തരംഗമായി ഹ്യുണ്ടായ് ക്രെറ്റ; ജൈത്രയാത്രക്ക് പത്ത് വർഷം!

മുംബൈ: ഉത്തര കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോ കോർപിന്റെ ജനപ്രിയ വാഹനമായ ക്രെറ്റ മിഡ്-സൈസ് എസ്.യു.വി ഇന്ത്യൻ നിരത്തുകളിലേക്കെത്തിയിട്ട് പത്ത് വർഷങ്ങൾ പൂർത്തിയായി. ഹ്യുണ്ടായുടെ തന്നെ ഏറ്റവും കൂടുതൽ വിൽപന നടത്തിയ ഈ എസ്.യു.വി 10 വർഷം കൊണ്ട് 12 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയത്. ശക്തമായ രണ്ട് തലമുറകളും അവയുടെ ഫേസ് ലിഫ്റ്റും അവതരിപ്പിച്ച ക്രെറ്റ, ഇലക്ട്രിക് വിപണിയിലും കരുത്ത് തെളിയിച്ചു. ഹ്യുണ്ടായ് ക്രെറ്റയുടെ 10 വർഷത്തെ ചരിത്രം പരിശോധിക്കാം.

ഹ്യുണ്ടായ് ക്രെറ്റ ജനറേഷൻ 1 (2015-2018)

2015 ജൂലൈ 21നാണ് ദക്ഷിണ കൊറിയൻ വാഹന ഭീമന്മാരായ ഹ്യുണ്ടായ് മോട്ടോ കോർപ് അവരുടെ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 2007ൽ അവതരിപ്പിച്ച ഹ്യുണ്ടായ് ഐ.10, 2008 മോഡൽ ഐ.20 എന്നീ ഹാച്ച്ബാക്ക് വാഹനങ്ങൾ വിപണിയിൽ ഉണ്ടാക്കിയ ഓളം കെട്ടടങ്ങുന്നതിന് മുമ്പായിരുന്നു ക്രെറ്റയുടെയും എൻട്രി. ഹ്യുണ്ടായ് എന്ന കമ്പനിയുടെ പൂർണ വിശ്വസ്തതയെ ജനങ്ങൾ ഇരു കൈകളും കൊണ്ട് സ്വീകരിച്ചതിന്റെ പേരായിരുന്നു ക്രെറ്റ.

ആദ്യ ജനറേഷൻ വാഹനത്തിൽ തന്നെ മൂന്ന് എൻജിൻ വകഭേദങ്ങളാണ് ഹ്യുണ്ടായ് അവതരിപ്പിച്ചത്. 1.6 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.4 ലീറ്റർ ഡീസൽ എൻജിൻ, 1.6 ലീറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ 6 സ്പീഡ് മാന്വൽ 6 സ്പീഡ് ഓട്ടോമാറ്റിക്കും ക്രെറ്റയിൽ കൊണ്ടുവന്നു. ആദ്യ എൻജിൻ 123 എച്ച്.പി പവറിൽ 151 എൻ.എം ടോർക്ക്, രണ്ടാമത്തെ എൻജിൻ 90 എച്ച്.പി കരുത്തിൽ 220 എൻ.എം ടോർക്കും, മൂന്നാമത്തെ എൻജിൻ 128 എച്ച്.പി പവറിൽ 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമായ എഞ്ചിനുകളായിരുന്നു.

വലിയ പ്രൊജക്റ്റ് ഹാലോജൻ ഹെഡ്‍ലൈറ്റുകളും എൽ.ഇ.ഡി ഡി.ആർ.എൽ ലൈറ്റുകളും ഒരു ട്രിപ്പിൾ-സാൾട് ക്രോം ഗ്രില്ലും മുൻവശത്തെ പ്രത്യേകതകളാണ്. ഉൾവശത്ത്, ബ്ലാക്ക് ഡ്യൂവൽ ടോൺ തീമിൽ സജ്ജീകരിച്ചിട്ടുള്ള ഡാഷ്‌ബോർഡ്, 3-സ്പോക് സ്റ്റീയറിങ് വീൽസ്, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ പാർക്കിങ് കാമറ എന്നിവ പ്രധാന ഫീച്ചറുകളായിരുന്നു. 11.11 ലക്ഷം മുതൽ 20.50 ലക്ഷം രൂപ വരെയായിരുന്നു ക്രെറ്റയുടെ എക്സ് ഷോറൂം വില.

