ഹൈറൈഡർ ബോഡിയിൽ ഹിറ്റായി ഗ്രാൻഡ് വിറ്റാര; റെക്കോഡ് നേട്ടത്തിൽ മാരുതി സുസുക്കി

ന്യൂഡൽഹി: ഇന്ത്യൻ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മിഡ്-സൈസ് വാഹനമായ ഗ്രാൻഡ് വിറ്റാരയുടെ വിൽപനയിൽ റെക്കോഡ് നേട്ടം കൈവരിച്ചു. വെറും 32 മാസങ്ങൾ കൊണ്ട് മൂന്ന് ലക്ഷം യൂനിറ്റ് ഗ്രാൻഡ് വിറ്റാര മോഡലുകളാലാണ് കമ്പനി വിറ്റഴിച്ചത്. ഇതോടെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കുന്ന മോഡലായി ഗ്രാൻഡ് വിറ്റാര മാറി.


ഗ്രാൻഡ് വിറ്റാരയുടെ സ്‌ട്രോങ് ഹൈബ്രിഡ് വകഭേദങ്ങളുടെ ജനപ്രീതിയാണ് ഈ വിജയത്തിന്റെ പ്രധാന ഘടകം. അതിനാൽ തന്നെ 2024-25 സാമ്പത്തിക വർഷത്തിൽ 43% വാർഷിക വളർച്ച കൈവരിക്കാൻ മാരുതിക്ക് സാധിച്ചു. പ്രകടനവും വൈവിധ്യവും സംയോജിപ്പിച്ച് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സുസുക്കി ഓൾ ഗ്രിപ് സെലക്ട് 4x4 സിസ്റ്റം പോലുള്ള സവിശേഷതകൾ മോഡലിനെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്.


മാരുതി സുസുകിയിൽ വിശ്വാസമർപ്പിച്ച മൂന്ന് ലക്ഷം പേരടങ്ങുന്ന ഗ്രാൻഡ് വിറ്റാര കുടുംബത്തിന് നന്ദി അറിയിക്കുന്നതോടൊപ്പം ഈ നേട്ടത്തിന്റെ സ്മരണക്കായി മാരുതി സുസുകി 'ഡ്രൈവൺ ബൈ ടെക്' എന്ന പേരിൽ പുതിയ കാമ്പയിന് തുടക്കമിട്ടതായും എം.എസ്.ഐ.എൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് 2025 മെയ് മാസത്തിൽ മൊത്തം 1,80,077 യൂനിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റത് 1,74,551 യൂനിറ്റുകളാണ്. ഇത് ഈ സാമ്പത്തിക വർഷത്തിൽ 3.2% അധികവളർച്ച പ്രതിഫലിപ്പിക്കുന്നുണ്ട്.

മാരുതി സുസുകി ഗ്രാൻഡ് വിറ്റാര

2025 ഗ്രാൻഡ് വിറ്റാരയിൽ സീറ്റ, ആൽഫ വേരിയന്റുകളാണുള്ളത്. ഇതിൽ പനോരമിക് സൺറൂഫുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 360 ഡിഗ്രി കാമറ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ്, ക്ലാരിയോൺ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു. കൂടാതെ ആറ് എയർബാഗുകൾ, എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇ.എസ്‌.പി, ഇ.ബി.ഡിയുള്ള എ.ബി.എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ എല്ലാ ട്രിമ്മുകളിലും സ്റ്റാൻഡേർഡായി മാരുതി സജ്ജീകരിച്ചിട്ടുണ്ട്.

മാരുതി സുസുക്കി അവരുടെ മിഡ്-സൈസ് എസ്.യു.വിയായ ഗ്രാൻഡ് വിറ്റാരയെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. 1.5 ലിറ്റർ ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ്, സ്മാർട്ട് ഹൈബ്രിഡ് 1.5 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ് എന്നിവയാണ് ഗ്രാൻഡ് വിറ്റാരയുടെ കരുത്ത്. ഇത് യഥാക്രമം 115.56 ബി.എച്ച്.പി പവറും 122 എൻ.എം പീക്ക് ടോർക്കും നൽകുന്നു. ഇതോടൊപ്പം തന്നെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ലഭ്യമാണ്.

Tags:    
News Summary - Grand Vitara in Hyryder body a hit; Maruti Suzuki achieves record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.