ന്യൂഡൽഹി: സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് സംവരണം നൽകുന്നതിനായി നിയമനിർമാണം നടത്തണമെന്ന് പാർലമെന്ററി പാനൽ സർക്കാറിനോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് രാജ്യസഭാംഗം ദിഗ്‌വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, പ്രവേശനത്തിൽ പട്ടികജാതിക്കാർക്ക് 15 ശതമാനം, പട്ടികവർഗക്കാർക്ക് 7.5 ശതമാനം, ഒ.ബി.സികൾക്ക് 27 ശതമാനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം എന്നിങ്ങനെ സംവരണം നടപ്പിലാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന്, സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് നൽകണമെന്ന് ശുപാർശ ചെയ്തു.
‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ സംവരണ നയങ്ങൾ നടപ്പിലാക്കാൻ നിയമപരമായി ബാധ്യസ്ഥരല്ല. കാരണം അങ്ങനെ ചെയ്യാൻ അവരെ നിർബന്ധിക്കുന്ന ഒരു നിയമവുമില്ല. അതിനാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 15(5) പാർലമെന്റ് നിയമനിമാണത്തിലൂടെ രാജ്യമെമ്പാടും പൂർണ്ണമായി നടപ്പിലാക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്യുന്നു’- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥയെക്കുറിച്ചുള്ള അതിന്റെ റിപ്പോർട്ടിൽ കമ്മിറ്റി പറഞ്ഞു.
സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന ഫീസ് ഈടാക്കുന്നുണ്ടെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി സർക്കാർ ഫീസിന്റെ 25 ശതമാനം തിരികെ നൽകണമെന്നും കമ്മിറ്റി നിർദേശിച്ചു.
ബിറ്റ്സ് പിലാനി, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, ശിവ് നാടാർ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളിലെ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളുടെ അനുപാതം അവരുടെ ജനസംഖ്യാ വിഹിതത്തേക്കാളോ ക്വാട്ട വ്യവസ്ഥകളേക്കാളോ വളരെ കുറവാണെന്നും കമ്മിറ്റി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.