്കും ഏർപ്പെടുത്തുക. അമേരിക്കയിൽ ഉൽപാദനം തുടങ്ങുന്നതിന് കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകും. അതിനുശേഷം ഉയർന്ന തീരുവയിലേക്ക് കടക്കുമെന്നും ട്രംപ് പറഞ്ഞു. കമ്പ്യൂട്ടർ ചിപ്പുകൾക്കും സമാന തീരുവ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വ്യാപാര കരാർ ചർച്ചക്കായി ശ്രീലങ്കൻ സംഘം ഈ ആഴ്ച അമേരിക്കയിലെത്തും. കഴിഞ്ഞയാഴ്ച ട്രംപ് അയച്ച കത്തിൽ ശ്രീലങ്കക്കെതിരെ 30 ശതമാനം തീരുവ ചുമത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് 44 ശതമാനം തീരുവയാണ് ശ്രീലങ്കക്കെതിരെ ചുമത്തിയത്.
അതിനിടെ, തീരുവ യുദ്ധത്തിൽ ‘കീഴടങ്ങി’ ഇന്തോനേഷ്യ. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിയതോടെ ഇന്തോനേഷ്യക്കുമേൽ പ്രഖ്യാപിച്ച തീരുവ 32 ശതമാനമെന്നത് 19 ശതമാനമാക്കി. അമേരിക്കൻ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യത്തിന് പകരമായാണ് തീരുവ ഇളവെന്ന് ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.