തന്റെ സർക്കാർ എല്ലാ അർഥത്തിലും 1957ലെ ഇ.എം.എസ് സർക്കാറിന്റെ തുടർച്ചയാണെന്ന് 2016 മേയ് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേദിവസംതന്നെ പ്രഖ്യാപിച്ചയാളാണ് സഖാവ് പിണറായി വിജയൻ. പോകപ്പോകെ ആ പ്രഖ്യാപനം ആവർത്തിക്കുന്നത് ഒരു ശീലവുമാക്കി അദ്ദേഹം. അതായത്, താൻ വി.എസ്. അച്യുതാനന്ദന്റെയോ ഇ.കെ. നായനാരുടെയോ പിന്തുടർച്ചക്കാരനല്ല എന്ന് സാരം. അതിനിടയിൽ സംഭവിച്ചതൊക്കെയും പോകട്ടെ. 1957ൽ തുടങ്ങിയ വിപ്ലവമാണ് പിണറായി തുടരുന്നത്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 1957ലെ വിപ്ലവകരമായ നടപടികളിൽ പ്രധാനം, വകുപ്പുകൾക്ക് ഏറ്റവും അനുയോജ്യരായ മന്ത്രിമാരെ കണ്ടെത്തുക എന്നതായിരുന്നു. നിയമജ്ഞനായ വി.ആർ. കൃഷ്ണയ്യരെ നിയമമന്ത്രിയാക്കിയതും വിദ്യാഭ്യാസ വിചക്ഷണനായ ജോസഫ് മുണ്ടശ്ശേരിയെ വിദ്യാഭ്യാസമന്ത്രിയാക്കിയതും സ്വർണമെഡലുകളോടെ ബിരുദം നേടിയ അച്യുതമേനോനെ ധനമന്ത്രിയാക്കിയതുമൊക്കെ ഉദാഹരണം. അതിലേറ്റവും തിളക്കമാർന്ന തീരുമാനം ആരോഗ്യവകുപ്പ് ഡോ. എ.ആർ. മേനോനെ ഏൽപിച്ചതാണ്. മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും ലണ്ടനിൽനിന്ന് എഫ്.ആർ.സി.പി ബിരുദവും എടുത്തശേഷം ഇംഗ്ലണ്ടിൽ 14 വർഷത്തോളം സർജനായി പ്രാക്ടീസ് ചെയ്ത ഭിഷഗ്വരനാണ് അമ്പാട്ട് രാവുണ്ണി മേനോൻ.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടുകൂടി തിരിച്ചെത്തി ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനോടൊപ്പം സാമൂഹികപ്രവർത്തനത്തിലും സജീവമായി. 1921ലെ പ്രസിദ്ധമായ തൃശൂർകലാപം ഒതുക്കിത്തീർക്കുന്നതിൽ വഹിച്ച പങ്കാണ് ഡോക്ടറെ സമൂഹത്തിൽ ജനകീയനാക്കിയത്. അതുവഴി രാഷ്ട്രീയത്തിലെത്തി. 1925 മുതൽ 1945 വരെ കൊച്ചിനിയമസഭാംഗമായി. പിന്നീട് തിരു–കൊച്ചി നിയമസഭയിലും അംഗമായി. അന്നൊക്കെ കോൺഗ്രസുകാരനായിരുന്നു. കോൺഗ്രസിൽ പനമ്പിള്ളി ഗോവിന്ദമേനോനുമായുള്ള ശത്രുത കൊടുമ്പിരിയിൽ നിൽക്കുമ്പോഴാണ് ഒന്നാം കേരളനിയമസഭയിലേക്ക് തെരഞ്ഞെടുപ്പുവന്നത്. തൃശൂരിൽ സ്വതന്ത്രനായി മത്സരിച്ചു. കെ. കരുണാകരനെ തറപറ്റിച്ചു. നിയമസഭയിൽ പിന്തുണ കമ്യൂണിസ്റ്റ് പാർട്ടിക്ക് അത്യാവശ്യമായിരുന്നു. മന്ത്രിയാക്കണം എന്നും പാർട്ടിക്ക് നിർബന്ധമായിരുന്നു. അങ്ങനെ ഡോ. എ.ആർ. മേനോൻ ഐക്യകേരളത്തിന്റെ ആദ്യ ആരോഗ്യമന്ത്രിയായി.
