തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ തെറ്റായ പരാമർശങ്ങളടങ്ങിയ കൈപ്പുസ്തകം തയാറാക്കിയ പുസ്തക രചന സമിതി അംഗങ്ങളെ ഡീബാർ ചെയ്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി ഉത്തരവിറക്കി.
പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായതോടെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. മൂന്ന് റിട്ട. കോളജ് അധ്യാപകർ, രണ്ട് റിട്ട. ഡയറ്റ് അധ്യാപകർ, ആറ് സ്കൂൾ അധ്യാപകർ ഉൾപ്പെടെ 11 പേർക്കാണ് വിലക്കേർപ്പെടുത്തിയത്. മറ്റ് അക്കാദമിക പ്രവർത്തനങ്ങളിൽനിന്നും ഇവരെ വിലക്കി.
ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്നാണ് സുഭാഷ് ചന്ദ്രബോസ് ജർമനിയിലേക്ക് പലായനം ചെയ്തതെന്നായിരുന്നു നാലാം ക്ലാസിലെ പരിഷ്കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ പറഞ്ഞിരുന്നത്. ഇത് ചരിത്രവസ്തുതകൾക്ക് വിരുദ്ധമാണെന്ന് വിമർശനമുയർന്നതോടെ ഈ ഭാഗം നീക്കം ചെയ്തിരുന്നു.
വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ തിരുത്തൽ വരുത്താനും ചരിത്രപരമായ വസ്തുതകൾ ചേർത്ത് മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്നും നിർദേശം നൽകിയതായി മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. തിരുത്തൽ വരുത്തിയ പാഠഭാഗം ഇപ്പോൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല സംസ്ഥാന സർക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.