ന്യൂഡൽഹി: റെനോ ഇന്ത്യ അവരുടെ വിലകുറഞ്ഞ എം.പി.വി സെഗ്‌മെന്റ് വാഹനമായ ട്രൈബറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. ഒട്ടനവധി ഫീച്ചറുകളോടെ വിപണിയിലേക്ക് പ്രവേശിച്ച ട്രൈബറിന് 6.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ട്രൈബർ കുറച്ചുകാലമായി പരീക്ഷണത്തിലായിരുന്നു. അതിനിടയിൽ വാഹനത്തിന്റെ സ്പൈ ചിത്രങ്ങളും വിഡിയോകളും ഇതിനകം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് കമ്പനി പുതിയ ലോഗോ ഉൾകൊള്ളുന്ന പുതുതായി രൂപകൽപന ചെയ്ത ഓൾ-ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ കാണിക്കുന്ന ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു.
പുതിയ ഡയമണ്ട് ഷേപ്പിലുള്ള ലോഗോ കമ്പനി ആദ്യമായി ഉപയോഗിക്കുന്നത് ട്രൈബറിലാണ്. അതിനാൽ വാഹനം കൂടുതൽ പ്രീമിയം ലുക്കിൽ കാണാൻ സാധിക്കുന്നു. ആംബർ ടെറാകോസ്റ്റ, ഷാഡോ ഗ്രേ, സൻസ്കർ ബ്ലൂ എന്നീ മൂന്ന് കളറുകളിൽ പുതിയ റെനോ ട്രൈബർ വിപണിയിൽ ലഭിക്കും.
മുൻവശത്ത് പുതിയ എൽ.ഇ.ഡി ഡി.ആർ.എൽ ലൈറ്റുകളും പിറകിലായി സ്മോക്ഡ് എൽ.ഇ.ഡി ടൈൽ ലാമ്പും റെനോ ട്രൈബറിന് നൽകിയിട്ടുണ്ട്. ഉൾവശത്ത് കാര്യമായ മാറ്റങ്ങളാണ് റെനോ ട്രൈബറിൽ കൊണ്ടുവന്നിട്ടുള്ളത്. ഡാഷ്‌ബോർഡിലും അപ്ഹോൾസറിയിലും ഡിസൈനിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആമ്പിയന്റ് ലൈറ്റിങ്, 360 ഡിഗ്രി കാമറ, എട്ട് ഇഞ്ചിന്റെ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ എന്നീ ഫീച്ചറുകൾക്ക് പുറമെ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളും റെനോ ട്രൈബറിൽ നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞവിലകൊണ്ട് വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ വരുന്ന ഈ എം.പി.വിക്ക് ഓതെന്റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ നാല് വകഭേദങ്ങൾ ലഭിക്കും.
1.0 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ട്രൈബറിന്റെ കരുത്ത്. ഇത് 71 ബി.എച്ച്.പി പവറും 96 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 5 സ്പീഡ് മാന്വൽ ഡ്രൈവ്, 5 സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളാണ് റെനോ നൽകുന്നത്.
സ്റ്റാൻഡേർഡ് ആയി മൂന്ന് വർഷം/ഒരു ലക്ഷം കിലോമീറ്റർ വരെ വാറന്റിയും റെനോ ട്രൈബറിന് നൽകുന്നുണ്ട്. കൂടാതെ ഇത് ഏഴ് വർഷം/ അൺലിമിറ്റഡ് കിലോമീറ്റർ ആയും വർധിപ്പിക്കാൻ സാധിക്കും. പെട്രോൾ വേരിയന്റിനൊപ്പം സർക്കാർ അംഗീകൃത സി.എൻ.ജി റെട്രോഫിറ്റ്മെന്റ് കിറ്റും ഈ എം.പി.വിക്ക് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.