അന്ന്, 1957ൽ മന്ത്രിസഭക്കെതിരെയും മന്ത്രിമാർക്കെതിരെയും പലവിധ ആരോപണങ്ങളും ഉയർന്നുവന്നല്ലോ. മേനോനെതിരെ രണ്ടെണ്ണം വന്നു. മകന് ഒഡിഷയിലെ മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടിയതിൽ അഴിമതിയുണ്ട് എന്നാണൊന്ന്. ബന്ധുവായ ഡോ. എ.കെ. മേനോനെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിച്ചു എന്നതൊന്ന്. രണ്ടും തെളിയിക്കാനായില്ല. രണ്ടുപേർക്കും മെറിറ്റുണ്ടായിരുന്നു, മേനോനാകട്ടെ, മന്ത്രിയെന്ന നിലയിൽ കഴിവ് തെളിയിക്കുകയും ചെയ്തു. ആ കാലത്തിന്റെ പ്രധാന നീക്കിയിരിപ്പാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ഏതാനും മാസങ്ങൾക്കു മുമ്പാണ് പിൻഗാമിയായ (!) വീണാ ജോർജ് മേനോന്റെ അർധകായപ്രതിമ ആ മെഡിക്കൽ കോളജ് വളപ്പിൽ അനാച്ഛാദനം ചെയ്തത്. മേനോനു ശേഷം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ മന്ത്രിസഭയിൽതന്നെ ആരോഗ്യമന്ത്രിമാർ പലരും വന്നുപോയി. എല്ലാവരുടേയും പേര് ഓർത്തെടുക്കുക അത്ര എളുപ്പമല്ല. അതിന്റെ കാര്യവുമില്ല. ഓർക്കാൻ യോഗ്യരായവരെ ഓർത്തുവെക്കലാണല്ലോ കാലത്തിന്റെ നീതി.
അതനുസരിച്ച്, കേരളം ഓർത്തിരിക്കുന്ന ഒന്നാമത്തെ പേരാണ് ടീച്ചറമ്മയുടേത്. കെ.കെ. ഷൈലജ. ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രി. ആ നിലക്കുതന്നെ ലോകപ്രശസ്ത. അതിന് കാരണമായത് കോവിഡും നിപയുമാണ് എന്ന് പറയുന്നതിലൊന്നും അർഥമില്ല. മികവുതന്നെയാണ് പ്രധാനം. ഡോക്ടറായിരുന്നില്ലെങ്കിലും ഷൈലജ ടീച്ചറായിരുന്നല്ലോ. അധ്യാപകർക്ക് രണ്ട് ഗുണങ്ങളുണ്ട്. ഒന്ന്, കൈകാര്യംചെയ്യുന്ന വിഷയങ്ങൾ പഠിക്കും. രണ്ട്, പഠിച്ചുവന്ന കാര്യങ്ങൾ ഗംഭീരമായി വിശദീകരിക്കും. മുന്നിലുള്ളവരെല്ലാം വിദ്യാർഥികളാണ് എന്ന തോന്നൽകൂടി ഉണ്ടായാൽ അധ്യാപകർ എവിടെയും വിജയിക്കും. അതായത്, സിലബസനുസരിച്ച് പഠിപ്പിക്കേണ്ട കാര്യം പഠിച്ചുവന്ന ടീച്ചർ അത് വിശദീകരിച്ച് മുന്നേറുന്നതു കണ്ടാൽ മുന്നിലിരിക്കുന്ന ആർക്കും തോന്നും, ടീച്ചർ ഒരു പണ്ഡിതതന്നെയാണ് എന്ന്. മുന്നിലിരിക്കുന്നവരോട് ഇച്ചിരി പരിഗണനകൂടിയുണ്ടെങ്കിൽ ഭേഷായി. ഷൈലജ ടീച്ചർക്ക് അതുമുണ്ടായിരുന്നു.
