കൊച്ചി: ഒമ്പത് വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ വായ്പാ തിരിച്ചടവ് തെറ്റിച്ചവരുടെ കുടിശ്ശികയിൽ എഴുതിത്തള്ളിയത് 12,08,882 കോടി രൂപ. 2015-‘16 മുതൽ 2024-‘25 വരെയുള്ള കണക്കാണിത്. എഴുതിത്തള്ളലിൽ മുമ്പൻ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യതന്നെ. 1.06 ലക്ഷം കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. ആകെ എഴുതിത്തള്ളിയ തുകയുടെ ഒമ്പത് ശതമാനം വരും ഇത്. കേന്ദ്ര ധനകാര്യ വകുപ്പ് പാർലമെന്‍റിൽ വെളിപ്പെടുത്തിയതാണ് കണക്കുകൾ.
എഴുതിത്തള്ളിയ കൂട്ടത്തിൽ മനപ്പൂർവം വായ്പ തിരിച്ചടക്കാത്ത 1,629 പേരുണ്ട്. ഇവർക്ക് ബാങ്കുകളിലുള്ള ബാധ്യത 1,62,938 കോടിയാണ്. ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ, സർഫാസി ആക്ട്, നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ, പി.എം.എൽ.എ, ഫെമ എന്നീ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇവ ഉപയോഗിച്ച് തിരിച്ചുപിടിച്ചത് 15,870 കോടിയുടെ ആസ്തി മാത്രമാണ്.
വായ്പ എഴുതിത്തള്ളൽ കുടിശ്ശിക വരുത്തിയവരെ ബാധ്യതയിൽനിന്ന് ഒഴിവാക്കലല്ല എന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്‍റിൽ നൽകിയ വിശദീകരണം. ഈ തുക ബാങ്കിന്‍റെ ബാധ്യതാ കണക്കിൽനിന്ന് ഒഴിവാക്കും. അതേസമയം, വായ്പയെടുത്തവരെ ബാധ്യത പട്ടികയിൽ നിലനിർത്തുകയും തിരിച്ചുപിടിക്കാനുള്ള നടപടി തുടരുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടവർ ഇത് ചോദ്യം ചെയ്യുന്നു. തിരിച്ചടക്കാൻ ശേഷിയുള്ള ഇവർക്കെതിരെ നിയമപരമായ ഒരു നടപടിയും ഉണ്ടാകാറില്ലെന്നും വായ്പ തിരിച്ചുപിടിക്കൽ പരമാവധി 15-20 ശതമാനം വരെ മാത്രമാണെന്നും ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.