നിങ്ങളൊരു സ്കോഡ, ഫോക്സ്‌വാഗൺ വാഹന ഉടമയാണോ? ശ്രദ്ധിക്കുക! കമ്പനി തിരിച്ചുവിളിക്കുന്ന മോഡലുകളിൽ നിങ്ങളുടെ വാഹനവും ഉൾപ്പെടാം

ന്യൂഡൽഹി: സ്കോഡ ഓട്ടോ, ഫോക്സ്‌വാഗൺ ഇന്ത്യ ലിമിറ്റഡ് എന്നീ വാഹനകമ്പനികൾ അവരുടെ ഏതാനം ചില മോഡലുകൾ തിരിച്ചുവിളിക്കാൻ പോവുകയാണ്. രണ്ട് വാഹനകമ്പനികളും വ്യത്യസ്തമായ മോഡലുകളുടെ 1,821 യൂനിറ്റ് കാറുകളാണ് തിരിച്ചു വിളിക്കാൻ പോകുന്നത്.

2021 ഡിസംബർ 1 മുതൽ 2025 മേയ് 31 വരെ നിർമിച്ച മോഡലുകളാണ് കമ്പനികൾ തിരിച്ചു വിളിക്കുന്നത്. സ്കോഡ ഓട്ടോയുടെ കുഷാഖ്, സ്ലാവിയ, കൈലാഖ്‌ എന്നീ മോഡലുകളുടെ 860 യൂനിറ്റും ഫോക്സ്‌വാഗൺ ഇന്ത്യ ലിമിറ്റഡിന്റെ ടൈഗൂൺ, വെർട്യൂസ് എന്നീ മോഡലുകളുടെ 961 യൂനിറ്റ് വാഹനങ്ങളുമാണ് കമ്പനികൾ തിരിച്ചുവിളിക്കാൻ പോകുന്നത്. പതിവായുള്ള ഗുണനിലവാര പരിശോധനക്കിടെയാണ് വാഹനത്തിന്റെ തകരാറുകൾ ശ്രദ്ധയിൽ പെട്ടതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് (എസ്.ഐ.എ.എം) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രധാനമായും സീറ്റ് ബെൽറ്റുകളിൽ രണ്ടുതരം തകരാറുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

  • പിൻ സീറ്റ് ബെൽറ്റിന്റെ മെറ്റൽ ബേസ് ഫ്രെമിൽ വിള്ളലുകൾ (ഇടത്, വലത് വശങ്ങളിൽ)
  • മുൻവശത്തേയും പിൻവശത്തേയും സീറ്റ് ബെൽറ്റ് സിസ്റ്റങ്ങളിൽ നൽകിയിട്ടുള്ള ഭാഗങ്ങൾ തെറ്റായ രീതിയിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കാൻ സാധ്യതയുണ്ട്.

ഇതുവരെ അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും രണ്ട് കമ്പനികളും ഉപഭോക്താക്കളെ സമീപിച്ച് പ്രശ്ങ്ങൾ സൗജന്യമായി പരിശോധിക്കുമെന്നും അവ പരിഹരിക്കുമെന്നും വാഹന ഉടമകൾ പ്രതീക്ഷിക്കുന്നു.

തകരാറുകൾ ശ്രദ്ധയിൽപെട്ട ഉപഭോക്താക്കൾ കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള അംഗീകൃത സർവീസ് സെന്ററുകളുമായി ബന്ധപ്പെടുകയോ കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കുകയോ ചെയ്യണമെന്ന് എസ്.ഐ.എ.എം നിർദേശിക്കുന്നു.

2025 ഏപ്രിൽ മാസത്തിൽ ഇതേ മോഡൽ ലൈനുകളിലായി 47,235 വാഹനങ്ങളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു. വാഹനം അപകടപ്പെടുമ്പോൾ പിൻവശത്തെ സീറ്റ് ബെൽറ്റുകളുടെ ബക്കിൾ ലാച്ച് പ്ലേറ്റ് പൊട്ടിപ്പോകാനും ബെൽറ്റുകളുടെ വെബ്ബിംഗ്, ബക്കിളുകൾ പോലുള്ള മറ്റ് ഘടകങ്ങൾ പരാജയപ്പെടാനും സാധ്യതയുള്ളതിനാലാണ് കമ്പനി ഈ മോഡലുകൾ തിരിച്ചുവിളിച്ചത്. ഇതിൽ 25,722 യൂനിറ്റ് സ്കോഡ കാറുകളും 21,513 യൂനിറ്റ് ഫോക്സ്‌വാഗൺ കറുകളുമാണ് കമ്പനികൾ തിരിച്ചുവിളിച്ചത്. 

Tags:    
News Summary - Are you a Skoda or Volkswagen owner? Be careful! Your vehicle may be among the models being recalled by the company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.