തിരുവനന്തപുരം: നിർമിത ബുദ്ധി, റോബോട്ടിക്സ്, ഫാക്ട് ചെക്കിങ് എന്നിവക്കു പിന്നാലെ ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് (എ.വി.ജി.സി) സാങ്കതികവിദ്യകളും കുട്ടികൾക്ക് പഠിക്കാൻ കേരളം അവസരമൊരുക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വർഷം പുറത്തിറക്കിയ എ.വി.ജി.സി - എക്സ്.ആര് (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി കൈറ്റ് തയാറാക്കിയ ഐ.സി.ടി പാഠപുസ്തകങ്ങളിലാണ് എ.വി.ജി.സി ഉള്ളടക്കം പഠിക്കാന്‍ അവസരം നല്‍കുന്നത്. രാജ്യത്താദ്യമായാണ് മുഴുവന്‍ കുട്ടികള്‍ക്കുമായി ഇത്തരമൊരു അവസരം ഒരുക്കുന്നത്.
മൂന്നാം ക്ലാസിലെ ‘പാട്ടുപെട്ടി’ എന്ന അധ്യായത്തിൽ സംഗീത സ്വരങ്ങള്‍ കേട്ട് ട്രയല്‍ ആൻഡ് എറര്‍ രീതിയില്‍ അടിസ്ഥാന സ്വരങ്ങള്‍ തിരിച്ചറിയാനാകും. നാലാം ക്ലാസിൽ ‘പിയാനോ വായിക്കാം’, ‘ഉത്സവമേളം’ അധ്യായങ്ങളിലൂടെ വിദ്യാർഥികൾക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്താം. ‘കളിപ്പെട്ടി’യിൽ എജുടെയിന്‍മെന്റ് രീതിയില്‍ ഗെയിം കളിക്കും പോലെയാണ് പഠിക്കുന്നത്.
ഒമ്നിടെക്സ്, ജികോംപ്രിസ്, മ്യൂസ്കോര്‍, ഒഡാസിറ്റി എന്നീ സ്വതന്ത്ര സോഫ്റ്റ്വെയറുകള്ക്ക് പുറമെ കൈറ്റ് തയാറാക്കിയ ‘താളം’ സോഫ്റ്റ്വെയറും ഇതിനായി ഉപയോഗിക്കുന്നു. എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വന്തമായി ഒരു ആനിമേഷന്‍ സിനിമക്ക് പശ്ചാത്തല സംഗീതം നല്കി ഡിജിറ്റല്‍ സംഗീതത്തിന്റെ സാധ്യതകള്‍ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷനായ എല്‍.എം.എം.എസ് സോഫ്റ്റ്വെയറിലൂടെ പ്രയോഗിക്കാനവസരം ലഭിക്കും. അപ്പര്‍ പ്രൈമറി തലത്തില്‍ ആനിമേഷന്‍ സാങ്കേതികവിദ്യ പ്രാഥമികമായി പരിചയപ്പെടുകയും പത്താം ക്ലാസിലെത്തുന്നതോടെ ആനിമേഷന്‍ ഉള്ളടക്ക നിര്‍മാണത്തിന് അവസരം നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് ഐ.സി.ടി പാഠപുസ്തകങ്ങള്‍. ആറാം ക്ലാസില്‍ ‘വരക്കാം ചലിപ്പിക്കാ’മിലൂടെ ‘പെന്‍സില്‍ 2ഡി’ എന്ന സോഫ്റ്റ്വെയറിലൂടെ പന്തിന്റെയും കാറിന്റെയും ചലനങ്ങള്‍ തയാറാക്കിക്കൊണ്ടാണ് ആനിമേഷന്‍ പഠനം ആരംഭിക്കുന്നത്.
പത്താം ക്ലാസിലെ ‘ചിത്രങ്ങള്‍ക്ക് ജീവന് പകരാം’ എന്ന അധ്യായത്തില്‍ ഓപണ്‍ ടൂണ്‍സ് സോഫ്റ്റ്വെയര് ഉപയോഗിച്ച് സ്റ്റോറി ബോര്‍ഡ് തയാറാക്കല്‍, കഥാപാത്രങ്ങളുടെ രൂപകൽപന, കീഫ്രെയിം, ട്വീനിങ്, ആനിമേഷന്‍ നിര്‍മാണം തുടങ്ങിയവ കുട്ടികള്‍ പരിചയപ്പെടുന്നു. കോഡിങ്ങിന്റെ തുടര്‍ച്ചയായാണ് നിര്‍മിതബുദ്ധിയും കോമിക്സ്-ഗെയിം നിര്‍മാണവുമെല്ലാം ഉള്‍പ്പെടുത്തിയത്. മൂന്നാം ക്ലാസ് വരെ ലോജിക്കൽ ഗെയിമിങ് കളിച്ച് പ്രോഗ്രാമിങ്ങിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചെയ്യും. ഒമ്പത്, പത്ത് ക്ലാസുകളില്‍ പൈത്തണ്‍ പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് ആഴത്തിലുള്ള പ്രോഗ്രാമിങ് പഠനത്തിനും കുട്ടികള്‍ക്ക് അവസരം ലഭിക്കും.
സാങ്കേതിക ശേഷികള്‍ ആര്‍ജിക്കാനും തൊഴില്‍ നൈപുണി വളര്‍ത്താനും ലക്ഷ്യമിട്ടാണ് ഐ.സി.ടി പാഠപുസ്തകങ്ങള്‍ തയാറാക്കിയതെന്ന് പാഠപുസ്തക രചന സമിതി ചെയര്‍മാനും കൈറ്റ് സി.ഇ.ഒ.യുമായ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളില്‍ തയാറാക്കിയ എട്ട്, ഒമ്പത്, പത്ത് പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും ഓണാവധിക്ക് ശേഷം കുട്ടികളുടെ കൈയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.