കാഷെ മെറിൽ
2009ലാണ് കാഷെ മെറിൽ സിബ്ടെക് എന്ന സോഫ്റ്റ് വെയർ ഡെവലപ്മെന്റ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. കുറച്ചേറെ കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു കാഷെ മെറിൽ തന്റെ കമ്പനി തുടങ്ങിയത്. ഒന്നും നാലും ഏഴും വയസ് പ്രായമുള്ള മൂന്നു കുഞ്ഞുകുട്ടികളുണ്ടായിരുന്നു ആ സമയത്ത് അദ്ദേഹത്തിന്. അതൊന്നും സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്ന കാഷെ മെറിലിന്റെ ആഗ്രഹത്തിന് തടസ്സമായി നിന്നില്ല.
ലോകത്തെ പല സ്റ്റാർട്ടപ്പ് സംരംഭകരെയും പോലെ ആഴ്ചയിൽ 60ഉം 70 ഉം മണിക്കൂറുകൾ കഷ്ടപ്പെട്ട് പണിയെടുത്താണ് അദ്ദേഹം തന്റെ കമ്പനി തുടങ്ങിയത്. ഉറങ്ങാതെ രാത്രികൾ പോലും പണിയെടുത്തു. ഭക്ഷണം കഴിക്കാനായി മാത്രം കസേരയിൽ നിന്ന് എഴുന്നേൽക്കും. ഇങ്ങനെ പോയിക്കൊണ്ടിരുന്ന ജീവിത രീതിയിൽ ഏറെ വൈകിയാണെങ്കിലും കാഷെ മെറിൽ ചില ചിട്ടകൾ കൊണ്ടുവന്നു.
ക്ലയൻറുകളുടെയും നിക്ഷേപകരുടെയും സമ്മർദമല്ല, സ്വന്തം കുഞ്ഞിന്റെ ഒറ്റച്ചോദ്യമാണ് തന്റെ ജീവിത രീതിയിൽ മാറ്റം വരുത്താൻ കാഷെ മെറിലിനെ പ്രേരിപ്പിച്ചത്. ''ഡാഡീ നിങ്ങൾ എന്തുകൊണ്ട് ഞങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നില്ല''-എന്ന കുഞ്ഞിന്റെ ചോദ്യമാണ് കാഷെയെ മാറാൻ പ്രേരിപ്പിച്ചത്.
കുഞ്ഞുങ്ങളുമായുള്ള ബന്ധം നഷ്ടമായതിനെ കുറിച്ച്, എന്തിന് അവരുമായുള്ള കൊച്ചുകൊച്ചു സംഭാഷണങ്ങൾ പോലും ഇല്ലാതായതിന്റെ നഷ്ടങ്ങളെയും കുറിച്ച് ഒരിക്കൽ കാഷെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അവരുടെ ഉറക്ക സമയത്ത് കാഷെ ജോലി ചെയ്യുകയായിരിക്കും. ഉറക്കാനായി ഒരിക്കൽ പോലും അവർക്ക് കഥകൾ പറഞ്ഞുകൊടുത്തിട്ടില്ല. പരീക്ഷകളിൽ കിട്ടിയ മാർക്കുകളെ കുറിച്ച് ചോദിച്ചിട്ടേ ഉണ്ടായിരുന്നില്ല. എന്തിന് സുഖമാണോ എന്ന രീതിയിലുള്ള ചോദ്യം പോലും ചോദിക്കാറുണ്ടായിരുന്നില്ല. തന്റെ ജീവിത പങ്കാളി ഇതെ കുറിച്ചൊക്കെ നന്നായി മനസിലാക്കുമ്പോഴും, കുട്ടികൾക്കുണ്ടായിരുന്ന ഈ നിരാശ ബിസിനസിലുണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടത്തേക്കാളും ആഴത്തിൽ മുറിവേൽപിച്ചതായി അദ്ദേഹം സമ്മതിക്കുകയുണ്ടായി. പതിയെ കുറ്റബോധം വേട്ടയാടിത്തുടങ്ങി.
ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്നത് ഒട്ടും അധികമല്ല എന്ന് യു.എസ് ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനിയുടെ സ്ഥാപകയായ നേഹ സുരേഷിനെ പോലുള്ളവർ അഭിപ്രായപ്പെടുമ്പോഴാണ് സ്റ്റാർട്ടപ്പ് പോലുള്ള സംസ്കാരം വ്യക്തിജീവിതത്തിൽ ഉണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ച് കാഷെ തുറന്നത് പറയുന്നത്. അത്രയും മണിക്കൂറുകൾ വേണ്ടതുണ്ടോ എന്ന മറുചോദ്യമാണ് തിരിച്ചറിവ് വന്നപ്പോൾ കാഷെ ഉന്നയിക്കുന്നത്. പ്രത്യേകിച്ച് തന്നെ പൊതിഞ്ഞുനിൽക്കുന്ന സ്നേഹബന്ധങ്ങളുടെ വലയങ്ങൾ ഇല്ലാതാകുന്ന എന്ന അവസരം വരുമ്പോൾ...
ക്രമേണ കാഷെ തന്റെ ജോലി സമയത്തിൽ ചില നിർബന്ധിത മാറ്റങ്ങൾ വരുത്താൻ തുടങ്ങി. കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ നോക്കാതെയായി. പകരം കുട്ടികൾക്കൊപ്പം കളിക്കാൻ കൂടി. തൊഴിലും ജീവിതവും തമ്മിലുള്ള ബാലൻസ് മാത്രമായിരുന്നില്ല, അതിലെ സുസ്ഥിരതയായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതായത് വീടും കുടുംബവും എപ്പോഴും വേണമെന്നത്.
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയാണ് ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യുന്നത് വലിയ കാര്യമൊന്നുമല്ലെന്ന ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അതിനെ പിന്താങ്ങാൻ നേഹ സുരേഷിനെ പോലുള്ളവരുമുണ്ടായി.
ഇപ്പോൾ 40കളുടെ അവസാനത്തിലാണ് കാഷെ. ഇപ്പോഴും അദ്ദേഹം മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. എന്നാലതിന് കൃത്യമായ ഇടവേളകൾ കൊടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളും വളർന്ന് വലുതായി. ഉറങ്ങാൻ നേരത്ത് അവർക്ക് കഥ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇപ്പോഴില്ല. ആഗ്രഹിച്ച സമയത്ത് അവർക്കത് കിട്ടിയിട്ടില്ല. എന്നാലും അച്ഛന്റെ സാന്നിധ്യം തന്നെ അവർ വിലമതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.