മുഖം മിനുക്കി ആദ്യ ജനറേഷൻ ക്രെറ്റ (2018-2020)

നാല് വർഷത്തെ വിൽപ്പനയിലെ കുതിച്ചുചാട്ടം ആദ്യ ജനറേഷൻ ക്രെറ്റക്ക് ഏതാനം ചില മാറ്റങ്ങൾ നൽകി കമ്പനി വീണ്ടും വിപണിയിലേക്കെത്തിച്ചു. മേയ് 2018നാണ് മുഖം മിനുക്കിയ ക്രെറ്റ വിപണിയിൽ എത്തുന്നത്. ആദ്യ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങൾ കമ്പനി എസ്.യു.വിയിൽ വരുത്തി. മുൻവശത്ത് ഡ്യൂവൽ-പോഡ് ഹാലോജൻ പ്രൊജക്റ്റ് ലൈറ്റുകൾ, പുതിയ ഹാലോജൻ ഫോഗ് ലാമ്പുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ ലൈറ്റ് എന്നിവയിൽ മാറ്റം വന്നു.

കൂടാതെ ആദ്യത്തെ സിംഗിൾ പ്ലെയിൻ സൺറൂഫ് ഹ്യുണ്ടായ് അവതരിപ്പിച്ചത് ഈ മോഡലിലാണ്. വയർലെസ്സ് ഫോൺ ചാർജിങ്, ആറ് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കണ്ട്രോൾ തുടങ്ങിയ അനവധി ഫീച്ചറുകൾ മുഖം മിനുക്കിയെത്തിയ ക്രെറ്റക്ക് ഹ്യുണ്ടായ് നൽകി.

ക്രെറ്റ ജനറേഷൻ 2 (2020-2024)

അടിമുടി മാറ്റങ്ങളോടെയാണ് രണ്ടാം ജനറേഷനിലെ ക്രെറ്റ 2020 മേയിൽ വിപണിയിലേക്കെത്തുന്നത്. ഡിസൈനിൽ വലിയ മാറ്റങ്ങൾ ഉൾവശത്തും പുറം വശത്തും കമ്പനി നൽകി. ഹാലോജൻ ഹെഡ്ലൈറ്റിൽ നിന്നും മാറ്റം വരുത്തി ഒരു ത്രീ-പോഡ് എൽ.ഇ.ഡി ലൈറ്റും കർവ്ഡ് എൽ.ഇ.ഡി ഡി.ആർ.എൽ, ലംബമായും തിരശ്ചിനമായുമുള്ള ക്രോം എലമെന്റോഡ് കൂടിയ ഗ്രില്ലുകൾ എന്നിവകൊണ്ട് വലിയ മാറ്റം മുൻവശത്ത് വരുത്തി.

