ആഷി ശർമ

കുട്ടിക്കാലത്ത് സിവിൽ സർവീസിനെ കുറിച്ച് കേട്ടറിവുപോലുമില്ല; മുതിർന്നപ്പോൾ ഐ.എ.എസ് നേടി പിൻതലമുറക്ക് പ്രചോദനമായി ആഷി ശർമ

മൂന്നാമത്തെ ശ്രമത്തിലാണ് ആഷി ശർമ ഐ.എ.എസുകാരിയായത്. അക്കുറി അഖിലേന്ത്യാതലത്തിൽ 12 ആയിരുന്നു റാങ്ക്. ഡൽഹിയിലാണ് ആഷി ജനിച്ചതും വളർന്നതുമെല്ലാം. നോയ്ഡയിലെ എ.പി.ജെ സ്കൂളിലായിരുന്നു ആദ്യകാല പഠനം. പ്ലസ്ടു പഠനത്തിനുശേഷം ഭോപാലിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ ബിരുദം നേടി. ആർക്കിടെക്ചർ മേഖലയിൽ ജോലി ചെയ്യാനായിരുന്നു ആഷിക്ക് താൽപര്യം. എന്നാൽ സിവിൽ സർവീസിന് ശ്രമിച്ചുനോക്കാമെന്നും കരുതി. അങ്ങനെയാണ് ആഷി ശർമയുടെ യു.പി.എസ്.സി യാത്ര തുടങ്ങുന്നത്. എന്നാൽ വിജയം അത്ര എളുപ്പമായിരുന്നില്ല.

2022ലാണ് ആഷി ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്രിലിമിനറി പരീക്ഷയോടെ അവസാനിച്ചു ആ ശ്രമം. നേരിയ വ്യത്യാസത്തിലാണ് പുറത്തായത്. 2023ൽ എഴുതിയപ്പോൾ മെയിൻസ് വരെയെത്തി. രണ്ടുതവണ പരാജയമറിഞ്ഞുവെങ്കിലും വിജയിക്കുന്നത് വരെ ശ്രമിക്കുമെന്ന് ആഷി പ്രതിജ്ഞയെടുത്തു. ഒടുവിൽ മൂന്നാംശ്രമത്തിൽ മികച്ച റാങ്ക് നേടി സ്വപ്നം കണ്ട കരിയർ സ്വന്തമാക്കാൻ ആഷിക്ക് കഴിഞ്ഞു. 2024ലായിരുന്നു അത്. അത്തവണ 1025 മാർക്കാണ് ലഭിച്ചത്.

കുട്ടിക്കാലത്ത് ഒരാൾ പോലും യു.പി.എസ്.സി പരീക്ഷയെ കുറിച്ച് പറയുന്നത് ആഷി കേട്ടിട്ടില്ല. ആർക്കും അതെ കുറിച്ച് അറിയില്ല എന്നതായിരുന്നു വാസ്തവം. എന്നാൽ സിവിൽ സർവീസ് നേടിയാൽ, അത് വളർന്നു വരുന്ന തലമുറക്ക് കൂടി പ്രചോദനമാവുമെന്ന് ആഷി കരുതി. മാതാപിതാക്കൾ എല്ലാ പ്രോത്സാഹനങ്ങളും നൽകി ഒപ്പംനിൽക്കുകയും ചെയ്തു.

സ്ഥിരതയും സ്വയം വിലയിരുത്തി പഠിച്ചതുമാണ് ആഷിയുടെ വിജയത്തിന്റെ ചവിട്ടുപടി. നിരന്തരമുള്ള മോക് ടെസ്റ്റുകളിലൂടെ കൂടുതൽ മെച്ചപ്പെടാനുള്ള മേഖലകൾ എവിടെയാണെന്നും മനസിലാക്കാൻ സാധിച്ചു.

കറന്റ് അഫയേഴ്സ് വിശദമായി പഠിക്കുന്ന രീതിയായിരുന്നു. മോക്ടെസ്റ്റുകൾ കൂടുതൽ എണ്ണം ചെയ്യുന്നതല്ല, ആഴത്തിൽ മനസിൽ പതിയുന്ന രീതിയിലുള്ള പഠനത്തിനായിരുന്നു ഫോക്കസ് ചെയ്തത്. പത്രവായനക്ക് വലിയ പ്രാധാന്യം നൽകി.

ആദ്യഘട്ടത്തിൽ ടൈം മാനേജ്മെന്റ് വലിയ വെല്ലുവിളിയായിരുന്നു. ജനറൽ, ഓപ്ഷണൽ വിഷയങ്ങൾക്കും പ്രത്യേകം പരിശീലനമുണ്ടായിരുന്നു. പത്രങ്ങൾ വായിക്കുന്നതിനും ഗൃഹപാഠങ്ങൾ ചെയ്യാനും അധികസമയം മാറ്റിവെച്ചു. ഇതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞതോടെ കാര്യങ്ങൾ കൃത്യമായി നടന്നു. തനിക്കായി പോലും സമയം കണ്ടെത്താൻ ആഷിക്ക് കഴിഞ്ഞു.

യു.പി.എസ്.സി പരീക്ഷയുടെ വെല്ലുവിളികളെ കുറിച്ച് ആഷിക്ക് നന്നായി അറിയാം. കഠിനമായ ആ യാ​ത്രക്കിടെ ഇടവേളകൾ പ്രധാനമാണ്. ആ സമയത്ത് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കണമെന്നാണ് ആഷിക്ക് പറയാനുള്ളത്.

Tags:    
News Summary - Meet woman, who studied 8 hours a day to fulfill IAS dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.