മാനന്തവാടി: നേന്ത്രക്കായക്ക് വിലയിടിഞ്ഞതോടെ കർഷകർക്ക് കണ്ണീർ. വൻ തുക മുടക്കി കൃഷിയിറക്കിയ ആയിരക്കണക്കിന് കർഷകർക്ക് മുടക്കിയ തുക പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ വർഷം ആദ്യം കിലോ നേന്ത്രക്കായക്ക് അമ്പതു രൂപ വരെ ലഭിച്ചിരുന്നു. ഈ വില കണ്ട് കൃഷിയിൽ ഇറങ്ങിയവരും നിരവധി. ഉൽപാദനം കൂടിയപ്പോൾ ഇപ്പോൾ ഒരു കിലോക്ക് ലഭിക്കുന്നത് 20നും 30നുമിടയിലാണ്. അപ്രതീക്ഷിതമായുണ്ടായ വിലയിടിവിൽ അന്ധാളിച്ചു നിൽക്കുകയാണ് കർഷകർ.
ഈ മാസം ആദ്യം കിലോ നേന്ത്രക്കായക്ക് 27 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോൾ ഒറ്റയടിക്ക് 23 രൂപയായി കുറഞ്ഞു. മൂപ്പെത്തിയ കുലകൾ വെട്ടിവിറ്റില്ലെങ്കിൽ പഴുത്ത് നശിക്കും. കിട്ടുന്ന വിലക്ക് കൊടുത്ത് ഒഴിവാക്കേണ്ട ഗതികേടിലാണ് കർഷകർ. അതിനിടെ കനത്ത മഴയും കാറ്റും നേന്ത്രവാഴ കർഷകരെ കൂടുതൽ ദുരിതത്തിലാക്കി. ആയിരക്കണക്കിന് വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്. ജില്ലയിലെ ഭൂരിഭാഗം പേരുടേയും ഉപജീവന മാർഗമാണ് നേന്ത്രവാഴക്കൃഷി. വയലും കരഭൂമിയും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരും അനവധിയാണ്.
വിളവെടുക്കുമ്പോൾ നല്ല വില ലഭിക്കുമെന്നു കരുതി ബാങ്ക് വായ്പയെടുത്തും കൈവായ്പ വാങ്ങിയും കൃഷിയിറക്കിയ കർഷകർ ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്. അതേസമയം, കര്ണാടകയിൽനിന്നും മറ്റും എത്തുന്ന നേന്ത്രക്കായക്ക് കിലോക്ക് 45 രൂപ വരെ കച്ചവടക്കാർ നൽകുന്നുണ്ടെന്നാണ് കൃഷിക്കാർ പറയുന്നത്. ഉൽപാദനം കൂടിയതോടെ ഗുണനിലവാരം കൂടിയ നേന്ത്രക്കായകളുടെ വിലയിടിക്കുന്ന ലോബികളും പ്രവർത്തിക്കുന്നതായി കർഷകർ ആരോപിച്ചു. കൃഷിയിടങ്ങളിൽനിന്നു കച്ചവടം ചെയ്ത് നേരിട്ടു കയറ്റി അയക്കുന്ന ഇടനിലക്കാരാണ് വിലയിടിവിനു കാരണമെന്നാണ് കർഷകർ പറയുന്നത്.
