അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കുറഞ്ഞ വിലയിൽ കൂടുതൽ സവിഷേഷതകളുള്ള 5G സ്മാർട്ട്‌ഫോണുകൾ മുന്നേറിക്കൊണ്ടിരിക്കുന്നു. ആകർഷകമായ ഫീച്ചറുകൾ, മികച്ച പ്രകടനം, 5ജി കണക്റ്റിവിറ്റി എന്നിവയുടെ മികച്ച സംയോജനമാണ് ഇത്തരം ഫോണുകൾ വാഗ്ദാനം ചെയ്യുന്നത്.വിവിധ ബ്രാൻഡുകൾ ഉപഭോക്താക്കളുടെ ശ്രദ്ധ നേടാൻ മത്സരിക്കുന്നതിനാൽ സ്മാർട്ട്‌ഫോൺ വിഭാഗം കൂടുതൽ മത്സരബുദ്ധിയുള്ളതായി മാറിയിട്ടുണ്ട്. മികച്ചതും ബഡ്‌ജറ്റ് സൗഹൃദവുമായ ചില സ്മാർട്ട് ഫോണുകൾ പരിശോധിക്കാം.
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഷവോമിയുടെ റെഡ്‌മി A4 5G. ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗൺ 4S Gen 2 പ്രോസസ്സറാണ് ഇതിന്‍റെ പ്രധാന സവിശേഷത. 6.8 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റും മികച്ച സ്ക്രോളിങ്ങും ദൃശ്യാനുഭവവും നൽകുന്നു. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിലെ 5,160mAh ബാറ്ററിയിൽ 24 മണിക്കൂറിൽ കൂടുതൽ നേരം ചാർജ് നിൽക്കും. GB LPDDR4X റാമും (കൂടാതെ 4GB വെർച്വൽ റാമും) 64GB അല്ലെങ്കിൽ 128GB സ്റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്.5G സപ്പോർട്ടിനു പുറമെ, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3,GPS, ഒരു USB ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമുണ്ട്. സുരക്ഷിതമായ അൺലോക്കിങ്ങിനായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്കാനറും ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ഇത് ലഭ്യമാണ്.ക്യാമറ ശരാശരിയിലൊതുങ്ങുമെങ്കിലും മേശമല്ല. അതുപോലെ ഇത് ഹെവി ഗെയിമിങ്ങിന് അത്ര അനുയോജ്യവുമല്ല. ഈ രണ്ട് കുറവുകൾ മാറ്റി നിർത്തിയാൽ ഈ വിലക്കുള്ള നിലവാരം പുലർത്തുന്നതിൽ റെഡ്‌മി A4 5G മുന്നിലാണ്.
കുറഞ്ഞ ബഡ്ജറ്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ആകർഷകമായൊരു ചോയ്സാണ് റെഡ്മി 14C 5G.ഇതിന്‍റെ രൂപകൽപന ബഡ്ജറ്റ് വിഭാഗത്തിൽനിന്ന് ഇതിനെ വേറിട്ടുനിർത്തുന്നു, മറ്റ് ഫോണുകളെ അപോക്ഷിച്ച് കൂടുതൽ മികച്ച അനുഭവം നൽകുന്നു. സ്നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റ് മൾട്ടിടാസ്കിങാണ് ഇതിന്‍റെ പ്രധാന സവിശേഷത. 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും നല്ല ദൃശ്യാനുഭവം ഉറപ്പാക്കുന്നുണ്ട്. സാധാരണ ഗെയിമുകൾ അമിതമായ ചൂടാക്കലില്ലാതെ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും. 50MP പ്രധാന ക്യാമറ. പകൽ വെളിച്ചത്തിൽ മികച്ച അനുഭവം നൽകുന്നുണ്ട്. എന്നാൽ, കുറഞ്ഞ വെളിച്ചത്തിലെ പ്രകടനം അത്ര മികച്ചതല്ല. 5,160mAh ബാറ്ററിയുള്ള റെഡ്മി 14C 5G ഒരു ദിവസം മുഴുവൻ എളുപ്പത്തിൽ ചാർജ് നിൽക്കും.
