ന്യൂഡൽഹി: സൈക്കോളജി, ഹെല്‍ത്ത് കെയര്‍, അനുബന്ധ കോഴ്‌സുകള്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് (ഒ.ഡി.എല്‍) വഴിയോ ഓണ്‍ലൈന്‍ ആയോ നല്‍കുന്നതില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.ജി.സി. പ്രൊഫഷണല്‍, പ്രാക്ടീസ് അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരം നിലനിര്‍ത്താനാണ് ഈ നടപടി. പുതിയ നിര്‍ദേശം 2025 ജൂലൈ-ആഗസ്റ്റ് അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. 2025 അധ്യയന വര്‍ഷം മുതലുള്ള കാലയളവില്‍, ഈ പ്രോഗ്രാമുകള്‍ ഒ.ഡി.എല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ മോഡില്‍ നല്‍കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന് കമീഷന്‍ വ്യക്തമാക്കി.
'2025 ജൂലൈ-ആഗസ്റ്റ് അധ്യയന വര്‍ഷം മുതല്‍ നാഷണൽ കമീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) ആക്ട്, 2021ല്‍ ഉള്‍പ്പെടുന്ന സൈക്കോളജി ഉള്‍പ്പെടെയുള്ള ഏതെങ്കിലും അലൈഡ്, ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്, ഓണ്‍ലൈന്‍ മോഡില്‍ നല്‍കാന്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. ഇത്തരം പ്രോഗ്രാമുകള്‍ നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള അംഗീകാരം യു.ജി.സി പിന്‍വലിക്കും'യു.ജി.സി സെക്രട്ടറി മനീഷ് ജോഷി വ്യക്തമാക്കി.
2025 ഏപ്രിലില്‍ നടന്ന 24-ാമത് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ ശിപാര്‍ശകളെ തുടര്‍ന്നാണ് ഈ തീരുമാനം. അടുത്തിടെ നടന്ന യു.ജി.സി കമീഷന്‍ യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. പ്രായോഗിക പഠനവും പ്രൊഫഷണല്‍ എക്‌സ്‌പോഷറും ആവശ്യമുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനിലോ വിദൂര പഠനത്തിലൂടെയോ ഫലപ്രദമായി പഠിപ്പിക്കാന്‍ കഴിയില്ലെന്ന് കമീഷന്‍ വ്യക്തമാക്കി.
ബാച്ചിലർ ഓഫ് ആർട്സ് (ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡ്യൂട്ടിസ്, സംസ്കൃതം, സൈക്കോളജി, ജിയോഗ്രഫി, സോഷ്യോളജി, വുമൺ സ്റ്റഡീസ്) പോലുള്ള ഒന്നിലധികം സ്പെഷ്യലൈസേഷനുകളുള്ള പ്രോഗ്രാമുകളുടെ കാര്യത്തിൽ, 2021 ലെ NCAHP ആക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്പെഷ്യലൈസേഷനുകൾ മാത്രമേ പിൻവലിക്കൂ എന്നും മനീഷ് ജോഷി വ്യക്തമാക്കി. ഓൺലൈൻ അല്ലെങ്കിൽ വിദൂര മോഡ് വഴി ഈ കോഴ്സുകളിൽ ചേരാൻ മുമ്പ് പരിഗണിച്ചിരുന്ന ആയിരക്കണക്കിന് വിദ്യാർഥികളെ ഈ നിർദേശം ബാധിക്കാൻ സാധ്യതയുണ്ട്. പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി സർവകലാശാലകളും സ്ഥാപനങ്ങളും അവരുടെ ഓഫറുകൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്.
എന്‍ജിനീയറിങ്, മെഡിസിന്‍, ഡെന്റല്‍, ഫാര്‍മസി, നഴ്‌സിങ്, ഫിസിയോതെറാപ്പി, ആര്‍ക്കിടെക്ചര്‍, അപ്ലൈഡ് ആര്‍ട്‌സ്, പാരാമെഡിക്കല്‍ സയന്‍സസ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, കാറ്ററിങ് ടെക്‌നോളജി, വിഷ്വല്‍ ആര്‍ട്‌സ്, നിയമം എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍, പ്രാക്ടീസ് അധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഒ.ഡി.എല്‍, ഓണ്‍ലൈന്‍ ഫോര്‍മാറ്റുകളില്‍ യു.ജി.സി ഇതിനകം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.