ഒളിമ്പിക്സ് ചരിത്രത്തിലേക്ക് ജാവലിൻ എറിയാൻ തുടങ്ങുന്നതിന് മുമ്പ് നീരജ് ചോപ്ര ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുകയായിരുന്നു. പഠിക്കാനുള്ള അതീവ താൽപര്യവും ഫോൺ ആപ്പും മാത്രമായിരുന്നു ആകെയുണ്ടായിരുന്ന കൈമുതൽ. ഈ പഠനം ഇംഗ്ലീഷും കടന്ന് നീരജ് ചോപ്രയെ ജർമൻ, സ്വീഡിഷ് ഭാഷകൾ പഠിക്കുന്നതിലേക്ക് നയിച്ചു. അത്‍ലറ്റുകൾക്ക് പലപ്പോഴും ഭാഷകൾ പഠിക്കാൻ പ്രത്യേകം ട്യൂട്ടർമാരുണ്ടാകും. എന്നാൽ ട്യൂട്ടർമാരെ നീരജിന് താൽപര്യമുണ്ടായിരുന്നില്ല. അതിനു പകരം, തന്റെ പലപല കോച്ചുകളിൽ നിന്നും ടീം അംഗങ്ങളിൽ നിന്നും നീരജ് ആംഗലേയ ഭാഷ സ്വായത്തമാക്കാൻ ശ്രമിച്ചു.
പകരം ആപ്പാണ് ഇംഗ്ലീഷ് പഠിക്കാൻ നീരജ് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. 'കോച്ചുമാർ സംസാരിക്കുന്നത് നന്നായി ശ്രദ്ധിച്ചു. അതുപോലെ, സമയം കിട്ടുമ്പോൾ ആപ്പും ഉപയോഗിച്ചു'-നീരജ് പറയുന്നു.
ആശയവിനിമയത്തിന് വേണ്ടി മാത്രമായിരുന്നില്ല ഈ ഹരിയാനക്കാരൻ ഇംഗ്ലീഷ് പഠിച്ചത്. ആത്മവിശ്വാസം വർധിപ്പിക്കാൻ കൂടിയായിരുന്നു. ആദ്യഘട്ടത്തിൽ നല്ല മടിയായിരുന്നു. എന്നാൽ പരിശീലനം തുടർന്നു. സ്ഥിരമായി ചെയ്താൽ ഏതുകാര്യങ്ങളും നമുക്ക് എളുപ്പമായി തോന്നും-നീരജ് പറയുന്നു.
അന്താരാഷ്ട്ര കോച്ചുകളുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് നീരജിന് മുന്നിന് ബഹുഭാഷകളുടെ വലിയ ലോകം തുറന്നുകൊടുത്തു. ജർമൻ മുതൽ സ്വീഡിഷ് ഭാഷ വരെ അതങ്ങനെ പരന്നുകിടന്നു. അവരിൽ നിന്ന് ചില ഫ്രേസുകൾ പോലും നീരജ് പഠിച്ചെടുത്തു. എന്നാൽ ആ ശ്രമങ്ങൾ ആദ്യമൊന്നും എളുപ്പമായിരുന്നില്ല.
'ഒരിക്കൽ ഒരാളെ ഞാൻ ജർമൻ ഭാഷയിൽ അഭിസംബോധന ചെയ്ത് സംസാരം തുടങ്ങി. അയാൾ ഒഴുക്കോടെ ആ ഭാഷയിൽ മറുപടി പറഞ്ഞുതുടങ്ങിയപ്പോൾ ഞാൻ പേടിച്ച് ഇംഗ്ലീഷിലേക്ക് തന്നെ സംസാരം മാറ്റി''-നീരജ് ചോപ്ര തുടർന്നു.
ഭാഷ പഠിക്കാനുള്ള ടിപ്സുകളെ കുറിച്ച് വെറുതെ പറഞ്ഞുപോവുകയല്ല നീരജ്, വിദേശ പഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ മാതൃക പിന്തുടരാവുന്നതാണ്.
ഹരിയാനയിലെ ചെറിയൊരു ഗ്രാമമാണ് എന്റെ ജൻമദേശം. ഇന്ത്യയെ പ്രതിനിധീകരിച്ച് കായിക രംഗത്ത് മെഡൽ കൊയ്യുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. അത് സഫലീകരിക്കാൻ അക്ഷീണം പ്രയത്നിച്ചു. അതിവിടെ വരെ എത്തിനിൽക്കുന്നു. നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ, അതിനെ മനസിനുള്ളിൽ പൂട്ടി വെക്കാതെ പുറത്തെടുക്കുക. അതിൽ വിശ്വസിക്കുക. നിങ്ങൾക്കു ചുറ്റിനുമുള്ള ആളുകളെയും അതിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുക. ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതല്ല വിജയം. സ്ഥിരതയും ക്ഷമയും മറ്റുള്ളവരുടെ പിന്തുണയുമുണ്ടെങ്കിൽ നമുക്ക് അത് സ്വായത്തമാക്കാൻ സാധിക്കും-നീരജ് പറയുന്നു.
ഭാഷകൾ ബാലികേറാമലയല്ലെന്നാണ് നീരജ് ചോപ്ര നമ്മോട് പറയുന്നത്. അതൊരു പാലമാണ്.
വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ ദിവസവും പ്രയത്നിക്കണം. അത് കായികമായാലും ഭാഷാ പഠനമായാലും മറ്റെന്തായാലും ശരി....പരിശീലനം ഒരിക്കലും നിർത്താൻ പാടില്ല. 87 മീറ്റർ ജാവലിൻ എറിയുന്നതോ അല്ലെങ്കിൽ നിങ്ങളുടെ ആദ്യത്തെ പൂർണ വാചകം ഇംഗ്ലീഷിൽ പറയുന്നതോ ആകട്ടെ എല്ലാം ആരംഭിക്കുന്നത് ഒറ്റ കാര്യത്തിൽ നിന്നാണ്, പരിശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.