ഏതൊരു പ്രശ്നവും അവർ വിശദീകരിക്കുന്ന വിഡിയോ ഒന്നെടുത്തു നോക്കൂ, മുന്നിൽ വാർത്തലേഖകരും, പിന്നിൽ ഡോക്ടർമാരടങ്ങുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സാകൂതം കേട്ടിരിക്കുന്ന ഒരു ക്ലാസായിട്ടാണ് അത് കാണുക. ഒരു അധ്യാപികയുടെ മികവാണവിടെ കാണുന്നത്. ആ മികവ് മന്ത്രിപ്പണിയിലേക്ക് പകരാൻ കഴിഞ്ഞതിനാൽ ക്ലിക്കായി. പരമ്പരാഗത രാഷ്ട്രീയക്കാരിയായതിനാൽ പ്രശ്നങ്ങളിലിടപെട്ട് പരിചയവുമുണ്ടല്ലോ. മൊത്തത്തിൽ ടീച്ചറമ്മയായി. ‘‘ടീച്ചറമ്മ ഉറങ്ങിയിട്ടില്ല സാർ’’ എന്ന് നിയമസഭയിൽപോലും നിലവിളിയുയർന്നു. അതങ്ങനെയൊരു കാലം. കേരളത്തിന്റെ ആരോഗ്യമന്ത്രി ആഗോളപ്രശസ്തയായി. അതിനാൽ, ടീച്ചറമ്മക്ക് ആത്മകഥപോലും ആംഗലേയത്തിലാക്കേണ്ടിവന്നു.
ഒന്നാം പിണറായി വിപ്ലവം 2021ൽ അവസാനിച്ച് ’26 വരെ തുടർവിപ്ലവത്തിന് ജനിവിധി വന്നപ്പോൾ പിണറായി ഒഴികെയുള്ള മന്ത്രിമാരെയൊക്കെ മാറ്റി. അങ്ങനെ ആരോഗ്യവകുപ്പിനും പുതിയ മന്ത്രിയെത്തി. ഡോക്ടറല്ല, അധ്യാപികയല്ല, രാഷ്ട്രീയക്കാരിയല്ല. തൊഴിൽപരമായി തികച്ചും ന്യൂജൻ ആണ്. ആങ്കർ. ഒന്നുരണ്ട് പതിറ്റാണ്ടായി കേരളത്തിന്റെ പൊതുമണ്ഡലത്തിന് ദിശാബോധം നൽകുന്നത് ന്യൂസ് ചാനൽ ആങ്കർമാരാണല്ലോ. ആ ജോലിയിൽ നിഷ്ണാതയാണ് രണ്ടാംപിണറായി സർക്കാറിലെ ആരോഗ്യമന്ത്രി- വീണാ ജോർജ്. മേനോനെയും ടീച്ചറമ്മയെയും പോലെ ചെയ്തുവന്ന ജോലിയിലെ മിടുക്ക് ആങ്കറമ്മക്കുമുണ്ട്. അത് അവർ പഠിച്ചെടുത്തത് സി.പി.എമ്മിന്റെ ചാനലിൽനിന്നാണെന്നതും ഓർക്കണം.
ന്യൂസ് ചാനൽ ചർച്ചകളുടെ സ്വഭാവം അറിയാമല്ലോ, നിയമസഭയിലെ ചർച്ചകൾപോലെ, പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചയല്ല ന്യൂസ് ചാനലുകളിൽ നടത്തുന്നത്. പ്രശ്നം പരമാവധി പൊലിപ്പിക്കാനും പുതിയ ദിശകളിലേക്ക് പ്രശ്നത്തെ വളർത്തിയെടുക്കാനുമാണ് ആങ്കർമാർ ശ്രമിക്കുക. ഇന്നോളം ഒരാങ്കറും സമാധാനപരമായി ചർച്ചചെയ്ത് ഒരു മണിക്കൂർകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം നിർദേശിച്ചിട്ടില്ല. പ്രശ്നം പരമാവധി മൂപ്പിച്ചെടുക്കുക എന്നതാണ് ആങ്കർമാരുടെ വിജയം. തർക്കത്തിന് മൂർച്ച കൂട്ടിയും അതിന് അതിഥികളെ േപ്രാത്സാഹിപ്പിച്ചും വേണ്ടിവന്നാൽ പ്രകോപിപ്പിച്ചും പ്രശ്നം പിറ്റേന്നും ചർച്ചചെയ്യാൻ പാകത്തിനാക്കിയെടുക്കുന്നതിലാണ് ആങ്കറുടെ മികവ്. അത് പുതിയ ജോലിയിലും വീണാ ജോർജ് പുലർത്തുന്നുണ്ട്.