മികച്ച പ്രകടനമുള്ള, അധികം സങ്കീർണ്ണതകളില്ലാത്ത ഒരു 5G സ്മാർട്ട്‌ഫോൺ തിരയുന്ന ഉപയോക്താക്കൾക്ക് വിവോ T3 Lite 5G ആകർഷകമായൊരു ഓപ്ഷനാണ്. ഭാരം കുറഞ്ഞതും മികച്ച സോഫ്റ്റ്‌വെയർ അനുഭവമുള്ള ഒരു മികച്ച സ്മാർട്ട്‌ഫോണാണ് വിവോ T3 Lite 5G.6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റും മികച്ച ദൃശ്യാനുഭവവും നൽകുന്നു. ഇത് സുഗമമായ നാവിഗേഷനും മീഡിയ ഉപയോഗവും സാധ്യമാക്കുന്നു. 8MPറിയർ ക്യാമറ പകൽ വെളിച്ചത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്നു. 5,000mAh ബാറ്ററിയുള്ളതുകൊണ്ട് ബാറ്ററി ലൈഫ് ഇതിന്‍റെ ഒരു പ്രധാന സവിശേഷതയാണ്. ഇത് ഒരു ദിവസം മുഴുവൻ ചാർജ് നിലനിൽക്കുന്നു. ഇത് തെരഞ്ഞെടുക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണിത്. അടിസ്ഥാനപരമായ കാര്യങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോഗത്തിനും ഇതിന്‍റെ പ്രകടനം മികച്ചതാണെങ്കിലും, ഹെവി ഗെയിമിങ്ങിന് ഇത് അത്ര നല്ലതല്ല.
വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന മോട്ടോറോള മാന്യമായ വിലക്ക് ലഭിക്കുന്ന ആകർഷണീയമായ സ്മാർട്ട് ഫോണാണ്. തങ്ങളുടെതായ ഒരു സ്ഥാനം വിപണിയിൽ കണ്ടെത്താൻ എപ്പോഴും മോട്ടോറോളിന് സാധിച്ചിട്ടുണ്ട്. Moto G45 5Gയും അതിൽ നിന്ന് വ്യത്യസ്തമല്ല. 18W ചാർജിങ്ങോടുകൂടിയ 5,000mAh ബാറ്ററി ദിവസം മുഴുവൻ പ്രവർത്തിക്കാൻ സഹായിക്കുന്നു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഡിസൈനുകളിൽ ഒന്നാണിത്. ഉയർന്ന നിലവാരമുള്ള വേഗൻ ലെതർ ബാക്കും, ഹൈ-എൻഡ് മോഡലുകളും മിനുസമാർന്ന ക്യാമറ ബമ്പും ഇതിനുണ്ട്. 120Hz റിഫ്രഷ് റേറ്റോടുകൂടിയ 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേ അതിമനോഹരമായ ആനിമേഷനുകൾ നൽകുന്നുണ്ട്.സ്നാപ്ഡ്രാഗൺ 6s Gen 3 ചിപ്‌സെറ്റ് ദൈനംദിന ജോലികൾക്ക് സുഗമമായ പ്രകടനം ഉറപ്പാക്കുന്നു, കൂടാതെ ബ്ലോട്ട്വെയർ രഹിതമായ ആൻഡ്രോയിഡ് 14 അനുഭവം ഒരു വലിയ പ്ലസ് പോയിന്‍റാണ്. ക്യാമറയുടെ പ്രകടനം പകൽ വെളിച്ചത്തിൽ മികച്ചതാണ്, എന്നാൽ കുറഞ്ഞ വെളിച്ചത്തിൽ ഇത് മങ്ങുന്നു.
2023 ജനുവരി 16ന് അവതരിപ്പിച്ച സാംസങ് ഗാലക്സി A14 5G സ്മാർട്ട്‌ഫോൺ സ്ഥിരമായി 5G കണക്റ്റിവിറ്റിയും നല്ല ഗുണനിലവാരവും നൽകാൻ സാധിച്ചിട്ടുണ്ട്. സാംസങ്ങിന്‍റെ Galaxy A14 5G ദീർഘകാല സോഫ്റ്റ്‌വെയറിന് മുൻഗണന നൽകുന്ന ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ്. 5,000mAh ബാറ്ററി.ഇതിന്‍റെ 6.6 ഇഞ്ച് PLS LCD ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റോടുകൂടി വ്യക്തവും ആകർഷകവുമായ കാഴ്ചാനുഭവം നൽകുന്നു. Exynos 1330 പ്രോസസറും 4GB റാമും സ്മാർട്ട് ഫോണിന്‍റെ മികച്ച സവിശേഷതയാണ്. 50MP പ്രധാന ക്യാമറ നല്ല വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്തുന്നു. Galaxy A14 5Gയെ വ്യത്യസ്തമാക്കുന്നത് സാംസങ്ങിന്‍റെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളോടുള്ള പ്രതിബദ്ധതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.