ജില്ലയിലെ മിക്കയിടങ്ങളിൽനിന്നും എത്തുന്ന നേന്ത്രക്കായകൾ കാണാൻ വൃത്തിയില്ലാത്തതിനാൽ ആളുകൾ വാങ്ങാൻ മടിക്കുന്നതായാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം കർണാടകയിൽനിന്നും മറ്റും എത്തുന്ന കായകൾക്ക് നല്ല വൃത്തിയുണ്ട്. കായകളുടെ തൊലിക്കു പുറത്ത് കറുത്ത കുത്തുകൾ വ്യാപകമായുണ്ട്. ജില്ലയിൽനിന്നു സംസ്ഥാനത്തെ എല്ലായിടത്തേക്കും വയനാടൻ കായകൾ കയറ്റി അയക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്നു ചിപ്സിനായും വയനാടൻ നേന്ത്രക്കായകൾ വിപണിയിലെത്തുന്നുണ്ട്. നേന്ത്രപ്പഴത്തിന് വിലയുണ്ടെങ്കിലും ഉൽപാദകരായ കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
കാലാവസ്ഥ വ്യതിയാനം, വന്യമൃഗശല്യം എന്നിവക്കു പുറമേ വിലയിടിവു കൂടിയാവുമ്പോൾ വാഴക്കൃഷിയിൽനിന്നു കർഷകർ പിന്നോട്ടു പോവുകയാണ്. യുവാക്കൾ ഈ മേഖലയിലേക്ക് വരാനും മടിക്കുന്നു. വിളനാശമുണ്ടായാൽ ലഭിക്കുന്ന നഷ്ടപരിഹാരം ഏറെ വൈകിയാണ് ലഭിക്കുന്നത്. വാഴക്കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയാൽ കുലച്ച വാഴക്ക് മുന്നൂറു രൂപയും അല്ലാത്തവക്ക് 150 രൂപയും നഷ്ട പരിഹാരം ലഭിക്കും.
ഒരു വാഴക്ക് മൂന്നു രൂപ മാത്രമേ പ്രീമിയമായി അടക്കേണ്ടൂ എങ്കിലും ഇത് നേടിയെടുക്കാനുള്ള പ്രയാസത്താൽ മിക്കവരും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താറില്ല. ഇത്തരക്കാർക്ക് കൃഷി നാശമുണ്ടായാൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണുണ്ടാവുക. പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ചവർക്ക് 2021 മുതലുള്ള നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയാലും നഷ്ടപരിഹാരം ലഭിക്കാൻ രണ്ടു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്ന് കർഷകർ പറയുന്നു.
നേന്ത്രക്കായക്ക് 2019ൽ ഏർപ്പെടുത്തിയ തറവിലയിൽനിന്നു മാറ്റം വേണമെന്ന കർഷകരുടെ മുറവിളി തുടങ്ങിയിട്ട് നാളുകളേറെയായി. 24 രൂപയാണ് ആറുവർഷം മുമ്പ് തറവില നിശ്ചയിച്ചത്. ഈ വിലപോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നു കർഷകർ പറയുന്നു. ഒന്ന്, രണ്ട്, മൂന്ന് ഗ്രേഡുകളിലാക്കിയാണ് കച്ചവടക്കാർ നേന്ത്രക്കായ സ്വീകരിക്കുന്നത്. ഒന്നാം ഗ്രേഡിൽനിന്നു രണ്ടിലേക്ക് എത്തുമ്പോൾ കിലോക്ക് പത്തു രൂപയും മൂന്നിലേക്ക് എത്തുമ്പോൾ എട്ടുരൂപയും കുറയും. രണ്ടും മൂന്നൂം ഗ്രേഡ് തിരിച്ച് കർഷകരിൽനിന്നു ശേഖരിക്കുന്ന നേന്ത്രക്കായകൾ ഒന്നാം ഗ്രേഡിന്റെ വിലയിൽ കച്ചവടക്കാർ വിൽക്കുന്നതായും ആരോപണമുണ്ട്. നിലവിലുള്ള വിലപ്രകാരം മുതൽമുടക്കുപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകർ ആവലാതിപ്പെടുന്നു.
ഒരു നേന്ത്രവാഴ വെച്ച് പരിപാലിച്ചു വിളവെടുക്കുന്നതിനു ചുരുങ്ങിയത് 250 രൂപ ചെലവ് വരും. വാഹനം എത്താത്തിടത്തും മറ്റുമാണെങ്കിൽ ചെലവ് കൂടും. വന്യമൃഗശല്യത്തേയും കാലാവസ്ഥ വ്യതിയാനത്തേയും അതിജീവിച്ചാണ് കൃഷി പരിപാലിക്കുന്നത്. വിളവെടുക്കുമ്പോൾ വിലയില്ലെങ്കിൽ എന്തുചെയ്യും എന്നാണ് കർഷകരുടെ ചോദ്യം. ഒരു കിലോ നേന്ത്രക്കായക്ക് ചുരുങ്ങിയത് 35 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.