കുട്ടികളുടെ സർഗ്ഗാത്മകത വർധിപ്പിക്കാൻ ‘സ്വയം’; സൗജന്യ എ.ഐ കോഴ്‌സുകളുമായി വിദ്യാഭ്യാസ മന്ത്രാലയം

എ.ഐയുടെ വർധിച്ചുവരുന്ന ആവശ്യകതക്കനുസരിച്ച് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എ.ഐ കോഴ്‌സുകളുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്വയം (SWAYAM) പോര്‍ട്ടലിലാണ് സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കോഴ്സുകള്‍ ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ സ്വയം പ്ലാറ്റ്ഫോം സ്‌കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ ഓണ്‍ലൈന്‍ പഠനാവസരങ്ങള്‍ നല്‍കുന്നു. ഇത് എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. വിവിധ വ്യവസായങ്ങളില്‍ എ.ഐയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം എന്നിവയിലെ ഭാവി തൊഴിലുകള്‍ക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനാണ് ഈ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://swayam.gov.in/

സ്വയം പോര്‍ട്ടലില്‍ ലഭ്യമായ അഞ്ച് സൗജന്യ എ.ഐ കോഴ്സുകള്‍

1. എ.ഐ/എം.എല്‍ യൂസിങ് പൈത്തണ്‍

ഈ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും അടിസ്ഥാനകാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, ലീനിയര്‍ ആള്‍ജിബ്ര, ഓപ്റ്റിമൈസേഷന്‍, ഡാറ്റാ വിഷ്വലൈസേഷന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡാറ്റാ സയന്‍സില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷകളിലൊന്നായ പൈത്തണും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സിന്റെ അവസാനം സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തലും ഉണ്ട്.

2. ക്രിക്കറ്റ് അനലിറ്റിക്‌സ് വിത്ത് എ.ഐ

ഐ.ഐ.ടി മദ്രാസിലെ അധ്യാപകര്‍ നേരിട്ട് രൂപകല്‍പ്പന ചെയ്ത് പഠിപ്പിക്കുന്ന പദ്ധതിയാണിത്. പൈത്തണ്‍ ഉപയോഗിച്ച് സ്‌പോര്‍ട്‌സ് അനലിറ്റിക്‌സിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നു. 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമാണിത്.

3. എ.ഐ ഇന്‍ ഫിസിക്‌സ്

യഥാര്‍ത്ഥ ഭൗതികശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മെഷീന്‍ ലേണിങ്ങിനും ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും എങ്ങനെ കഴിയുമെന്ന് എ.ഐ ഇന്‍ ഫിസിക്‌സ് വിശദീകരിക്കുന്നത്. 45 മണിക്കൂർ ദൈര്‍ഘ്യമുള്ള ഈ കോഴ്സിൽ ഇന്ററാക്ടീവ് സെഷനുകള്‍, പ്രായോഗിക ഉദാഹരണങ്ങള്‍, ഹാന്‍ഡ്സ്-ഓണ്‍ ലാബ് വര്‍ക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

4. എ.ഐ ഇന്‍ അക്കൗണ്ടിങ്

കൊമേഴ്സ്, മാനേജ്മെന്റ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം അക്കൗണ്ടിങ്ങിൽ എ.ഐ എങ്ങനെ പ്രയോഗിക്കാമെന്ന് വിശദീകരിക്കുന്നു. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സ് കഴിഞ്ഞാൽ സര്‍ട്ടിഫിക്കറ്റും നൽകുന്നതാണ്.

5. എ.ഐ ഇന്‍ കെമിസ്ട്രി

യഥാര്‍ത്ഥ കെമിക്കല്‍ ഡാറ്റാസെറ്റുകള്‍ ഉപയോഗിച്ച് തന്മാത്രാ ഗുണങ്ങള്‍ പ്രവചിക്കാനും, രാസപ്രവര്‍ത്തനങ്ങള്‍ മോഡല്‍ ചെയ്യാനും, മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യാനും മറ്റും എ.ഐയും പൈത്തണും എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്‌സ് പഠിപ്പിക്കുന്നു. ഐ.ഐ.ടി മദ്രാസ് വാഗ്ദാനം ചെയ്യുന്ന ഈ കോഴ്സിന്റെ ദൈര്‍ഘ്യം 45 മണിക്കൂറാണ്.

Tags:    
News Summary - Ministry of Education launches free AI courses to boost children's creativity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.