ഉൾവശത്ത് ഡാഷ്ബോർഡിൽ ഡ്യൂവൽ ടോൺ ബ്ലാക്ക് ഡിസൈനും ടർബോ-പെട്രോൾ എൻജിൻ മോഡലിന് ബ്ലാക്ക് തീം ഡാഷ്ബോർഡിൽ റെഡ് ഹൈലൈറ്റ് അണ്ടർലൈൻ സ്പോർട്ടിനെസും കൊണ്ടുവന്നു. അതോടോപ്പോം എല്ലാ മോഡലിലും 4 സ്പോക് സ്റ്റീയറിങ് വീലും ഹ്യുണ്ടായ് നൽകി. പ്രധാനമായും അനലോഗ് ഡിസ്പ്ലേ മോഡലിൽ നിന്നും ഡിജിറ്റൽ ഡിസ്പ്ലേ മോഡലിലേക്ക് പ്രവേശിച്ചാണ് രണ്ടാം ജനറേഷന്റെ വിപണി എൻട്രി. ഇതോടെ 10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റവും 7-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും പുതിയ ക്രെറ്റക്ക് ലഭിച്ചു. കൂടാതെ പനോരാമിക് സൺറൂഫ്, വയർലെസ്സ് ഫോൺ ചാർജിങ്, എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ആറ് എയർബാഗുകൾ എന്നീ ഫീച്ചറുകളും പുതിയ ക്രെറ്റക്ക് ലഭിച്ചു.

രണ്ടാം ജനറേഷൻ ക്രെറ്റക്കും മൂന്ന് വകഭേദത്തിലുള്ള എൻജിൻ ഓപ്ഷനുകൾ കമ്പനി അവതരിപ്പിച്ചു. 1.5 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവയിൽ 6 സ്പീഡ് എം.ടി, സി.വി.ടി, എ.ടി ഗിയർബോക്സുകളും 7 സ്പീഡ് ഡി.സി.ടി ഗിയർ ബോക്‌സും ക്രെറ്റക്ക് ലഭിച്ചു.

രണ്ടാം ജനറേഷന്റെ ഫേസ് ലിഫ്റ്റ് (2024 മുതൽ)

വിൽപ്പനയിൽ അതിവേഗം മുന്നിലായ ഹ്യുണ്ടായ് ക്രെറ്റ 2024 ജനുവരിയിൽ രണ്ടാം ജനറേഷന് ഒരു ഫേസ് ലിഫ്റ്റ് പ്രഖ്യാപിച്ചു. മുൻവശത്തെ ഹെഡ്‍ലൈറ്റ്, ഡി.ആർ.എൽ ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവയിൽ മാറ്റം വരുത്തി ഒരു പ്രീമിയം ലുക്കിൽ വിപണിയിലേക്കെത്തിച്ചു. ഡാഷ്ബോർഡിൽ വലിയ ഡ്രൈവർ ഡിസ്‌പ്ലേയുമായാണ് ക്രെറ്റ എത്തിയത്.

ഇതോടൊപ്പം ഡ്യൂവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, 360 ഡിഗ്രി കാമറ, ലെവൽ 2 ADAS, ആറ് എയർബാഗുകളും പുതിയ ക്രെറ്റയിൽ ഹ്യുണ്ടായ് കൊണ്ടുവന്നു. 1.5 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ, ഡീസൽ എൻജിൻ, 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ എന്നീ എൻജിൻ ഓപ്ഷനുകൾ ക്രെറ്റക്കുണ്ട്.

ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്

2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഹ്യുണ്ടായ് ക്രെറ്റയുടെ വൈദ്യുത വകഭേദം അവതരിപ്പിക്കുന്നത്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനിൽ എത്തുന്ന വാഹനം ഫ്രണ്ട്-വീൽ ഡ്രൈവിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആദ്യ ബാറ്ററി 135 പി.എസ് കരുത്തിൽ 200 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ബാറ്ററി പാക്ക് 171 പി.എസ് കരുത്തിൽ 200 എൻ.എം ടോർക്ക് ഉത്പാതിപ്പിക്കും. ഒറ്റ ചാർജിൽ 390 കിലോമീറ്ററാണ് ആദ്യ ബാറ്ററി പാക്ക് വാഗ്‌ദാനം ചെയ്യുന്നത്. രണ്ടാമത്തെ ബാറ്ററി 473 കിലോമീറ്ററും റേഞ്ച് വാഗ്‌ദാനം നൽകുന്നുണ്ട്.

Tags:    
News Summary - Hyundai Creta makes waves; Ten years of triumph!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.