ചേതൻ കുമാർ മീണ
സിവിൽ സർവീസ് നേടാൻ ഒരുപാട് മോഹിച്ചെങ്കിലും കൈയിൽ പണമില്ലാത്തതിന്റെ പേരിൽ കഷ്ടപ്പെടേണ്ടി വന്ന ഒരാളുടെ ജീവിതമാണ് പരിചയപ്പെടുത്തുന്നത്. കോട്ടയം കലക്ടറായ രാജസ്ഥാൻ സ്വദേശി ചേതൻ കുമാർ മീണയുടെ. രാജസ്ഥാനിലെ ജയ്സാൽമീറിലായിരുന്നു ചേതൻ കുമാറിന്റെ കുടുംബം താമസിച്ചിരുന്നത്.
പ്ലസ്ടു കഴിഞ്ഞപ്പോൾ ഐ.ഐ.ടിയിൽ പഠിക്കാനായിരുന്നു ചേതൻ ആഗ്രഹിച്ചത്. എന്നാൽ പണമില്ലാത്തതിനാൽ അതിന് സാധിച്ചില്ല. അതിനു ശേഷം ബിരുദപഠനത്തിന് ചേർന്നു. ബിരുദം കഴിഞ്ഞ് സിവിൽ സർവീസിന് ശ്രമിക്കാനും പ്ലാൻ ബിയുണ്ടായിരുന്നു. അപ്പോഴും പണമില്ലാത്തത് വെല്ലുവിളിയായി. ഒടുവിൽ എന്തെങ്കിലും ജോലി ചെയ്യാൻ ചേതൻ തീരുമാനിച്ചു. രാത്രി സമയം പഠിക്കാനായി മാറ്റിവെക്കുകയും ചെയ്തു. അമ്മ തന്റെ ആകെയുണ്ടായിരുന്ന സ്വർണം വിറ്റാണ് മകന് പഠിക്കാൻ പണം നൽകിയത്.
പരീക്ഷക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പിതാവിന് അർബുദം സ്ഥിരീകരിച്ചത്. ആ സമ്മർദത്തിൽ പരീക്ഷയെഴുതിയിട്ടും റാങ്ക് ലിസ്റ്റിൽ ഇടംനേടി. ഐ.എ.എസ് ലഭിക്കുമെന്നും ഉറപ്പായി. ആ സന്തോഷം മാറുംമുമ്പ് അച്ഛൻ മരിച്ചു.
ജീവിതത്തിൽ ഒരുപാടുതവണ ജാതിയധിക്ഷേപം നേരിട്ടയാളാണ് ചേതൻ. പഠിച്ചാൽ ഒരു കാര്യവുമില്ലെന്നും മറ്റും പറഞ്ഞ് പലരും ചേതനെ അധിക്ഷേപിച്ചു. ഡൽഹി കേരള ഹൗസിൽ അഡീഷനൽ റെസിഡന്റ് കമീഷണറായിരുന്നു. ഇനി കോട്ടയത്തിന്റെ 50ാം കലക്ടറാകാൻ ഒരുങ്ങുകയാണ് ഈ രാജസ്ഥാനി സ്വദേശി. ഡോ. ശാലിനി മീണയാണ് ഭാര്യ. ഹിന്ദി മീഡിയത്തിലാണ് ചേതൻ പഠിച്ചത്. ഹിന്ദി യു.പി.എസ്.സി വിജയത്തിന് തടസ്സമല്ലെന്ന് ചേതൻ തെളിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് ചേതൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.