വകുപ്പിലുണ്ടാകുന്ന ഒരു പ്രശ്നവും വളർത്താതെവിട്ടിട്ടില്ല. ഒരു ഡോക്ടർക്കും മന്ത്രിയേക്കാൾ മികവുണ്ടെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചിട്ടുമില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ് കണ്ടില്ലേ, എത്രകാലം വേണമെങ്കിലും ചർച്ചചെയ്യാവുന്ന പരുവത്തിൽ അത് വളർത്തിക്കൊണ്ടുപോവുന്നില്ലേ? കോട്ടയം മെഡിക്കൽ കോളജിൽ ഒരു പഴയ കെട്ടിടം തകർന്നുവീണ പ്രശ്നം എത്ര മികവോടെയാണ് വീണ സ്വന്തം വകുപ്പിന്റെ വീഴ്ചയാക്കിയെടുത്തത്. എന്നിട്ട് മന്ത്രിക്കു വീഴ്ചവന്നു എന്നൊരു തോന്നലുണ്ടായപ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് തോന്നുകയും ചെയ്തു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോ. ഹാരിസ് ചിറക്കൽ ഉന്നയിച്ച പ്രശ്നം.
തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ സർജറിക്ക് ആവശ്യത്തിന് ഉപകരണങ്ങളില്ല എന്നാണ് പരാതി. പഴയകാലത്തെ പോഴത്തക്കാരായ രാഷ്ട്രീയക്കാർ ആരെങ്കിലുമായിരുന്നു മന്ത്രിയെങ്കിൽ ഉടൻതന്നെ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, സ്ഥലം എം.എൽ.എ എന്നിവരോടൊപ്പം മെഡിക്കൽ കോളജിലെത്തും. കാര്യം അന്വേഷിക്കും. വേണമെങ്കിൽ പിറ്റേന്നൊരു യോഗംവിളിക്കും. അടിയന്തര ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പത്രക്കുറിപ്പിറക്കും. അതോടെ പ്രശ്നം പരിഹരിച്ചതായി തോന്നും. ജനമത് മറക്കും. അത് രാഷ്ട്രീയക്കാരുടെ രീതി. ടീച്ചറമ്മയുടെ ശൈലി. അതല്ലല്ലോ ആങ്കറമ്മയുടെ ശൈലി.
പ്രശ്നമുന്നയിച്ച ഡോക്ടർ പോക്കിരിയും വകുപ്പുമേധാവിയും മെഡിക്കൽ കോളജ് സൂപ്രണ്ടും ഡി.എം.ഇയും കഴിവുകെട്ടവരുമാണെന്ന് ആ ഒരൊറ്റ പ്രശ്നംകൊണ്ട് മന്ത്രി തെളിയിച്ചുതന്നില്ലേ? ഉപകരണത്തിന്റെ പേരുപോലും അറിയാത്തവരാണ് എന്ന് കാണിച്ചുതന്നില്ലേ? പ്രശ്നം പ്രശ്നമായി ബാക്കി നിൽക്കുകയും ചെയ്യുന്നില്ലേ? അടി കൈ! ഫലത്തിൽ, ഓരോ വകുപ്പിനും കാലത്തിന് അനുയോജ്യരായ മന്ത്രിമാരെ കണ്ടെത്താനുള്ള പിണറായിയുടെ മികവിനു മുന്നിൽ ഇ.എം.എസുപോലും തോറ്റില്ലേ!!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.