തിരുവനന്തപുരം: സർക്കാർ/സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഫാര്‍മസി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റിനും ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റിനും ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ചുവരെ പുതുതായി ഓപ്ഷൻ സമർപ്പിക്കാം. 23ന് താൽക്കാലിക അലോട്ട്മെന്റും 25ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in
26 മുതൽ 30 വൈകിട്ട് നാലു മണി വരെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുക പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈനിൽ അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടാം. പ്രവേശന സമയത്ത് ബാക്കി ട്യൂഷൻ ഫീസ്, ഡിപ്പോസിറ്റ് (ബാധകമെങ്കിൽ), മറ്റ് ഫീസുകൾ കോളജിൽ ഒടുക്കേണ്ടതാണ്.
വാർഷിക ഫീസ് ഘടന (ഫാർമസി): സർക്കാർ ഫാർമസി കോളജുകളിൽ 17,370 രൂപ. സ്വാശ്രയ ഫാർമസി കോളജുകളിൽ ട്യൂഷൻ ഫീസ് 1,14,268 രൂപ, സ്പെഷൽ ഫീസ് 43,848 രൂപ. അലോട്ട്മെന്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനകം പ്രവേശനം നേടിയില്ലെങ്കിൽ മുൻഘട്ടത്തിലെയും ഈ ഘട്ടത്തിലെയും അലോട്ട്മെന്റുകൾ റദ്ദാകുന്നതാണ്.
ബി.ടെക് സ്ട്രേ വേക്കൻസി; ഓപ്ഷൻ സമർപ്പണം 22 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ മൂന്ന് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി പ്രവേശന പരീക്ഷാ കമീഷണർ ഓൺലൈനായി പ്രത്യേക സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തുന്നു. ഇതിനായി ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ച് വരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വഴി പുതുതായി ഓപ്ഷനുകൾ സമർപ്പിക്കാം.
23ന് താൽക്കാലിക അലോട്ട്മെന്റും 25ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. 26 മുതൽ 30 വരെ കോളജുകളിൽ പ്രവേശനം നേടാം. ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്: 2000 രൂപ.ആർക്കിടെക്ചർ, എൻജിനീയറിങ് കോഴ്സുകളിലേക്ക് പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവരും മുൻഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവരും ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് പ്രവേശന പരീക്ഷാ കമീഷണർക്ക് അടക്കേണ്ടതാണ്.
വിവിധ കാരണങ്ങളാൽ ഫലം തടഞ്ഞുവെച്ച വിദ്യാർഥികൾക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ സമർപ്പിക്കാം. എന്നാൽ 22 വൈകിട്ട് 3 മണിക്ക് മുമ്പ് ന്യൂനതകൾ പരിഹരിക്കാത്തപക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.